ഇൻഡ്യ മുന്നോട്ട്; കോൺഗ്രസും ആപ്പുമായി സീറ്റുധാരണ
text_fieldsന്യൂഡൽഹി: ബി.ജെ.പിയെ ഒന്നിച്ചു നേരിടാനുള്ള ലക്ഷ്യത്തിൽ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യക്ക് കൂടുതൽ മുന്നേറ്റം. ഡൽഹി, ഗുജറാത്ത്, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റ് പങ്കിടൽ ചർച്ചകൾ വിജയത്തിലേക്ക്. യു.പി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. മഹാരാഷ്ട്രയിൽ അഘാഡി സഖ്യം സീറ്റുധാരണ ഒരാഴ്ചക്കകം പൂർത്തിയാക്കാനുള്ള ചർച്ചയിലാണ്.
കോൺഗ്രസിനെ തൂത്തെറിഞ്ഞ് വളർന്ന ആപ്പിന്റെ ചരിത്രം മാറ്റിവെച്ചാണ് ബദ്ധശത്രുക്കളായി നിന്ന കോൺഗ്രസും ആം ആദ്മി പാർട്ടിയും ബി.ജെ.പിക്കെതിരെ കൈകോർക്കുന്നത്. ഡൽഹിയിലെ ഏഴു ലോക്സഭ സീറ്റിൽ മൂന്നു സീറ്റിൽ കോൺഗ്രസും നാലിടത്ത് ആപ്പും മത്സരിക്കാനാണ് ധാരണ. ത്രികോണ മത്സരത്തിനിടയിൽ ബി.ജെ.പി ഏഴു സീറ്റും കൈയടക്കുന്ന സാഹചര്യം മാറ്റിമറിക്കാൻ ആപ്-കോൺഗ്രസ് സഖ്യത്തിലൂടെ കഴിയുമെന്ന് രണ്ടു പാർട്ടികളും വിലയിരുത്തുന്നു.
ഡൽഹിയിലെ ഐക്യത്തിന്റെ തുടർച്ചയായി ഗുജറാത്തിലെ ബറൂച്, ഭാവ്നഗർ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ആപ്പിനെ കോൺഗ്രസ് പിന്തുണക്കും. സംസ്ഥാനത്തെ മറ്റ് 24 സീറ്റിലും കോൺഗ്രസ് മത്സരിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും സൂറത്ത് നഗരസഭ തെരഞ്ഞെടുപ്പിലും ശക്തിതെളിയിച്ച ആപ് ഈ സീറ്റുകളിൽ കോൺഗ്രസിനെ സഹായിക്കും. കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിലും ഗുജറാത്തിനെ സമ്പൂർണമായി കൈയടക്കിയത് ബി.ജെ.പിയാണ്.
ഗോവയിൽ ആപ് മത്സരിക്കില്ല. ചണ്ഡിഗഢ് സീറ്റും കോൺഗ്രസിന് വിട്ടുകൊടുക്കും. അതേസമയം, രണ്ടു പാർട്ടികളും നേർക്കുനേർ പോരാട്ടം നടക്കുന്ന പഞ്ചാബിൽ സഖ്യമില്ല. ഹരിയാനയിലെ 10ൽ ഒരു സീറ്റ് ആപ്പിന്. ഇത്തരത്തിൽ മിക്കവാറും സീറ്റുധാരണ രൂപപ്പെട്ടിരിക്കെ, ഔപചാരിക പ്രഖ്യാപനം ഉടനെ നടക്കും.
മഹാരാഷ്ട്രയിലെ അഘാഡി സഖ്യം ബി.ജെ.പിക്കെതിരെ ഒന്നിച്ചുനീങ്ങു മെന്നും സീറ്റുപങ്കിടൽ ഈ മാസാവസാനം പ്രഖ്യാപിക്കുമെന്നും സംസ്ഥാന ചുമതല വഹിക്കുന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 27, 28 തീയതികളിൽ സഖ്യനേതാക്കളുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.