അനിൽ ആന്‍റണിക്ക് സീറ്റ് നൽകിയത് വലിയ അപമാനമായി; പി.സി. ജോർജിന് കനത്ത നിരാശ
text_fieldsതിരുവനന്തപുരം: പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ പി.സി. ജോർജ് കടുത്ത നിരാശയിൽ. സ്വന്തം പാർട്ടി ജനപക്ഷം പിരിച്ചുവിട്ട് ബി.ജെ.പിയിൽ ചേർന്ന പി.സി. ജോർജ് കക്ഷത്തിലുള്ളത് പോവുകയും ചെയ്തു, ഉത്തരത്തിലുള്ളത് കിട്ടിയുമില്ല എന്ന നിലയിലാണ്. ജോർജിനെ തഴഞ്ഞ് എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിക്ക് ബി.ജെ.പി ദേശീയ നേതൃത്വം പത്തനംതിട്ട സീറ്റ് നൽകിയത് വലിയ അപമാനമായാണ് പി.സി. ജോർജ് കാണുന്നത്.
അനിൽ ആന്‍റണിയെ താഴ്ത്തിക്കെട്ടിയുള്ള പ്രതികരണവും തുഷാറിനെതിരായ പ്രതികരണവും വഴി ബി.ജെ.പി നേതൃത്വവുമായി പോരിന് തന്നെയെന്ന സൂചനയാണ് പി.സി. ജോർജ് നൽകുന്നത്. ജോർജിനെ അനുനയിപ്പിക്കാൻ ബി.ജെ.പി സംസ്ഥാന നേതാക്കൾ ബന്ധപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പിനു ശേഷം അനുയോജ്യമായ പദവി ഉൾപ്പെടെ വാഗ്ദാനം ജോർജിന് മുന്നിൽ ബി.ജെ.പി വെച്ചിട്ടുണ്ട്. തുറന്നുപറച്ചിലിനും കടന്നാക്രമണത്തിലും ഒരു മടിയുമില്ലാത്ത ജോർജ് തെരഞ്ഞെടുപ്പ് വേളയിൽ പ്രതികരിച്ച് പാർട്ടിക്ക് കൂടുതൽ പരിക്ക് ഉണ്ടാക്കുമോയെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ട്. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയപ്രതീക്ഷ ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുവെച്ചാണ്.
അതിനാൽ ജോർജിനെ കൂടുതൽ പ്രകോപിപ്പിക്കാതിരിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽനിന്ന് ഭാവി പദവിയുടെ ഉറപ്പ് നേടിയെടുക്കാനായി ഈ അവസരം ഉപയോഗിക്കുന്നതിന്‍റെ സൂചനയാണ് ജോർജിന്‍റെ പ്രതികരണങ്ങൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.