രാഷ്ട്രീയഭാവി തീരുമാനിക്കാൻ ജെ.ഡി.യു യോഗം 17ന്
text_fieldsകോഴിക്കോട്: എം.പി. വീരേന്ദ്രകുമാറിനെ ജനതാദൾ യുവിൽ നിന്നു പുറത്താക്കിയ സാഹചര്യത്തിൽ ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ജെ.ഡി.യു സംസ്ഥാന കമ്മിറ്റി യോഗം 17നു കോഴിക്കോട്ടു ചേരും. പുതിയ പാർട്ടി രൂപവത്കരിക്കുക, ശരത് യാദവിെൻറ പാർട്ടിയുടെ ഭാഗമാകുക, ജെ.ഡി.എസിൽ ലയിച്ചു ഇടതുപക്ഷത്തേക്ക് പോകുക എന്നീ വഴികളാണ് കേരള ജെ.ഡി.യുവിെൻറ മുന്നിലുള്ളത്.
ശരത് യാദവിെൻറ പാർട്ടിയുടെ ഭാഗമായി നിൽക്കണമെന്ന് വാദിക്കുന്നവരാണ് ഭൂരിഭാഗവും. ഉടനെ യു.ഡി.എഫ് വിടുന്നതിനോടു അവർക്കു യോജിപ്പില്ല. പാർട്ടിയിൽ ആലോചിക്കാതെ വീരേന്ദ്രകുമാർ എം.പി സ്ഥാനം രാജിവെക്കുമെന്നു പ്രഖ്യാപിച്ചത് സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ആയേക്കും. യു.ഡി.എഫിെൻറ സ്ഥാനാർഥി ആയാണ് വീരേന്ദ്രകുമാർ രാജ്യസഭയിൽ എത്തിയത് എന്നതിനാൽ രാജിവെക്കേണ്ടതില്ലെന്നാണ് പാർട്ടി നേതാക്കളുടെ പൊതു നിലപാട്.
ഇത് അംഗീകരിക്കപ്പെട്ടാൽ പ്രഖ്യാപനം വീരേന്ദ്രകുമാറിനു തിരുത്തേണ്ടി വരും. യു.ഡി.എഫ് വിടാത്ത സാഹചര്യത്തിൽ അദ്ദേഹം എം.പിയായി തുടരുന്നതിൽ അധാർമികതയില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ശരദ് യാദവിെൻറ പാർട്ടിയുടെ ഭാഗമായാൽ യു.ഡി.എഫിൽ തുടരുന്നതിലോ ഭാവിയിൽ എൽ.ഡി.എഫിലേക്കു പോകുന്നതിനോ തടസ്സങ്ങളില്ല. ഈ പാർട്ടി ദേശീയാടിസ്ഥാനത്തിൽ യു.പി.എയോടൊപ്പമാണ് നിലകൊള്ളുക.
ഇപ്പോൾ ഒരു എം.എൽ.എ പോലും ഇല്ലാത്ത പാർട്ടി യു.ഡി.എഫിൽ തുടർന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥിതി ആവർത്തിക്കുമോ എന്ന ആശങ്കയുള്ളവർ നിരവധിയുണ്ട്. എത്രയും പെട്ടെന്ന് എൽ.ഡി.എഫിൽ എത്തണമെന്ന ആഗ്രഹക്കാരാണവർ. ഘടകകക്ഷി എന്ന നിലയിൽ എൽ.ഡി.എഫിനേക്കാൾ പരിഗണന യു.ഡി.എഫിൽ കിട്ടുന്നുണ്ടെന്ന് അവർ സമ്മതിക്കുന്നുണ്ട്. യു.ഡി.എഫ് ഭരണത്തിൽ ജെ.ഡി.യു ചോദിച്ച ചെയർമാൻ സ്ഥാനങ്ങളെല്ലാം ലഭിച്ചു.
പക്ഷേ, തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കോൺഗ്രസുകാർ കരുതിക്കൂട്ടി തോൽപിക്കുകയാണെന്ന ആക്ഷേപം അവർക്കുണ്ട്. ഇങ്ങനെയൊരു അനുഭവമല്ല, എൽ.ഡി.എഫിൽ ഇരിക്കുമ്പോൾ ഉണ്ടായിരുന്നത്. ഒരു കണക്കുകൂട്ടൽ നടത്തിയാൽ രാഷ്ട്രീയമായി വലിയ നഷ്ടമാണ് മുന്നണിമാറ്റം കൊണ്ടു സംഭവിച്ചത്. അതേസമയം, ജനതാദൾ എസിൽ ലയിച്ച് ഇടതുപക്ഷത്തേക്ക് പോകുന്നതിനെ ഭൂരിഭാഗവും അനുകൂലിക്കുന്നില്ല.
വീരേന്ദ്രകുമാർ പുതിയ പാർട്ടിയുമായി വന്നാൽ ഇടതു മുന്നണിയിൽ എടുക്കുന്നതിനെ ജെ.ഡി.എസ് എതിർക്കും. സി.പി.ഐയുടെ പിന്തുണയും അതിനുണ്ടാകും. എൽ.ഡി.എഫ് വിപുലീകരണത്തെ എക്കാലവും എതിർക്കുന്ന പാർട്ടിയാണ് സി.പി.ഐ. ചുരുക്കത്തിൽ നിതീഷ് കുമാറിെൻറ രാഷ്ട്രീയ മലക്കം മറിച്ചിൽ കേരള ജെ.ഡി.യുവിനെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.