രാജിയിലേക്ക് നയിച്ചത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ
text_fieldsകോഴിക്കോട്: സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ചത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്ന് സൂചന. ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ സി.പി.എം കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ സജി ചെറിയാനെ മുഖ്യമന്ത്രിയും കൈവിടുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് രാജി നീട്ടിക്കൊണ്ടുപോകാനാണ് ആദ്യം ആലോചിച്ചത്.
എന്നാൽ, സി.പി.എം കേന്ദ്ര നേതാക്കൾ വ്യക്തമായ നിലപാടെടുത്തു. അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി ഉചിതമായ തീരുമാനമെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു. വാർത്ത പുറത്തുവന്നപ്പോൾ എം.എ. ബേബി നാക്ക് പിഴയെന്നാണ് പറഞ്ഞതെങ്കിലും കേന്ദ്ര നേതൃത്വം അത് അംഗീകരിച്ചില്ല. ദേശീയ തലത്തിൽ സി.പി.എമ്മിന് രാഷ്ട്രീയമായി വലിയ അപമാനം നേരിടുന്ന വാർത്തയായി സജി ചെറിയാന്റെ പ്രസംഗം മാറിയതായി കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞു. കേന്ദ്ര നേതാക്കൾ സംസ്ഥാനത്തോട് റിപ്പോർട്ടും തേടി.
ഭരണഘടന വിദഗ്ധർ പ്രസംഗം ഭരണഘടന വിരുധമാണെന്ന് ചൂണ്ടിക്കാണിച്ചതും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിന് കാരണമായി. പ്രസംഗത്തിന്റെ ആഘാതം അഖിലേന്ത്യ തലത്തിലേക്ക് വ്യാപിക്കുമെന്നും നേതൃത്വത്തിന് ബോധ്യമായി.
സംസ്ഥാന ഘടകത്തിന്റെ തീരുമാനം വൈകിയതിനിലാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. തീരുമാനമെടുക്കാൻ വൈകുന്നതിലുള്ള അതൃപ്തി കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. ഭരണഘടന സംരക്ഷണത്തിനായി അഖിലേന്ത്യ തലത്തിൽ പ്രചാരണം ഏറ്റെടുക്കുമ്പോഴാണ് അതിന് കനത്ത തിരിച്ചടിയായി മല്ലപ്പള്ളി പ്രസംഗം വരുന്നത്.
അതേസമയം, സംസ്ഥാന നേതൃത്വം സജി ചെറിയാനെ സംരക്ഷിച്ചു നിർത്താൻ അവസാനംവരെ ശ്രമം നടത്തി. പ്രസംഗത്തെക്കുറിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സർക്കാർ തേടിയിരുന്നു. എ.ജിയിൽനിന്ന് അനുകൂല നിയമോപദേശമല്ല ലഭിച്ചതെന്നാണ് അറിവ്. അതോടെ ചെറിയാന്റെ എല്ലാ വാതിലുകളും അടഞ്ഞു. തുടർന്നാണ് രാജി പ്രഖ്യാപനമുണ്ടായത്.
നിയമസഭയിലും പുറത്തും മുഖ്യമന്ത്രിയുടെ സംരക്ഷകനായിരുന്നു സജി ചെറിയാൻ. കെ റെയിൽ സമരകാലത്ത് ചെങ്ങന്നൂർ കൊഴുവല്ലൂരിൽ വീടുകളിൽ കയറി യു.ഡി.എഫ് പിഴുത മഞ്ഞ കല്ല് പുനഃസ്ഥാപിച്ചത് സജി ചെറിയാനാണ്. പണിമുടക്ക് ദിവസം ഇരുചക്രവാഹനത്തിലെത്തിയായിരുന്നു കല്ല് പുനഃസ്ഥാപിച്ചത്.
ആലപ്പുഴ ജില്ലയിലെ സി.പി.എമ്മിലെ വിഭാഗീയതയാണ് പ്രസംഗം പുറത്ത് വരാൻ കാരണമായതെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. മാധ്യങ്ങളൊന്നും മല്ലപ്പള്ളിയിൽ പ്രസംഗിക്കുമ്പോൾ ഉണ്ടായിരുന്നില്ല. പാർട്ടിക്കുള്ളിലെ വിമത വിഭാഗമായിരിക്കും പ്രസംഗം മാധ്യമങ്ങൾക്ക് എത്തിച്ചതെന്നാണ് കരുതുന്നത്. പാർട്ടിതലത്തിൽ ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയെന്നാണ് സൂചന. അതിനാൽ വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ മല്ലപ്പള്ളി പ്രസംഗവും രാജിയും അലകളുണ്ടാക്കുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.