ട്വിറ്ററിൽ നിന്നും ബി.ജെ.പി ഒഴിവാക്കി സിന്ധ്യ; കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം
text_fieldsഭോപാൽ: മാർച്ചിൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ താഴെയിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതായി അഭ്യൂഹം. തൻെറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ വിവരണത്തിൽ നിന്നും ‘ബി.ജെ.പി’ ഒഴിവാക്കി പൊതുസേവകൻ, ക്രിക്കറ്റ് ആരാധകൻ എന്ന് മാത്രമാക്കി തിരുത്തിയതോടെയാണ് മുൻ കേന്ദ്രമന്ത്രിയായ സിന്ധ്യക്ക് മനംമാറ്റം സംഭവിച്ചതായി ട്വിറ്ററാറ്റികൾ പ്രവചിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് കരുത്തു പകരുന്നതാണ് സിന്ധ്യയുടെ നടപടി.
സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തിലുള്ള ഹാഷ്ടാഗുകൾ ശനിയാഴ്ച ട്വിറ്ററിൽ ട്രെൻറിങ്ങായിരുന്നു. മുമ്പ് കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന് മുമ്പും സമാനമായ രീതിയിൽ സിന്ധ്യ ബയോയിൽ മാറ്റം വരുത്തിയിരുന്നു.
സിന്ധ്യ പക്ഷക്കാരായ 22 എം.എൽ.എമാർ രാജിവെച്ചതോടെയാണ് മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ താഴെ വീണത്. മധ്യപ്രദേശിലെ പി.സി.സി അധ്യക്ഷ സ്ഥാനമോ രാജ്യസഭാ സീറ്റോ നൽകണമെന്ന ആവശ്യമോ കമൽനാഥ് അംഗീകരിക്കാതെ വന്നതോടെയാണ് 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച് സിന്ധ്യ ബി.ജെ.പി പാളയത്തിലെത്തിയത്.
കമൽനാഥിന് മുതിർന്ന നേതാവായ ദിഗ്വിജയ് സിങ്ങിൻെറ പിന്തുണ കൂടി ലഭിച്ചതോടെ പാർട്ടിയിൽ ഒതുക്കപ്പെട്ട പ്രതീതി കൈവന്നതോടെയാണ് സിന്ധ്യ പാർട്ടി വിട്ടത്. മൂന്ന് മാസം കഴിഞ്ഞിട്ടും ബി.ജെ.പി കൂറുമാറ്റ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാതെ വന്നതോടെ സിന്ധ്യയും അനുയായികളും അസ്വസ്ഥരാണെന്നാണ് റിപ്പോർട്ടുകൾ. അധികാരത്തിലേറി ഒരു മാസമായിട്ടും ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചിട്ടില്ല.
കൂറുമാറിയെത്തിയവരിൽ രണ്ടുപേരെ മാത്രമാണ് മന്ത്രിസഭയിൽ ഉൾപെടുത്തിയത്. രാജിവെച്ച് പാർട്ടിയിലെത്തിയവരെ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയിലും ഭിന്നത രുക്ഷമാണ്.
അതിനിടെ സിന്ധ്യയ്ക്കും ബി.ജെ.പിക്കും തലവേദന സൃഷ്ടിച്ചു കൊണ്ട് അടുത്തിടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല രാജിവെച്ച് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ട എം.എല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാന അധ്യക്ഷനുമായ സത്യന്ദ്ര യാദവാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ മറ്റൊരു പ്രമുഖൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.