ഇപ്റ്റയുടെ പിതൃത്വം: സി.പി.എമ്മിനെതിരെ സി.പി.ഐ
text_fieldsകോഴിക്കോട്: ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ഇപ്റ്റയുടെ (ഇന്ത്യന്‍ പീപ്ള്‍സ് തിയറ്റര്‍ അസോസിയേഷന്‍) പിതൃത്വത്തെ ചൊല്ലി സി.പി.ഐ, സി.പി.എം തര്‍ക്കം. സി.പി.എമ്മിന്‍െറ സാംസ്കാരിക വിഭാഗമാണെന്ന് പറഞ്ഞ് ഈ ലക്കം ദേശാഭിമാനി വാരികയില്‍ വന്ന ലേഖനത്തിലെ പരാമര്‍ശത്തിനെതിരെയാണ് ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്‍റും സി.പി.ഐ കോഴിക്കോട് ജില്ല സെക്രട്ടറിയുമായ ടി.വി. ബാലന്‍ രംഗത്തുവന്നത്.
1943ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സജീവ ഘടകങ്ങളുള്ള ഏറ്റവും വലിയ ജനകീയ കലാ പ്രസ്ഥാനമായ ഇപ്റ്റ സി.പി.എമ്മിന്‍െറ സാംസ്കാരിക വിഭാഗമല്ല. മറിച്ചുള്ള പരാമര്‍ശം വാസ്തവ വിരുദ്ധമാണ്. അസാമാന്യരായ നിരവധി കലാകാരന്മാര്‍ നേതൃത്വം നല്‍കിയ ഇപ്റ്റയെ ഏതെങ്കിലും പാര്‍ട്ടിയുടെ വാലില്‍ കെട്ടിത്തൂക്കാന്‍ മെനക്കെടുന്നത് ചരിത്രബോധമില്ലായ്മയും ജനത്തെ തെറ്റിദ്ധരിപ്പിക്കലുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്റ്റയുടെ പാരമ്പര്യം, ദൃശ്യ -ശ്രാവ്യ രംഗ പ്രയോഗകലകളിലൂടെ ഇപ്റ്റ സമൂഹത്തില്‍ നേടിയെടുത്ത മുന്നേറ്റം, സ്വാതന്ത്ര്യം നേടുന്നതില്‍ ഈ മുന്നേറ്റത്തിന്‍െറ പ്രാധാന്യം എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. ഇപ്റ്റയുടെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഭാരത സര്‍ക്കാര്‍ ഇപ്റ്റയുടെ പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. രാജ്യത്ത് സര്‍വകലാകാരന്മാരുടെ ഏക പ്രസ്ഥാനമെന്ന ബഹുമതിയുടെ അംഗീകാരമാണിത്.
പൃഥ്വിരാജ് കപൂര്‍, മുല്‍ക്ക് രാജ് ആനന്ദ്, ബിമല്‍ റോയ്, ഉദയ് ശങ്കര്‍, ഷീലാ ഭാട്ടിയ, സലില്‍ ചൗധരി, പണ്ഡിറ്റ് രവിശങ്കര്‍, ഉല്‍പല്‍ ദത്ത്, ഡോ. ഹോമി ജെ. ഭാഭാ, ഓംപുരി, ദേവാനന്ദ്, ഒ.എന്‍.വി, തോപ്പില്‍ ഭാസി, സൈഗാള്‍, എ.കെ. ഹങ്കല്‍, ഭീഷ്മ സാഹിനി, കെ.എ. അബ്ബാസ്, രാജേന്ദ്ര രഘുവംശി, എം.എസ്. സത്യു, ആനന്ദ് പട്വര്‍ധന്‍ തുടങ്ങിയ കലാകാരന്മാര്‍ ഇപ്റ്റയില്‍ പ്രവര്‍ത്തിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.