എം.എം. ജേക്കബ്ബ് വിടപറയുമ്പോള്‍….
text_fieldsനീണ്ട 12 വർഷം മേഘാലയാ ഗവർണർ, മൂന്നു തവണ കേന്ദ്രസഹമന്ത്രി, കേന്ദ്ര ആഭ്യന്തരസഹമന്ത്രി, രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച കോൺഗ്രസ് നേതാവ്. പി.ടി ചാക്കോയ്ക്കു ശേഷം കോട്ടയം ജില്ല കണ്ട ഏറ്റവും പ്രമുഖ രാഷ്ട്രീയ വ്യക്തിത്വം. പാലായെയും കോട്ടയത്തെയും ദേശീയ രാഷ്ട്രീയത്തിലേക്കുയര്‍ത്തി കൊണ്ടുവന്ന മഹത് വ്യക്തിത്വം – അതായിരുന്നു എം.എം ജേക്കബ്ബ്. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിലെ അപൂര്‍വ വ്യക്തിത്വമാണ് എം.എം ജേക്കബ്. 1952ല്‍ ബി.എസ്.എ.സിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ എം.എം ജേക്കബ് ദേശീയ സംസ്ഥാന തലത്തില്‍ നിരവധി സ്ഥാനങ്ങളാണ് വഹിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസിന്‍റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് വേണ്ടി ശക്തമായി നില കൊണ്ട നേതാവാണ് അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം യുവജന മുന്നേറ്റത്തിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ യുവനേതാക്കള്‍ക്ക് പോലും അവകാശപ്പെടാനാകാത്ത നിലപാടുകളിലെ കാര്‍ക്കശ്യമായിരുന്നു എം.എം ജേക്കബിന്‍റെ പ്രത്യേകത.
കോട്ടയം ജില്ലയിൽ രാമപുരം മുണ്ടയ്ക്കൽ ഉലഹന്നാൻ മാത്യു-റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് 9ന് മുണ്ടയ്ക്കൽ മാത്യു ജേക്കബ് എന്ന എം.എം ജേക്കബ് ജനിച്ചു. മഞ്ചാടിമറ്റം പ്രൈമറി സ്കൂൾ, രാമപുരം സെന്‍റ് അഗസ്റ്റിൻസ് എന്നിവിടങ്ങളിൽ സ്കൂൾ പഠനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കവേ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാൽ ഇടക്കാലത്തു പഠനം ഉപേക്ഷിക്കേണ്ടിവന്നു.
തുടർന്ന് തേവര എസ്.എച്ച് കോളജ്, മദ്രാസ് ലയോള കോളജ്, ലക്നൗ സർവകലാശാല എന്നിവിടങ്ങളിൽ പഠനം. നിയമത്തിൽ ബിരുദം, രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം, ഇൻകം ടാക്സ് ഡിപ്ലോമാ, ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സാമൂഹ്യപ്രവർത്തനത്തിൽ ഉന്നത പഠനം.
1952ൽ രാമപുരത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. കോട്ടയത്ത് അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭൂദാനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനത്തിലേക്കു കടന്നു. 1954ൽ ഭാരത് സേവക് സമാജിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ കെ.എം. മാണിക്കെതിരെ രണ്ടു തവണ മത്സരിച്ചു. 1970ൽ 374 വോട്ടിനും പിന്നീട് 10 വർഷത്തിനു ശേഷം 1980ൽ 4,566 വോട്ടിനും മാണിയോടു പരാജയപ്പെട്ടു. 1982ലും 1988ലും രാജ്യസഭാംഗമായി (1982 മുതൽ 1994 വരെ). 1986ൽ രാജ്യസഭാ ഉപാധ്യക്ഷൻ– രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയായി. രാജ്യസഭയിൽ ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. മൂന്നുതവണ കേന്ദ്രസഹമന്ത്രിയായി (1986 മുതൽ 1993 വരെ) –രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്‍ററി സഹമന്ത്രി, ജലവിഭവത്തിന്‍റെ സ്വതന്ത്രചുമതല – നരസിംഹറാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി. 1985ലും 1993ലും യു.എൻ ജനറൽ അസംബ്ലിയിൽ പ്രസംഗിച്ചു. 1993ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിലും 1994യിൽ വിയന്നയിലും നടന്ന യു.എൻ മനുഷ്യാവകാശ സമ്മേളനങ്ങളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 1994ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പിൽ കോമൺവെൽത് രാജ്യങ്ങളുടെ നീരീക്ഷകനായിരുന്നു.
