ആ തലയിലെ തന്ത്രങ്ങൾക്ക് മുന്നിൽ മോദി എത്രകണ്ട് പിടിച്ചു നിൽക്കും...?
text_fieldsആന്ധ്രയെ വെട്ടിമുറിച്ച് തെലങ്കാന രൂപീകരിച്ച 2014ലെ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ ദൃശ്യമായത് ജഗൻ തരംഗമായിരുന്നു. അതിനു കാരണം, ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തിനു ശേഷമുള്ള തെരഞ്ഞെടുപ്പ് എന്ന പ്രത്യേക തന്നെയാണ്. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പിതാവിനെ അനുകരിച്ചും ഓർമിപ്പിച്ചും ആന്ധ്രയെ മുഴുവൻ ഇളക്കി മറിച്ച് ജഗൻ നടത്തിയ ഒതർപ്പ് യാത്രക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു ആ തെരഞ്ഞെടുപ്പിൽ ജഗൻ തരംഗം ഉണ്ടെന്ന് തോന്നിപ്പിച്ചത്. അതുകൊണ്ടാണ് ആ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ നിന്ന് പോയ ഞാനടക്കമുള്ള പത്രപ്രവർത്തകർ ‘പുലിവെന്തുലയിലെ പുലിക്കുട്ടി’ എന്ന് ജഗൻ മോഹൻ റെഡ്ഡിയെ വിശേഷിപ്പിച്ചത്.
2004ലും 2009ലും വെട്ടിമുറിക്കാത്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായി വൈ.എസ്.ആർ ജയിക്കുന്നത് കോൺഗ്രസുകാരനായാണ്. 2009 സെപ്തംബർ രണ്ടിന് നല്ലമല വനമേഖലയിൽ ഹെലികോപ്റ്റർ തകർന്ന് മരിക്കുന്നതും കോൺഗ്രസുകാരനായാണ്. ആ സമയം ജഗൻ കഡപ്പ മണ്ഡലത്തിലെ പാർലമെന്‍റ് അംഗമായിരുന്നു. രാജശേഖര റെഡ്ഡി മരിക്കുമ്പോൾ അനന്തരാവകാശിയായി സംസ്ഥാന രാഷ്ട്രീയത്തിൽ പിടിമുറുക്കാമെന്ന ജഗന്‍റെ മോഹങ്ങളെ കോൺഗ്രസ് പാർട്ടിയിലെ കാരണവന്മാർ മുളയിലേ നുള്ളി. രാജശേഖര റെഡ്ഡിയുടെ പിന്മുറക്കാരനായത് കെ. റോസയ്യ എന്ന കാരണവരായിരുന്നു. ഒരു വർഷത്തിനു ശേഷം ആരോഗ്യപരമായ കാരണങ്ങളാൽ റോസയ്യ മുഖ്യമന്ത്രി പദത്തിൽ നിന്ന് പിന്മാറുമ്പോഴും ഹൈക്കമാൻഡും സോണിയയും ജഗനെ അടുപ്പിച്ചതേയില്ല. കുടുംബവാഴ്ച പതിവുരോഗമായ കോൺഗ്രസ് ജഗനെ പാടേ ഒഴിവാക്കി. പകരം, പഴയ രഞ്ജി ക്രിക്കറ്റ് താരവും എം.എൽ.എയുമായ കിരൺ കുമാർ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കി. മൂന്നു വർഷവും നാല് മാസവും റെഡ്ഡി മുഖ്യമന്ത്രി സ്ഥാനത്തിരുന്നു.
