ഭരണവും സമരവുമായി കെജ്രിവാൾ നാലാം വർഷത്തിലേക്ക്
text_fieldsന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി സർക്കാർ മൂന്നു വർഷം പൂർത്തിയാക്കി, വ്യാഴാഴ്ച നാലാം വർഷത്തിലേക്ക്. പൂർണ സംസ്ഥാന പദവിയില്ലാത്ത ഡൽഹിയിലെ ‘ജനകീയ’ സർക്കാർ കേന്ദ്രവുമായുള്ള ഉടക്കിെൻറ അകമ്പടിയോടെയാണ് മറ്റൊരു പ്രവർത്തന വർഷത്തിലേക്ക് കടക്കുന്നത്. മൂന്നാം വാർഷികം പ്രമാണിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിൽനിന്ന് ഫോൺ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും അഭിപ്രായങ്ങൾ ശേഖരിച്ചു. സർക്കാറിെൻറ നേട്ടം ഉയർത്തിക്കാട്ടുന്ന പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു.
2014ൽ 49 ദിവസം അധികാരത്തിലിരുന്ന് കേന്ദ്രവുമായുണ്ടായ ഭിന്നതയിൽ രാജിവെച്ച കെജ്രിവാളും പാർട്ടിയും അടുത്ത തെരഞ്ഞെടുപ്പിൽ നിയമസഭയിലെ 70ൽ 67 സീറ്റും തൂത്തുവാരിയാണ് രണ്ടാംവട്ടം അധികാരത്തിലെത്തിയത്. മോദി സർക്കാറും ഗവർണറുമായി അഭിപ്രായവ്യത്യാസങ്ങളുടെ പരമ്പര പിന്നിട്ടാണ് കെജ്രിവാൾ മുന്നോട്ടുനീങ്ങുന്നത്. മുഖ്യമന്ത്രിക്ക് കിേട്ടണ്ട ഭരണഘടന പരിഗണന പോലും കിട്ടാത്ത പല സന്ദർഭങ്ങൾ ഉണ്ടായി. 20 എം.എൽ.എമാരെ ഇരട്ടപ്പദവി പ്രശ്നത്തിൽ അയോഗ്യരാക്കിയത് ഭരണത്തെ ബാധിച്ചില്ലെങ്കിലും കെജ്രിവാൾ നേരിട്ട തിരിച്ചടികളിൽ പ്രധാനമാണിത്.
മൂന്നുവർഷത്തിനിടയിൽ ജനപ്രിയ പരിപാടികൾ പലതും മുന്നോട്ടുനീക്കിയിട്ടുണ്ട്. സൗജന്യമായി വെള്ളം, വലിയ ഇളവുകളോടെ വൈദ്യുതി എന്നിവ ജനങ്ങൾക്ക് ആശ്വാസം പകർന്ന തീരുമാനങ്ങളാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ താഴെത്തട്ടിൽ വലിയമാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. 20 സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങളായി. 8000ത്തിൽപരം ക്ലാസ് മുറികൾ പുതുക്കിപ്പണിതു. ആശുപത്രികളിലെ പരിചരണ സ്വഭാവത്തിലും വൃത്തിയിലും മാറ്റം വന്നു. 160ൽപരം മൊഹല്ല ക്ലിനിക്കുകൾ ആരോഗ്യരംഗത്ത് പുതിയ രീതി സൃഷ്ടിച്ചു. മൂന്നുവർഷത്തിനിടയിൽ നഗരത്തിൽ 11 മേൽപാലങ്ങളാണ് പൂർത്തിയാക്കിയത്. എന്നാൽ, വാഗ്ദാനങ്ങളിൽ പലതും ബാക്കിയുണ്ട്. അനധികൃത കോളനികൾ നിയമവിധേയമാക്കുമെന്നും യമുന വൃത്തിയാക്കുമെന്നും ഡൽഹിയെ വൈഫൈ നഗരമാക്കുമെന്നുമൊക്കെ പറഞ്ഞിരുന്നത് നടപ്പാക്കാൻ ബാക്കിയാണ്. മലിനീകരണപ്രശ്നം തുടരുന്നു.
മോദി സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ പ്രതിപക്ഷത്തെ കരുത്തുള്ള മുഖമാണ് ഇന്ന് കെജ്രിവാൾ. വൃത്തികെട്ട രാഷ്ട്രീയത്തിെൻറ ഇരയാണ് താനെന്ന് കെജ്രിവാൾ പറയുന്നു. കെജ്രിവാളിനെയും മന്ത്രിസഭാംഗങ്ങളെയും പലവട്ടം അന്വേഷണ ഏജൻസികൾ വട്ടമിട്ടു. എന്നാൽ, അതിൽനിന്നൊക്കെ രക്ഷപ്പെട്ടു നിൽക്കുകയാണ് ആം ആദ്മി പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.