തൊട്ടതെല്ലാം പൊള്ളി സി.പി.എം
text_fieldsനാദാപുരം: ജിഷ്ണു പ്രണോയിയുടെ മരണം നടന്ന് 90 ദിവസമായിട്ടും പ്രതികളെ കണ്ടെത്താത്തത് സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്നു. പാര്‍ട്ടി കുടുംബത്തിന് നീതി ലഭിക്കാത്തത് അണികളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയതാണ് പാർട്ടിയെ വലക്കുന്നത്. സി.പി.എമ്മിനെയും സര്‍ക്കാറിനെയും സംരക്ഷിച്ചുനിര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു ജിഷ്ണു പ്രണോയിയുടെ കുടുംബത്തിെൻറ നിലപാട്. ഇതിെൻറ ഭാഗമായാണ് സെക്രേട്ടറിയറ്റിനു മുന്നില്‍ നടത്തേണ്ട സമരം ഡി.ജി.പി ഓഫിസിനു മുന്നിലേക്ക് മാറ്റിയത്. സെക്രേട്ടറിയറ്റിനു മുന്നില്‍ സമരമിരിക്കുമെന്ന് നേരത്തെ കുടുംബം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സി.പി.എം നേതൃനിരയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് സമരം മാറ്റുകയായിരുന്നു. പിന്നീട് പ്രതികളെ കണ്ടെത്താന്‍ എല്ലാവിധ സഹായങ്ങളും പാര്‍ട്ടി ഉറപ്പുനല്‍കിയെങ്കിലും പ്രതികള്‍ വലയിലായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിെൻറ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് അവസാന നിമിഷം ഡി.ജി.പി ഓഫിസിനു മുമ്പില്‍ സമരം നടത്താന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.
ജിഷ്ണു പ്രണോയിയുടെ ഫോണ്‍ സന്ദേശങ്ങള്‍ കണ്ടെടുത്തതോടെ മരണത്തിനു പിന്നില്‍ കോളജ് അധികൃതരുടെ പീഡനമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല.പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് രൂപവത്കരിച്ച കർമസമിതി രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോയതോടെ യു.ഡി.എഫും ബി.ജെ.പിയും സമിതി വിട്ടത് സി.പി.എമ്മിന് തിരിച്ചടിയാവുകയായിരുന്നു. കെ.പി.സി.സി പ്രസിഡൻറായിരുന്ന വി.എം. സുധീരന്‍ മൂന്നു തവണ ജിഷ്ണുവിെൻറ വീട്ടിലെത്തിയെങ്കിലും സംഭവം രാഷ്്ട്രീയവത്കരിക്കാന്‍ തയാറല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്തെ 12ഓളം മന്ത്രിമാരും ജിഷ്ണുവിെൻറ വീട്ടിലെത്തി കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഫലം കണ്ടില്ല.
ഇതിനിടെ വളയത്ത് നടന്ന ഗദ്ദികയുടെ വിവിധ പരിപാടികള്‍ക്കെത്തിയ മന്ത്രിമാര്‍ ജിഷ്ണുവിെൻറ വീട് സന്ദര്‍ശിച്ചു. എന്നാൽ നിയമസഭ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ സ്ഥലത്തെത്തിയെങ്കിലും വീട്ടിൽ പോകാതിരുന്നത് ആക്ഷേപത്തിനിടയാക്കിയിരുന്നു.സി.പി.എമ്മിലെ ഒരു വിഭാഗത്തിെൻറ സമ്മർദെത്ത തുടർന്ന് അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നെന്ന ആരോപണവും ഉയർന്നിരുന്നു. പിണറായി വിജയന് കുടുംബം തുറന്ന കത്തെഴുതിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതത്രേ.നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ് കേസ് അട്ടിമറിക്കപ്പെടുന്നതിനിടയാക്കുന്നതെന്ന് കുടുംബം നിരവധി തവണ ഉന്നയിച്ചെങ്കിലും മുഖവിലക്കെടുത്തില്ല. കടുത്ത സമ്മർദത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍പോലും തയാറായത്. പാര്‍ട്ടി കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്ത നിലപാടിനെതിരെ പാര്‍ട്ടിക്കകത്ത് വിവാദം പുകയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.