കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയൻ -വി.ഡി. സതീശൻ
text_fieldsകണ്ണൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായി വിജയന്‍ യഥാവിധി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുഴല്‍പ്പണ കേസില്‍ സുരേന്ദ്രന്‍ അകത്ത് കിടന്നേനെ. ഇവര്‍ പരസ്പരം പുറം ചൊറിഞ്ഞുകൊടുക്കുകയാണ്. പിണറായി വിജയനുമായുള്ള ഏര്‍പ്പാടിനെ കുറിച്ച് സുരേന്ദ്രന്‍ പറഞ്ഞാല്‍ മതി. അല്ലാതെ വി.ഡി. സതീശനോട് ചോദിക്കേണ്ട.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അപ്പോള്‍ അവിടെ എല്‍.ഡി.എഫ് ജയിക്കുമെന്നാണോ പറയുന്നത്? സുരേന്ദ്രന്റെ പാര്‍ട്ടി ആര്‍ക്കാണ് വോട്ട് ചെയ്യുന്നത്? ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മിടുമിടുക്കരാണെന്ന് പറഞ്ഞത് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ്. എന്തൊരു ബന്ധമാണ് ഇവര്‍ തമ്മില്‍. ബിസിനസ് പാര്‍ട്ണര്‍ഷിപ്പുണ്ടെന്ന ആരോപണം ഒടുവില്‍ ജയരാജന്‍ സമ്മതിച്ചു. ഷെയര്‍ ഉണ്ടെങ്കില്‍ സതീശന് തരാമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ഭാര്യക്ക് ഷെയര്‍ ഉണ്ടെന്ന് സമ്മതിച്ച ജയരാജന്‍ അത് എനിക്ക് തരണ്ടേ? തന്നാല്‍ നാട്ടിലെ പാവങ്ങള്‍ക്ക് കൊടുക്കും.
എം.വി. ഗോവിന്ദന്റെ ജാഥയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയുടെ സപ്തതിക്ക് പോയ ആളാണ് ഇ.പി. ജയരാജന്‍. അങ്ങനെയുള്ള ജയരാജനാണ് ദല്ലാള്‍ നന്ദകുമാര്‍ ആരാണെന്നും അയാളെ അറിയില്ലെന്നും ഇന്നലെ പറഞ്ഞത്. ഇ.ഡി ചോദ്യം ചെയ്ത സി.പി.എം നേതാക്കളെ ആശ്വസിപ്പിക്കാനോ ഇനി എന്ത് ചെയ്യണമെന്ന് ഉപദേശിക്കാനോ ആകും മുഖ്യമന്ത്രി അവരെ സന്ദര്‍ശിച്ചത്. പിണറായിയെ ആരും ആറസ്റ്റ് ചെയ്യില്ല. 38 തവണ ലാവലിന്‍ കേസ് മാറ്റിവച്ചു. പിന്നെയാണ് പിണറായി അറസ്റ്റു ചെയ്യുന്നത്.
ഒരു കേന്ദ്ര ഏജന്‍സിയും കേരളത്തിലെ സി.പി.എം നേതാക്കളെ തൊടില്ല. എന്തിന് വേണ്ടിയാണ് 12 സ്ഥാപനങ്ങള്‍ എക്‌സാലോജിക്കിന് പണം നല്‍കിയത്. കേരളീയത്തിനും നവകേരളത്തിനും പിരിവ് നടത്തിയത് ഇന്റലിജന്‍സ് കമീഷണറാണ്. എന്നിട്ടും കള്ളപ്പിരിവിന് ഒരു കണക്കുമില്ല. വര്‍ഗീയതക്കും ഫാഷിസത്തിനും എതിരെ എക്കാലവും നിലപാടെടുത്ത നേതാവാണ് കെ. സുധാകരന്‍. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ പിണറായി വിജയന്‍ ആര്‍.എസ്.എസുകാരുമായി മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു? ഇതേക്കുറിച്ച് നിയമസഭയില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. അങ്ങനെയുള്ള ആള്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട.
പിണറായി വിജയന്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതു പോലെ കേരളത്തില്‍ ഒരു നേതാവും ചര്‍ച്ച നടത്തിയിട്ടുണ്ടാകില്ല. പത്തോ പതിനഞ്ച് സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മാണോ മോദിയെ താഴെയിറക്കാന്‍ നടക്കുന്നത്. പുതിയ സ്ഥാനാർഥികള്‍ വരുന്നതിന് മുന്‍പുള്ളതാണ് മാതൃഭൂമിയുടെ സര്‍വെ. കഴിഞ്ഞ തവണയും അവര്‍ തോല്‍ക്കുമെന്ന് പറഞ്ഞ സീറ്റുകളിലൊക്കെ യു.ഡി.എഫ് സ്ഥാനാർഥികള്‍ വിജയിച്ചു. ഇത്തവണ ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും.
സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവോട് കൂടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ട്രഷറിയില്‍ ഒരു ബില്ലും സമര്‍പ്പിക്കാനാകത്ത അവസ്ഥയാണ്. നാളെ മുതല്‍ ബില്ലുകള്‍ ക്യൂവിലാകും. ഇന്ന് സോഫ്ട് വെയര്‍ കേടാണ്. സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. ഒഗസ്റ്റില്‍ കൊടുക്കേണ്ട രണ്ടാം ഗഡുവിന്റെ കുറച്ച് തുക നല്‍കിയത് ഡിസംബറിലാണ്.
ആ തുക ട്രഷറിയില്‍ നിന്നും പാസായി കിട്ടിയില്ല. എന്നിട്ടാണ് ഡിസംബറില്‍ കൊടുക്കേണ്ട മൂന്നാം ഗഡു ഇപ്പോഴും നല്‍കാതിരിക്കുന്നത്. ഇനി കിട്ടിയാലും ബില്‍ പാസാകില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ച്ച് 31 പുലരുന്നത് വരെ ബില്ലുകള്‍ സ്വീകരിക്കുമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്തവിധം തദ്ദേശ സ്ഥാപനങ്ങളെ ഈ സര്‍ക്കാര്‍ തകര്‍ത്തു. മൂന്നിലൊന്നു പണം മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.