രാഷ്ട്രപതിയെ സി.പി.എം വിചാരണക്ക് വിധേയമാക്കുന്നതിൽ അത്ഭുതമില്ലെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: രാഷ്ട്രപതിയെ സി.പി.എം വിചാരണക്ക് വിധേയമാക്കുന്നതിൽ അത്ഭുതമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ദേശീയ ജനാധിപത്യ സഖ്യം ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ തന്നെ സി.പി.എം എതിർത്തിരുന്നു. ആദിവാസികളോടും സ്ത്രീകളോടുമുള്ള സി.പി.എമ്മിന്‍റെ അസഹിഷ്ണുതയാണ് ഇപ്പോഴത്തെ കേസിന് പിന്നില്‍. ചരിത്രത്തിൽ ആദ്യമായല്ല രാഷ്ട്രപതി ബില്ലുകൾ തടഞ്ഞുവക്കുന്നതെന്നും എന്നാൽ ആരും രാഷ്ട്രപതിഭവനെ കോടതി കയറ്റാറില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയെ അപമാനിക്കാനുള്ള സി.പി.എം നീക്കം ജനം തള്ളും. ഗൗരിയമ്മയുടെ പേര് പറഞ്ഞ് വോട്ടുപിടിച്ചിട്ട്, വനിതാമുഖ്യമന്ത്രി വേണ്ട, പുരുഷൻ മതിയെന്ന നിലപാട് സ്വീകരിച്ചവരാണ് കമ്യൂണിസ്റ്റുകാർ. സി.പി.എം പോളിറ്റ് ബ്യൂറോയിൽ പോലും ദളിതരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തിയത് സമീപകാലത്ത് മാത്രമാണ്. ആദിവാസി ക്ഷേമത്തിനുള്ള കേന്ദ്ര ഫണ്ട് തിരിമറി നടത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്.
ആറ്റിങ്ങലിൽത്തന്നെ സ്കോളർഷിപ്പ് ലഭിക്കുന്നില്ലെന്ന് നിരവധി വിദ്യാർഥികൾ പരാതി പറഞ്ഞു. ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്നവർക്ക് സംരക്ഷണം നൽകിയവരാണ് സി.പി.എമ്മാണ്. 1600 രൂപ പെൻഷൻ കൊടുക്കാൻ ഇല്ലാത്തവർ ലക്ഷങ്ങൾ മുടക്കി കേസിന് പോകുന്നതെങ്ങനെയെന്ന് കേരളം ചിന്തിക്കും. ഭാര്യമാർക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള സ്വജനപക്ഷപാത നിയമങ്ങളാണ് രാഷ്ട്രപതി പിടിച്ചുവച്ചിരിക്കുന്നത്. നിയമസഭയെ അഴിമതിക്കുള്ള കളമാക്കരുതെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.