ഒരു മുഴം നീട്ടിയെറിഞ്ഞ് കെ.ഇ. ഇസ്മായിൽ; സംസ്ഥാനസമ്മേളനവും ലക്ഷ്യം
text_fieldsപാലക്കാട്: സംസ്ഥാന നേതൃത്വത്തെ അമ്പരപ്പിച്ച് സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം കെ.ഇ. ഇസ്മായിൽ നടത്തിയ നീക്കം യാദൃശ്ചികമല്ലെന്ന് പാർട്ടിയിൽ വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് നേരത്തേ പറഞ്ഞുകേട്ട ഇദ്ദേഹത്തിെൻറ പ്രതികരണം മൂന്ന് മാസത്തിനകം നടക്കുന്ന സംസ്ഥാനസമ്മേളനം കൂടി കണക്കിലെടുത്താണെന്ന നിഗമനവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് താൻ എം.പിയായിരിക്കെ ഫണ്ടനുവദിച്ചത് പാർട്ടിയുടെ ശിപാർശ പ്രകാരമാണെന്ന ഇസ്മായിലിെൻറ ഫേസ്ബുക്ക് പോസ്റ്റ് നിഷേധിക്കാനാവാത്ത അവസ്ഥയിലാണ് നേതൃത്വം.
ഇതിനിടയിലാണ് മന്ത്രിസഭയോഗ ബഹിഷ്കരണം താൻ അറിഞ്ഞില്ലെന്ന അദ്ദേഹത്തിെൻറ പ്രസ്താവനയും വന്നത്. ഇത് നേതൃത്വം തള്ളിയതോടെ വാർത്തകൾ നിഷേധിച്ച് ഇസ്മായിൽ ഫേസ്ബുക്ക് പോസ്റ്റിട്ടു. പാർട്ടിയുടേതിൽനിന്ന് വ്യത്യസ്തമായ നിലപാട് തനിക്കില്ലെന്നും ആരോപണം ഉയർന്നപ്പോൾത്തന്നെ തോമസ് ചാണ്ടി രാജിവെക്കണമായിരുന്നെന്നുമാണ് ഈ പോസ്റ്റിലുള്ളത്. അതേസമയം, സ്വന്തം ജില്ലയായ പാലക്കാട്ട് നേതൃത്വത്തെ ചോദ്യം ചെയ്്ത് ജില്ല അസി. സെക്രട്ടറി രാജിവെച്ചതുൾപ്പെടെയുള്ള പ്രശ്നങ്ങളിൽ തുറന്ന അഭിപ്രായപ്രകടനത്തിന് ഇസ്മായിൽ തയാറായിട്ടില്ല. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ കെ.ഇ. ഇസ്മായിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം അവസാനനിമിഷം വരെ ശക്തമായിരുന്നു.
ഇപ്പോഴത്തെ നേതൃത്വത്തിെൻറ കടുത്ത തീരുമാനങ്ങൾ, സി.പി.എം വിരോധത്തിെൻറ പേരിൽ എല്ലായ്പ്പോഴും സാധൂകരിക്കപ്പെടില്ലെന്ന് കരുതുന്നവർ മാർച്ച് ആദ്യം മലപ്പുറത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതികരണവുമായി രംഗത്തുവരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.