ജനങ്ങൾ എന്നെ സ്വീകരിക്കുമെങ്കിൽ സന്തോഷം -ഇൽതിജ മുഫ്തി
text_fieldsശ്രീനഗർ: പി.ഡി.പി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി മത്സരിക്കുന്നതിലൂടെ കശ്മീർ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറ മണ്ഡലം. 1990കൾ മുതൽ മുഫ്തി കുടുംബത്തിന്‍റെ ഉരുക്കുകോട്ടയാണ് ബിജ്ബെഹറ. മെഹ്ബൂബ മുഫ്തിയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് സ്ഥാപിച്ച പി.ഡി.പി 1996 മുതൽ ഇവിടെ നിന്ന് വിജയിച്ചുവരുന്നു. മെഹ്ബൂബക്ക് പിന്നാലെ മകൾ ഇൽതിജയും മത്സരരംഗത്തിറങ്ങുന്നതോടെ മുഫ്തി കുടുംബത്തിലെ മൂന്നാംതലമുറയെയും വരവേൽക്കുകയാണ് ബിജ്ബെഹറക്കാർ.
ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം മത്സരിക്കാനില്ലെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ നിലപാട്. സംസ്ഥാനപദവിയും പ്രത്യേക പദവിയും പുന:സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. മെഹ്ബൂബ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതോടെയാണ് ഇൽതിജയെ കോട്ട നിലനിർത്താൻ രംഗത്തിറക്കിയത്.
ബിജ്ബെഹറയിൽ ഇക്കുറി ത്രികോണ മത്സരമാണെങ്കിലും ഇൽതിജയും നാഷണൽ കോൺഫറൻസിന്‍റെ ഡോ. ബഷീർ വീരിയും തമ്മിലാണ് പ്രധാന ഏറ്റുമുട്ടൽ. ബി.ജെ.പിയുടെ സൂഫി യൂസഫാണ് മൂന്നാമത്തെ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പൂർണ ആത്മവിശ്വാസത്തിലാണ് ഇൽതിജ. 'ജനങ്ങൾ എന്നെ സ്വീകരിക്കുമെങ്കിൽ സന്തോഷം. അല്ലായെങ്കിൽ അങ്ങനെ. തെരഞ്ഞെടുപ്പ് എളുപ്പമാണെങ്കിൽ പോലും ഞാൻ അതിനെ നിസ്സാരമായി കാണുന്നില്ല' -37കാരിയായ ഇൽതിജ പറഞ്ഞു.
ആർട്ടിക്കിൾ 370 അസാധുവാക്കിയതിനെ തുടർന്ന് മാതാവ് മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിലായ സാഹചര്യത്തിലാണ് ഇൽതിജ മുഫ്തി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 2019 ആഗസ്റ്റിൽ ലോക്ഡൗൺ നടപ്പാക്കുകയും ആശയവിനിമയ മാർഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ശ്രീനഗറിൽ വീട്ടുതടങ്കലിൽ വെക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഇൽതിജ കത്തെഴുതിയിരുന്നു. തുടർന്ന് താഴ്വര വിടാൻ ഇൽതിജക്ക് അനുമതി നൽകുകയും മാതാവിനെ സന്ദർശിക്കാൻ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പിനാണ് ജമ്മു-കശ്മീർ സാക്ഷ്യം വഹിക്കുന്നത്.
ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്. 2014 നവംബർ- ഡിസംബറിൽ അഞ്ചു ഘട്ടങ്ങളിലായാണ് ജമ്മു-കശ്മീരിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകി ഈ വർഷം സെപ്റ്റംബർ 30നകം നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദേശം കൂടിയാണ് ഇപ്പോൾ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.