2014 ആന്ധ്ര രണ്ടായി വിഭജിക്കപ്പെട്ടു. അതോടെ ആന്ധ്രയിൽ കോൺഗ്രസ് എടുക്കാച്ചരക്കായി. 2009ലെ രണ്ടാം മൻമോഹൻ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ കോൺഗ്രസ് എം.പിമാരെ (33) സംഭാവന ചെയ്ത ആന്ധ്രയിൽ വിഭജനാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് തെലങ്കാനയിലെ രണ്ട് സീറ്റ്. ആന്ധ്രയിൽ പൂജ്യരുമായി. ആന്ധ്ര വിഭജിക്കുമ്പോൾ തെലങ്കാനയിലെങ്കിലും കെ. ചന്ദ്രശേഖര റാവു കൂടെയുണ്ടാകുമെന്നായിരുന്നു കോൺഗ്രസിന്‍റെ കണക്കു കൂട്ടൽ. പക്ഷേ, തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) എന്ന സ്വന്തം പാർട്ടിയുണ്ടാക്കിയ ചന്ദ്രശേഖര റാവു കോൺഗ്രസിനെയും പറ്റിച്ച് തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയാകുന്നത് ജയ്പാൽ റെഡ്ഡി അടക്കമുള്ള കോൺഗ്രസുകാർക്ക് കണ്ണീരോടെ നോക്കി നിൽക്കേണ്ടിവന്നു.
മറുവശത്ത് ആന്ധ്രയിൽ തന്നെ അടുപ്പിക്കാത്ത കോൺഗ്രസുകാരോടുള്ള പ്രതികാരമായി അച്ഛന്‍റെ പേരിൽ പാർട്ടിയുണ്ടാക്കി (വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി - വൈ.എസ്.ആർ.സി.പി) ജഗൻ നാടിളക്കി മറിച്ചു. കോൺഗ്രസിനായി പ്രചാരണം നയിക്കാൻ ആന്ധ്രയിൽ ആളില്ലാതെയായി. തെലങ്കാനയെ വെട്ടിമുറിച്ച കോൺഗ്രസിനോട് ആന്ധ്രക്കാർക്കുള്ള കലിപ്പ് താങ്ങാനാവാതെ കിരൺ കുമാർ റെഡ്ഡി കോൺഗ്രസ് വിട്ട് ‘ജയ് സമൈക്യാന്ധ്ര പാർട്ടി’ രൂപീകരിച്ചായിരുന്നു പോരാട്ടം. അതോടെ ആന്ധ്രയിലെ കോൺഗ്രസിനെ പേറേണ്ട ബാധ്യത അത്യാവശ്യം ആളുണ്ടായിരുന്ന ‘പ്രജാരാജ്യം’ എന്ന പാർട്ടി കോൺഗ്രസിൽ ലയിപ്പിച്ച തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ ചുമലിലായി.
തിരുപ്പതിയിൽ ചിരഞ്ജീവിയുടെ തെരഞ്ഞെടുപ്പ് കാമ്പയിൻ നടക്കുന്ന സ്ഥലത്തെത്തുമ്പോൾ നിരത്തിയിട്ട കാലിയായ കസേരകൾ മാത്രമാണ് കാണാൻ കഴിഞ്ഞത്. അത്രക്കും കോൺഗ്രസിനെ വെറുത്തുകഴിഞ്ഞിരുന്നു. ആളൊഴിഞ്ഞ കോൺഗ്രസ് കൂടാരത്തിൽ അനുയായികൾ പോലുമില്ലാതെ കടുത്ത ഏകാന്ത അനുഭവിച്ച ചിരഞ്ജീവി മെല്ലെ ആന്ധ്ര രാഷ്ട്രീയത്തിൽ അപ്രസക്തമായി.
മറുവശത്ത് ഭരണം പിടിച്ചേക്കുമെന്ന പ്രതീതി ജനിപ്പിച്ച് ജഗൻ ആന്ധ്രയിളക്കി പ്രചാരണം നടത്തുന്നതിനിടയിലാണ് ഞാൻ ഹൈന്ദ്രബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്റിൽ പോയത്. തെരഞ്ഞെടുപ്പിന്‍റെ പൾസ് അറിയുകയായിരുന്നു ലക്ഷ്യം. ഉച്ചനേരത്ത് ഒരു പ്രഫസർ മാത്രമായിരുന്നു ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. (അദ്ദേഹത്തിന്‍റെ പേര് ഇപ്പോൾ ഓർമയില്ല) ജഗന്‍റെ ഇളക്കിമറിക്കൽ ആന്ധ്രയിൽ ഭരണം പിടിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ ആമുഖം ഒരു ചിരിയായിരുന്നു.
