മണിപ്പൂര്‍ മുഖ്യമന്ത്രിക്കെതിരെ ഇറോം ശര്‍മിള മത്സരിക്കും
text_fieldsഒന്നരപതിറ്റാണ്ടിലേറെ നീണ്ട നിരാഹാരപോരാട്ടത്തിനൊടുവില്‍ കടുത്ത നിശ്ചയദാര്‍ഢ്യവുമായാണ് അവര്‍ രാഷ്ട്രീയഗോദയില്‍ ഇറങ്ങുന്നത്.
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിനെതിരെ മണിപ്പൂരിന്‍െറ ഉരുക്കുവനിത ഇറോം ശര്‍മിള മത്സരിക്കും. പീപ്ള്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) ബാനറിലായിരിക്കും തൗബാല്‍ മണ്ഡലത്തില്‍ ഇവര്‍ ഇബോബി സിങ്ങുമായി ഏറ്റുമുട്ടുക.
സംസ്ഥാനത്തെ പ്രത്യേക സൈനിക സായുധാധികാര നിയമത്തിനെതിരെ (അഫ്സ്പ) ഒന്നരപതിറ്റാണ്ടിലേറെ നീണ്ട നിരാഹാരപോരാട്ടത്തിനൊടുവില്‍ കടുത്ത നിശ്ചയദാര്‍ഢ്യവുമായാണ് അവര്‍ രാഷ്ട്രീയഗോദയില്‍ ഇറങ്ങുന്നത്. ലോകത്തില്‍തന്നെ സമാനതകള്‍ ഇല്ലാത്ത ഈ സമരത്തില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ മണിപ്പൂരിന്‍െറ മുഖ്യമന്ത്രി പദം എന്ന തന്‍െറ ലക്ഷ്യം അവര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പി.ആര്‍.ജെ.എ രൂപവത്കരിച്ചപ്പോള്‍തന്നെ തൗബാല്‍, ഖുരായ് സീറ്റുകളില്‍നിന്ന് ജനവിധി തേടുമെന്ന് ശര്‍മിള അറിയിച്ചു.
തൗബാലില്‍ ശര്‍മിളക്കായി പ്രചാരണം തുടങ്ങിയതായി പാര്‍ട്ടി കണ്‍വീനര്‍ എറെന്‍ട്രോ ലെയ്ചോന്‍ബാം പറഞ്ഞു. വിസില്‍ ആണ് പാര്‍ട്ടിയുടെ ചിഹ്നം. ഈ മാസം മൂന്നിനാണ് 60 സ്ഥാനാര്‍ഥികള്‍ അടങ്ങുന്ന പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.