'ഹിന്ദി തെരിയാത്, പോടാ'; ബി.ജെ.പിയുടെ നാവടപ്പിച്ച മറുപടിയുമായി ഉദയ്നിധി സ്റ്റാലിൻ
text_fieldsചെന്നൈ: രാമക്ഷേത്ര പ്രതിഷ്ഠദിനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബി.ജെ.പി ഔദ്യോഗിക എക്സ് എക്കൗണ്ടിലൂടെ നടത്തിയ വിമർശനത്തിന് തക്കതായ മറുപടിയുമായി തമിഴ്നാട് യുവജനക്ഷേമ മന്ത്രി ഉദയ്നിധി സ്റ്റാലിൻ. ഉദയ്നിധിയെ വിമർശിച്ചുകൊണ്ട് ഹിന്ദിയിലുള്ള ബി.ജെ.പിയുടെ പോസ്റ്റിന് 'ഹിന്ദി തെരിയാത്, പോടാ' എന്നായിരുന്നു ഉദയ്നിധിയുടെ മറുപടി. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
'ഇത്തരക്കാരെ തിരിച്ചറിയുക, ഇവർ രാമക്ഷേത്രത്തെ വെറുക്കുന്നു, സനാതന ധർമത്തെ അപകീർത്തിപ്പെടുത്തുന്നു' എന്നായിരുന്നു ഹിന്ദിയിൽ ബി.ജെ.പിയുടെ പോസ്റ്റ്. ഉദയ്നിധിയുടെ ചിത്രം സഹിതമുള്ള പോസ്റ്ററുമുണ്ടായിരുന്നു. പോസ്റ്ററിലെ വാചകങ്ങളെല്ലാം ഹിന്ദിയിൽ ആയിരുന്നു.
ഇതിന് മറുപടിയായി 'ഹിന്ദി തെരിയാത്, പോടാ' എന്ന് എഴുതിയ ചുവന്ന ടീഷർട്ട് ധരിച്ചുനിൽക്കുന്ന തന്‍റെ ഫോട്ടോയാണ് ഉദയ്നിധി പോസ്റ്റ് ചെയ്തത്. ബി.ജെ.പിയുടെ പോസ്റ്റിന് താഴെ കമന്‍റായി ചിരിക്കുന്ന ഇമോജിയോടൊപ്പം ഈ ചിത്രമിട്ടതോടെ പോസ്റ്റ് വൈറലായി.
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് കഴിഞ്ഞ ദിവസം ഉദയ്നിധി സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. 'രാമക്ഷേത്രത്തിന് ഞങ്ങൾ എതിരല്ല, ബാബരി മസ്ജിദ് തകർത്ത് നിർമിച്ചതിനോടാണ് വിയോജിപ്പ്' എന്ന ഉദയ്നിധിയുടെ പരാമർശമാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കൽ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ നേരത്തെ ഡി.എം.കെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാറും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറും ഏറ്റുമുട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.