‘നിങ്ങൾക്ക് ചന്ദ്രബാബു നായിഡുവിനെ അറിയില്ല. അതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നത്. ഇൻഡ്യൻ രാഷ്ട്രീയത്തിന്‍റെ തലസ്ഥാനം ആന്ധ്രയിലേക്ക് മാറ്റിയ ആളാണ് അദ്ദേഹം. 140 സീറ്റുണ്ടായിരുന്ന കോൺഗ്രസിനെ പുറത്തുനിർത്തി ദേശീയ രാഷ്ട്രീയത്തിൽ അത്രയൊന്നും അറിയപ്പെടാതിരുന്ന ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയതിന്‍റെ പിന്നിലെ തലയാണ് നായിഡു. പിന്നീട് ഐ.കെ. ഗുജറാളിനെയും പ്രധാനമന്ത്രിയാക്കിയത് മുന്നണി കൺവീനറായ നായിഡുവായിരുന്നു. ആ തലയിൽ നിന്ന് വരുന്ന തന്ത്രങ്ങൾക്കു മുന്നിൽ എത്രകണ്ട് പിടിച്ചുനിൽക്കാൻ കഴിയും എന്നതായിരിക്കും ‘ജഗൻ തരംഗ’ത്തിന്‍റെ അളവുകോൽ’ - അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്.
ആ പറഞ്ഞത് ശരിയായിരുന്നു. 2014 മോദി വർഷമാണെന്ന് തിരിച്ചറിയാൻ നയിഡുവിനായി. കോൺഗ്രസ് തൂഫാനായിടത്ത് ജഗനെന്ന ഒറ്റയാനെ മറിച്ചിടാൻ മോദിയെ തന്നെ കൂട്ടുപിടിച്ചു. ഒപ്പം ചിരഞ്ജീവിയുടെ അനുജനായ പവൻ കല്ല്യാണിനെയും അയാളുടെ ജനസേന പാർട്ടിയെയും കൂടെ ചേർത്തു. രണ്ടു തവണ മുഖ്യമന്ത്രിയായിരുന്നപ്പോൾ കർഷകരെ മറന്ന് ഹൈദരാബാദിനെ സൈബറാബാദാക്കാൻ പോയതിന്‍റെ പഴി ആ കൂട്ടുകെട്ടിൽ ഒഴുക്കി കളഞ്ഞു. കോൺഗ്രസിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി വരെയായ ഭാര്യ സഹോദരി പുരന്ദേശ്വരി ബി.ജെ.പിക്കാരിയായി മടങ്ങിവന്നപ്പോൾ സിറ്റിങ് സീറ്റായ വിശാഖപട്ടണത്തു നിന്നും ന്യൂനപക്ഷങ്ങൾ നിർണായക സാന്നിധ്യമായ രാജംപേട്ടിലേക്ക് ഒതുക്കി. എൻ.ടി. രാമറാവുവിന്റെ മകളാണെന്ന പരിഗണന പോലുമില്ലാതെ രാജംപേട്ടുകാർ പുരന്ദേശ്വരിയെ തോൽപ്പിച്ചു.
175 അംഗ ആന്ധ്ര നിയമസഭയിൽ തെലുങ്കുദേശം പാർട്ടിയുടെ 102ഉം ബി.ജെ.പിയുടെ നാലും അംഗങ്ങളുമായി ചന്ദ്രബാബു നയിഡു മുഖ്യമന്ത്രിയായത് ഏതാണ്ടെല്ലാ പ്രവചനങ്ങളെയും മറികടന്നായിരുന്നു. ഭരിച്ചേക്കുമെന്ന് തോന്നിച്ച വൈ.എസ്.ആർ.സി.പിയെ 67 സീറ്റിൽ പിടിച്ചുനിർത്തി. പുലിവെന്തുല വിട്ട് പുലി പുറത്തേക്ക് വന്നില്ല.
