ഹസന്റെ വെളിപ്പെടുത്തൽ; കോൺഗ്രസിൽ പുതിയ തർക്കങ്ങൾക്ക് അരങ്ങൊരുങ്ങി
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരെൻറ രാജിയുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നടത്തിയ വെളിപ്പെടുത്തൽ കോൺഗ്രസിൽ പുതിയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കി. ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശത്തിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്ത് തുടരാനുള്ള ഹസെൻറ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന ആരോപണവുമായി എ ഗ്രൂപ് നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. ആൻറണിയെ പുകഴ്ത്തി കെ.പി.സി.സി പ്രസിഡൻറ് കസേര ഉറപ്പിക്കുകയാണ് ഹസൻ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. ഇൗ വെളിപ്പെടുത്തൽ അനവസരത്തിലാണെന്ന അഭിപ്രായമാണ് കോൺഗ്രസിനുള്ളിലുള്ളത്.
കെ. കരുണാകരൻ അനുസ്മരണദിനത്തിൽ കോഴിക്കോട് നടത്തിയ പ്രസംഗത്തിലാണ് ചാരക്കേസിെൻറ സമയത്ത് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെപ്പിക്കാൻ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മൻ ചാണ്ടിയോടും ആൻറണി ആവശ്യപ്പെട്ടിരുന്നെന്ന് ഹസൻ വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരനെ നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആൻറണി മുന്നറിയിപ്പ് നൽകിയിരുന്നെന്നും കരുണാകരനെ രാജിവെപ്പിക്കാൻ നടത്തിയ നീക്കത്തിൽ കുറ്റബോധം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ കരുണാകരനെ രാജിെവപ്പിക്കാൻ ഉമ്മൻ ചാണ്ടിയാണ് ശ്രമിച്ചതെന്നും അതിന് താൻ കൂട്ടുനിന്നുവെന്നുമുള്ള കുറ്റസമ്മതമാണ് ഹസൻ നടത്തിയതെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
അതേസമയം, ഹസെൻറ വെളിപ്പെടുത്തലിനോട് ഉമ്മൻ ചാണ്ടി പ്രതികരിച്ചിട്ടില്ല. അതുസംബന്ധിച്ച കാര്യങ്ങൾ ഹസനോട് തന്നെ േചാദിക്കണമെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. കരുണാകരനെയും ആൻറണിയെയും മാറ്റിയതാണ് കോൺഗ്രസിെൻറ തകർച്ചക്ക് കാരണമായതെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. ഹസെൻറ വെളിപ്പെടുത്തലിൽ സന്തോഷമുണ്ടെന്നായിരുന്നു പത്മജ വേണുഗോപാലിെൻറ പ്രതികരണം. നരസിംഹറാവുവിെൻറ പിന്തുണയില്ലാതെ കരുണാകരനെ മാറ്റാൻ കഴിയുമായിരുന്നിെല്ലന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ ചരടുവലിച്ചെതന്ന് അറിയില്ലെന്നും അവർ പറഞ്ഞു. ഹസെൻറ വെളിപ്പെടുത്തലിലൂടെ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കവും പാർട്ടിക്കുള്ളിൽ പുരോഗമിക്കുന്നുണ്ട്.
ചാരക്കേസിെൻറ മുഖ്യ സൂത്രധാരൻ ഉമ്മൻ ചാണ്ടി തന്നെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രൻ മാസ്റ്ററും പ്രതികരിച്ചിട്ടുണ്ട്. കരുണാകരനെ താഴെയിറക്കിയ ഉമ്മൻ ചാണ്ടി ആൻറണിക്കെതിരെയും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അധികാരരാഷ്ട്രീയത്തിനായി ഉമ്മൻ ചാണ്ടി എന്തും ചെയ്യുമെന്നുമാണ് രാമചന്ദ്രൻ മാസ്റ്റർ ആരോപിക്കുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്യാതെ കുറ്റസമ്മതം നടത്തുന്നതില്‍ അർഥമില്ലെന്നായിരുന്നു ഹസെൻറ വെളിപ്പെടുത്തലിനോട് രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചത്. കരുണാകരെൻറ ആത്മാവ് വേട്ടയാടുന്നത് കൊണ്ടാവാം ഈ കുറ്റസമ്മതം നടത്തിയതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.