ഹരീഷ് റാവത്ത് എന്ന ‘ബാഹുബലി’
text_fields‘ബാഹുബലി’ സിനിമയുടെ രണ്ടാംഭാഗം പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാല്‍, ഉത്തരാഖണ്ഡില്‍ ‘ബാഹുബലി’ രണ്ടാം ഭാഗം ഹിറ്റായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പശ്ചാത്തലമാക്കി തയാറാക്കപ്പെട്ട നാലു മിനിറ്റ് മാത്രമുള്ള വിഡിയോ ചിത്രം ഇന്‍റര്‍നെറ്റില്‍ കണ്ടത് നാലു ലക്ഷം പേര്‍. 10,000ത്തോളം പേര്‍ഷെയര്‍ ചെയ്തു.
അമ്മക്ക് സമര്‍പ്പിക്കാന്‍ പടുകൂറ്റന്‍ ശിവശില്‍പം ബാഹുബലി തോളിലേറ്റുന്ന രംഗമുണ്ട് സിനിമയില്‍. അതില്‍ മോര്‍ഫിങ് നടത്തി തയാറാക്കിയ ചിത്രത്തില്‍ ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിനെ തോളിലേറ്റുന്നു. അതുകണ്ട് പകച്ച് പിന്മാറുന്ന നരേന്ദ്ര മോദിയെയും കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. ഏതോ കോണ്‍ഗ്രസ് ആരാധകന്‍െറ സൃഷ്ടി.
കാര്യമെന്തായാലും വിഡിയോ കാണിച്ചുതരുന്നത് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന്‍െറ നേര്‍ചിത്രമാണ്. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എന്നാല്‍, ഹരീഷ് റാവത്ത് കോണ്‍ഗ്രസ് എന്നുവേണം വിളിക്കാന്‍. കാരണം, ഹരീഷ് റാവത്തിന്‍െറ മന്ത്രിസഭയില്‍ ഒപ്പമുണ്ടായിരുന്ന അറിയപ്പെടുന്ന നേതാക്കളെല്ലാം ബി.ജെ.പിയിലാണ്. പലരും ബി.ജെ.പി ടിക്കറ്റില്‍ കോണ്‍ഗ്രസിനെതിരെ മത്സരരംഗത്തുമുണ്ട്. ഏറക്കുറെ ഒറ്റക്ക് പാര്‍ട്ടിയെ നയിക്കുന്ന ഹരീഷ് റാവത്തിന്‍െറ വ്യക്തിപ്രഭാവവും ജനകീയതയും മാത്രമാണ് കൂറുമാറ്റത്തില്‍ കാലിടറിയ കോണ്‍ഗ്രസിന്‍െറ കരുത്ത്. അതില്‍തൂങ്ങി പിടിച്ചുനില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എല്ലാ പ്രതിബന്ധങ്ങളും തരണംചെയ്യുന്ന ശക്തരില്‍ ശക്തനായ ബാഹുബലിയോട് ഹരീഷ് റാവത്തിനെ കോണ്‍ഗ്രസുകാര്‍ ഉപമിക്കുന്നതും അതുകൊണ്ടുതന്നെ.
നായകനു വേണ്ട ആര്‍ജവം കാണിക്കുന്നുമുണ്ട് റാവത്ത്. തട്ടകത്തിലെ സിറ്റിങ് സീറ്റ് ധര്‍ചുല വിട്ട് ബി.ജെ.പിയുടെ രണ്ട് സിറ്റിങ് സീറ്റുകളിലാണ് ഹരീഷ് റാവത്ത് മത്സരിക്കുന്നത്. റാവത്ത് പത്രിക നല്‍കിയ ഹരിദ്വാര്‍ റൂറല്‍ സീറ്റില്‍ കോണ്‍ഗ്രസ് ഒരിക്കല്‍പോലും ജയിച്ചിട്ടില്ല. കിചി മണ്ഡലമാകട്ടെ കഴിഞ്ഞ രണ്ടുതവണയും ബി.ജെ.പിക്കൊപ്പമായിരുന്നു. രണ്ടിടത്ത് പത്രിക നല്‍കിയ റാവത്തിന്‍െറ നീക്കം ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലെ അടിയൊഴുക്ക് അറിഞ്ഞുള്ള ചാണക്യതന്ത്രം കൂടിയാണ്.
ഉത്തരാഖണ്ഡിന്‍െറ ഒരുഭാഗം മലനിരകളാണ്. മറുഭാഗം സമതലവും. മലനിരകളടങ്ങിയ കുമഒണ്‍ മേഖലയിലുള്ളവര്‍ക്കും സമതലങ്ങളിലെ ഗര്‍വലി മേഖലയിലുള്ളവര്‍ക്കും തമ്മിലുള്ള ശീതസമരം ബ്രിട്ടീഷ് കാലത്തിനും മുമ്പുള്ളതാണ്. കോണ്‍ഗ്രസിലെ കൂട്ട കാലുമാറ്റത്തിന് പിന്നിലെ കഥയും മറ്റൊന്നല്ല. ഹരീഷ് റാവത്ത് കുമഒണ്‍ മേഖലയില്‍നിന്നുള്ള നേതാവാണ്. റാവത്തിനെതിരെ പടനയിച്ച് കോണ്‍ഗ്രസില്‍നിന്ന് പുറത്തുചാടിയ വിജയ് ബഹുഗുണയും എട്ട് എം.എല്‍.എമാരും ഗര്‍വലിയിലെ നേതാക്കളാണ്.
കോണ്‍ഗ്രസിന് സ്വാധീനം മലനിരകളിലാണ്. സമതലങ്ങള്‍ ബി.ജെ.പയുടെ ശക്തി കേന്ദ്രങ്ങളുമാണ്. ഹരീഷ് റാവത്ത് നയിക്കുന്ന സര്‍ക്കാര്‍ ഗര്‍വലി മേഖലയെ അവഗണിക്കുന്നുവെന്ന ആക്ഷേപമാണ് റാവത്തിനെതിരെ ബി.ജെ.പിയുടെ തുറുപ്പുചീട്ട്. ഗര്‍വലി മേഖലയിലെ ഹരിദ്വാര്‍ റൂറല്‍ സീറ്റിലും മത്സരിക്കുന്നതിലൂടെ ആരോപണത്തിന്‍െറ മുനയൊടിക്കാമെന്നാണ് റാവത്തിന്‍െറ കണക്കുകൂട്ടല്‍. എല്ലായ്പ്പോഴും നെറ്റിയില്‍ നീളത്തില്‍ പൊട്ടുതൊട്ട് പ്രത്യക്ഷപ്പെടുന്ന അപൂര്‍വം കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് ഹരീഷ് റാവത്ത്. പതിവായി ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്യാറുണ്ട് അദ്ദേഹം.
എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വീകാര്യതയുള്ള റാവത്ത് ‘ബാഹുബലി’യായി പാര്‍ട്ടിയെ രക്ഷിക്കുമെന്ന് അണികള്‍ വിശ്വസിക്കുന്നു. താന്‍ വെറുമൊരു സേവകന്‍ മാത്രമാണെന്നാണ് ഹരീഷ് റാവത്തിന്‍െറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.