പക്ഷേ, ബി.ജെ.പിയുമായുള്ള മധുവിധു 2018ൽ അവസാനിപ്പിച്ച് ടി.ഡി.പി മുന്നണി വിട്ടു. രണ്ട് മന്ത്രിമാരെയും പിൻവലിപ്പിച്ചു. തെലങ്കാന വേർപെട്ട ശേഷം ശോഷിച്ചുപോയ ആന്ധ്രക്ക് മോദി വാഗ്ദാനം ചെയ്ത പ്രത്യേക സംസ്ഥാന പദവി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു നായിഡു ബന്ധം വിഛേദിച്ചത്. 2024ൽ വീണ്ടും നായിഡു മോദിയുടെ മുന്നിൽ വെച്ചിരിക്കുന്നത് അതേ ആവശ്യമാണ്. ഒപ്പം സ്പീക്കർ പദവിയും.
2014ൽ ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്നപ്പോൾ നായിഡുവിനെ അവഗണിച്ച പോലെ ഇക്കുറി പറ്റില്ല. ഒപ്പം രാവിലെ എഴുന്നേറ്റാൽ എങ്ങോട്ടു വേണേലും ചായാവുന്ന നിതീഷ് കുമാറുമുണ്ട്. പക്ഷേ, മുന്നണി ഭരണക്രമത്തിന്‍റെ തായമെറിഞ്ഞ് ചുവടുവെച്ച് തഴമ്പിച്ച നായിഡുവിന് മുന്നിൽ ഇക്കുറി അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല.
2014ൽ മോദി വാക്ക് ലംഘിച്ചപ്പോൾ 2019ൽ ജഗൻ മോഹൻ റെഡ്ഡി മന്ത്രിസഭയും കൊണ്ടുപോയ അനുഭവമുണ്ട് നായിഡുവിന്. അതുകൊണ്ട് നാരാ ചന്ദ്രബാബു നായിഡുവിന്‍റെ ഓരോ നീക്കങ്ങളും വടക്കേന്ത്യൻ യജമാന രാഷ്ട്രീയത്തിന്‍റെ ഹുങ്ക് മാത്രമുള്ള മോദി - ഷാ സഖ്യത്തിന് ചില്ലറ തലവേദന ആയിരിക്കില്ല.
രാഷ്ട്രീയത്തിന്‍റെ സകല ഊടുവഴികളും വെട്ടിത്തെളിഞ്ഞ രാഷ്ട്രീയ കുരുട്ടുബുദ്ധിയുള്ള നായിഡുവിന്‍റെ തലയും ഘടകക്ഷികളെ വിലപേശി വിഴുങ്ങി തങ്ങളുടെ ഭാഗമാക്കുന്ന മോദി - ഷാ തലയും തമ്മിലുള്ള ഏറ്റുമുട്ടലും കൂടിയായിരിക്കും ഇത്തവണത്തെ എൻ.ഡി.എ ഭരണം. ഭൂരിപക്ഷത്തിന്‍റെ ആകാശത്തിൽ ചിറകുവിരിച്ച് പറക്കുന്ന മോദിയല്ല ഇക്കുറി എന്നത് കൂടി ഓർക്കണം. ഇടംവലം പിടിവിട്ടാൽ താഴെ വീഴാവുന്നത്രയേ ഉള്ളൂ.
മുറിവാൽ: 2024ലെങ്കിലും രാജശേഖര റെഡ്ഡിയുടെ മകനെ കൂടെ കൂട്ടിയിരുന്നെങ്കിൽ ആന്ധ്രയിൽ ഇപ്പോഴും കോൺഗ്രസിന് പൂജ്യനിലയിൽ തുടരേണ്ടി വരുമായിരുന്നില്ല. പകരം, മകളെ കൂട്ടാൻ എടുത്ത തീരുമാനം കൊണ്ട് ഉദ്ദേശിച്ച ഫലവും ആന്ധ്രയിലുണ്ടായുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.