1995 മുതൽ 2007 വരെ മേഘാലയ ഗവർണറായിരുന്നു. (1995ൽ നിയമിതനായി. 2000-ൽ വാജ്പേയി സർക്കാർ പുനർനിയമനം നൽകി. 2005 മുതൽ 2007 വരെ കാലാവധി നീട്ടി. 1984ൽ സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മറ്റിയുടെയും 93–94ൽ ആഭ്യന്തര മന്ത്രാലയ സ്റ്റാൻഡിങ് കമ്മിറ്റിയുടെയും ചെയർമാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി, ട്രഷറർ, എ.ഐ.സി.സി അംഗം, കോൺഗ്രസ് ദേശിയ ജനറൽ സെക്രട്ടറി, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയർമാൻ, റബർ മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡന്‍റ്, പ്ലാന്‍റേഷൻ കോർപറേഷൻ ചെയർമാൻ തുടങ്ങിയ പദവികളൊക്കെ വഹിച്ചിട്ടുണ്ട്. വീക്ഷണം പത്രത്തിന്‍റെ മാനേജിങ് ഡയറക്ടറും തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന കോൺഗ്രസ് റിവ്യൂ എന്ന ദ്വൈവാരികയുടെ പത്രാധിപരും ആയിരുന്നു.
അൻപതുകളുടെ ആദ്യ കാലത്ത് ഇദ്ദേഹം രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോൾ ഇദ്ദേഹം ഇതിനോട് ചേർന്ന് പ്രവർത്തിക്കാനാരംഭിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇതു സംബന്ധിച്ച പരിശീലന പരിപാടികൾ ഇദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി. ഇദ്ദേഹം 1954ൽ ഭാരത് സേവക് സമാജിൽ ചേർന്നു. ഇതൊരു രാഷ്ട്രീയ രഹിത വോളണ്ടറി സംഘടനയായിരുന്നു. ജവഹർലാൽ നെഹ്രുവായിരുന്നു ഇതിന്‍റെ പ്രസിഡന്‍റ്. കേന്ദ്രമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയായിരുന്നു ചെയർമാൻ. ഇന്ത്യയുടെ ആസൂത്രിത വികസനത്തിൽ പൊതുപങ്കാളിത്തം ഉറപ്പു വരുത്തുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. വോളണ്ടിയർമാരെയും കാമ്പ് ലീഡർമാരെയും പരിശീലിപ്പിക്കുന്ന ജോലിയായിരുന്നു ഇദ്ദേഹം ചെയ്തത്. 1957ൽ കളമശ്ശേരിയിൽ വർക്ക് ആൻഡ് ഓറിയന്‍റേഷൻ സെന്‍റർ എന്ന പദ്ധതിയിൽ ട്രെയിനിങ് സൂപ്പർവൈസറായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
ലോക് കാര്യ ക്ഷേത്ര, നഗര സാമൂഹികക്ഷേമ പ്രസ്ഥാനങ്ങൾ, ചേരിയിൽ സേവനം നടത്തുന്ന കേന്ദ്രങ്ങൾ, രാത്രി താവളങ്ങൾ എന്നിങ്ങനെ പല പദ്ധതികളിലും ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്. ഭാരത് സേവക് സമാജിന്റെ ഭാഗമായി യുനസ്കോ എന്ന സംഘടനയോടും ഇദ്ദേഹം ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ശ്രീലങ്കയിലും ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. തിരുവനന്തപുരത്തുനടന്ന ഗാന്ധി സെന്റിനറി നാഷണൽ ഇന്റഗ്രേഷൻ ഇന്റർ യൂണിവേഴ്സിറ്റി ക്യാമ്പിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. തേവരയിലെയും പിന്നീട് രാജഗിരിയിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്ക് എന്ന പരിശീലനസ്ഥാപനത്തിൽ ഇദ്ദേഹം അതിഥിയായി ക്ലാസുകളെടുത്തിട്ടുണ്ട്.
അഴിമതിക്കെതിരായി പ്രവർത്തിക്കുന്ന സദാചാർ സമിതിയുടെ കൺവീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സമിതി കേരളത്തിലെ എല്ലാ ജില്ലകളിലും ശാഖകൾ അക്കാലത്ത് തുടങ്ങുകയുണ്ടായി. 1975 മുതൽ 1981 വരെ ഇദ്ദേഹം കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷന്‍റെ പ്രസിഡന്‍റായിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്കിന്‍റെ ഡയറക്റ്റർ, പാലാ റബ്ബർ മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്റ്റർ, ചിത്രലേഖ ഫിലിം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്റ്റർ, ചെയർമാൻ എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.