ഫ്രറ്റേണിറ്റി മൂവ്മെൻറ് കേരളഘടകം നിലവിൽ വന്നു
text_fieldsകൊച്ചി: സാഹോദര്യത്തിൽ അധിഷ്ഠിതമായ ജനാധിപത്യം എന്ന ലക്ഷ്യവുമായി രൂപവത്കരിച്ച ഫ്രറ്റേണിറ്റി മൂവ്മെൻറിെൻറ കേരളഘടകം നിലവിൽവന്നു. എറണാകുളം ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ ദേശീയ പ്രസിഡൻറ് അൻസാർ അബൂബക്കറാണ് പ്രഖ്യാപനം നടത്തിയത്.
അടിച്ചമർത്തപ്പെട്ടവർക്ക് കൈത്താങ്ങാകുന്ന സാഹോദര്യമാണ് ഫ്രറ്റേണിറ്റി മൂവ്മെൻറിെൻറ ലക്ഷ്യമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് അൻസാർ അബൂബക്കർ പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന മേൽക്കോയ്മകൾക്കും അസഹിഷ്ണുതക്കുമെതിരായ രാഷ്ട്രീയ ഉത്തരവാദിത്തമാണ് ഫ്രറ്റേണിറ്റി മൂവ്മെൻറ് നിറവേറ്റുന്നത്. നീതിയുടെയും സാഹോദര്യത്തിെൻറയും അടിസ്ഥാനത്തിൽ സാമൂഹികക്രമം കെട്ടിപ്പടുക്കേണ്ടതുണ്ട്. ജാതിവ്യവസ്ഥയെ ഇല്ലാതാക്കിയുള്ള ജനാധിപത്യം നിലവിൽവരണം. ഒരുകൂട്ടം ആളുകൾ മാറി മാറി അധികാരം കൈയാളുകയും മറുവിഭാഗം അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന സാഹചര്യം ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ജാതി-മത വിഭാഗങ്ങളെ ഒരുമിച്ചുനിർത്തുന്ന ദേശീയത പഠിപ്പിക്കാനാണ് ഫ്രറ്റേണിറ്റി മൂവ്മെൻറ് ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ഉപദേശകസമിതി ചെയർമാൻ ഹമീദ് വാണിയമ്പലം പറഞ്ഞു. പരമ്പരാഗത പാർട്ടികൾ ജനങ്ങളോട് കൂലിയെക്കുറിച്ചും വിദ്യാർഥികളോട് പേനയെക്കുറിച്ചും പറഞ്ഞ് ആശ്രിതരാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഉപദേശകസമിതി അംഗം പി.സി. ഹംസ മുഖ്യപ്രഭാഷണം നടത്തി. ഹമീദ് വാണിയമ്പലം ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ ഉപദേശകസമിതി അംഗം കെ. അംബുജാക്ഷൻ, ദേശീയ വൈസ് പ്രസിഡൻറ് ജിനമിത്ര, സുനിൽ വെട്ടിയറ, റസാഖ് പാലേരി എന്നിവർ സംസാരിച്ചു. എസ്. ഇർഷാദ് ഭാരവാഹികളെ പരിചയപ്പെടുത്തി. ദേശീയ എക്സിക്യൂട്ടിവ് അംഗം നസ്റീന ഇല്യാസ് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.എം. ഷഫ്റിൻ നന്ദിയും പറഞ്ഞു.
കെ.വി. സഫീർഷ പ്രസിഡൻറ്
കൊച്ചി: ഫ്രറ്റേണിറ്റി മൂവ്മെൻറ് കേരളഘടകം പ്രസിഡൻറായി കെ.വി. സഫീർഷ െതരഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികൾ: ശംസീർ ഇബ്രാഹിം, ഗിരീഷ് കാവാട്ട്, നസ്റീന ഇല്യാസ് (വൈസ് പ്രസി), പ്രദീപ് നെന്മാറ, കെ.എം. ഷഫ്റിൻ, നജ്ദ റൈഹാൻ (ജന. സെക്ര), കെ.എസ്. നിസാർ, അനാമിക കോഴിക്കോട്, ജംഷീൽ അബൂബക്കർ, പ്രശാന്ത് തിരുവനന്തപുരം, റമീസ് വേളം, തമന്ന സുൽത്താന (സെക്ര.). 55 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.