ജീവൻ രക്ഷക്കാണ് നൂഹിലെ വോട്ട്, വികസനത്തിനല്ല
text_fieldsകാണാനെത്തുന്നവരോട് ആര്യൻ മിശ്രയുടെ കുടുംബം ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത് മുസ്ലിംകളും മനുഷ്യരല്ലേ എന്നാണ്. മുസ്ലിമാണെന്ന് കരുതിയാണ് മകനെ കൊന്നതെന്ന ഗോരക്ഷക ഗുണ്ടകളുടെ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് കുടുംബം ഈ ചോദ്യം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ രാത്രി പുറത്തിറങ്ങിയ 19കാരൻ ആര്യനെ ആഗസ്റ്റ് 23നാണ് ഹരിയാനയിലെ നൂഹിനോട് ചേർന്നുള്ള ഫരീദാബാദിനടുത്തുവെച്ച് ഗോരക്ഷക ഗുണ്ടകൾ വെടിവെച്ചുകൊന്നത്. ഏതാനും കിലോമീറ്റർ അകലെ ചർഖി ദാദ്രിയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആക്രിക്കച്ചവടക്കാരനായ 26കാരൻ സാബിറിനെ അടിച്ചുകൊന്നതിന്റെ ചൂടാറുംമുമ്പാണ് ആര്യന്റെ മരണം.
നൂഹിലും സമീപ പ്രദേശങ്ങളിലുമായി 2021 മുതൽ ഗോരക്ഷക ആക്രമണവുമായി ബന്ധപ്പെട്ട് 930 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിന് പുറമെ കഴിഞ്ഞവർഷം എട്ടുപേർ കൊല്ലപ്പെട്ട വർഗീയ കലാപവും. വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന നൂഹിൽ 79 ശതമാനവും മുസ്ലിം വിഭാഗമാണ്. വികസനം എത്തിനോക്കിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നൂഹിലെ ചർച്ച ഗോ സംരക്ഷകരിൽനിന്ന് ജീവന് സംരക്ഷണം ആരു ഉറപ്പുനൽകുന്നുവെന്നാണ്. ആദ്യം ജീവൻ മതി, വികസനം എന്നിട്ടാകാം എന്നായിരുന്നു ഫിറോസ്പൂർ ജർകയിൽ വ്യാപാരിയായ മുഹമ്മദ് ഖാസിമിന്റെ പ്രതികരണം. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇവിടെയില്ല. പക്ഷേ, ഞങ്ങൾക്ക് ഇപ്പോൾ വേണ്ടത് ജീവന് സംരക്ഷണമാണ്. അതു ഉറപ്പുനൽകുന്നവർക്ക് വോട്ടും നൽകും. ഡൽഹി- ആൽവാർ ദേശീയ പാതയോരത്ത് നിരവധി പേരാണ് വർഷങ്ങളായി ബിരിയാണി വിറ്റ് ഉപജീവനമാർഗം കണ്ടെത്തിയത്. ജീവൻ ഭയന്ന് പലരും കച്ചവടം അവസാനിപ്പിച്ചെന്നും ഖാസിം പറയുന്നു.
രാജ്യത്ത് ഏറ്റവുമധികം ട്രക്ക് ഡ്രൈവർമാറുള്ള സ്ഥലമാണ് നൂഹ്. ഡൽഹി ആൽവാർ പാതയിൽ ചില സംഘങ്ങൾ നൂഹിൽനിന്നുള്ള ട്രക്കുകൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യലും ഉപദ്രവിക്കലും പതിവാണ്. അതുകൊണ്ട് തന്നെ ഈ പാത തങ്ങൾക്ക് ഒഴിവാക്കേണ്ടിവരുന്നുണ്ടെന്ന് ട്രക്ക് ഡ്രൈവർ ആരിഫ് പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് നൂഹ് ഏറെ പിന്നിലാണെന്ന് ഡൽഹി ജാമിഅ സർവകലാശാലയിൽ നിയമ വിദ്യാർഥിയായ നൂഹ് സ്വദേശി അഫ്താബ് ആലം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. സമുദായ നേതാക്കൾ ഭൗതിക വിദ്യാഭ്യാസത്തിന് സഹായം നൽകാൻ ഒരുക്കമാണെങ്കിലും എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് അറിയില്ല. കഴിഞ്ഞ 10 വർഷമായി സർക്കാർ ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും അഫ്താബ് വിശദീകരിച്ചു.
കോൺഗ്രസ് സിറ്റിങ് സീറ്റുകളായ നൂഹ്, പുൻഹാന, ഫിറോസ്പൂർ ജിർക എന്നീ മൂന്ന് മണ്ഡലങ്ങളാണ് നൂഹിലുള്ളത്. ഇത്തവണ തെരഞ്ഞെടുപ്പ് ചർച്ച വികസനത്തെക്കാൾ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണം മൂലമുണ്ടായ ക്രമസമാധാന വിഷയമാണെന്ന് നൂഹ് എം.എൽ.എയും ഹരിയാന നിയമസഭ പ്രതിപക്ഷ ഉപനേതാവുമായ അഫ്താബ് അഹ്മദ് പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ആൾക്കൂട്ട കൊലക്കെതിരെ നിയമം കൊണ്ടുവരും. നിരപരാധികൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. ഗോരക്ഷാ ഗുണ്ടകളെ നൂഹിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.