ചില നേരങ്ങളിൽ ഒറ്റുകാർ വിപ്ലകാരികളുടെ വേഷംകെട്ടുമെന്ന് കെ.സഹദേവൻ
text_fieldsകോഴിക്കോട്: ചില നേരങ്ങളിൽ ഒറ്റുകാർ വിപ്ലകാരികളുടെ വേഷംകെട്ടുമെന്ന് സാമൂഹിക ചിന്തകൻ കെ.സഹദേവൻ. ഒറ്റുകാർ എക്കാലവുമുണ്ട്. പല വേഷങ്ങളിലും പല ഭാവങ്ങളിലുമാണ് പ്രത്യക്ഷപ്പെടുന്നത്. അധികാരത്തിൻ്റെ ഇടനാഴികളിലും ഭരണകൂടത്തിൻ്റെ മാനസപുത്രരായിട്ടും അവരുണ്ടാവും. സമത്വം, നീതി, സ്വാതന്ത്ര്യം എന്നിങ്ങനെ ഇളിച്ചു കാട്ടും. അധികാരത്തെ നോക്കി കള്ളക്കണ്ണിറുക്കും.
മറ്റ് ചിലപ്പോൾ അവർ 'വികസന' വാദികളായി തകർത്താടും. അദാനി -അംബാനിമാരുടെ ആശീർവാദത്തിൽ പുളകം കൊള്ളും. കാരണവന്മാരുടെ ആസനത്തിലെ വിപ്ലവത്തഴമ്പുകൾക്ക് വിപണിയിൽ വില പറയും. ദുർമേദസുകളും വരട്ടു ചൊറിയുമായി പരിണമിച്ച സ്വന്തം തഴമ്പുകളിൽ തഴുകിത്തലോടി നിർവൃതി അടയും.
മൂലധനത്തിനും ഫാസിസത്തിനും എക്കാലവും ഇരകൾ വേണം. അതിപോലെ ഒറ്റുകാരെയും ആവശ്യമാണ്. അവരുടെ ഓരോ ചുവടുകളിലും സാധാരണ മനുഷ്യർ ഇരകളാക്കപ്പെടുമെന്നതിനാൽ ഇരകളെ തേടി അവർക്ക് അലയേണ്ടി വരാറില്ല.
അലൻ, ത്വാഹ എന്നീ വിദ്യാർഥികളെ യി.എ.പി.ഒ എന്ന ചെകുത്താൻ നിയമത്തിന് മുന്നിലേക്ക് എറിഞ്ഞു കൊടുക്കാൻ യാതൊരു വൈമനസ്യവും ഈ ഒറ്റുകാർക്കുണ്ടായില്ല. നിയമവുമായി മല്ലിട്ട് ജാമ്യം നേടിയെടുത്ത ൻറന്റെ ജാമ്യം റദ്ദുചെയ്യാൻ എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നു. ഒറ്റിയത് പുത്തൻ ഭരണ വർഗത്തിന്റെ അരുമ സന്താനങ്ങളാണ്. കൺമുന്നിൽ നടന്ന നെറികേടിനെ നിർഭയനായി ചോദ്യം ചെയ്തതിന്റെ പേരിലാണ് ഒരു യുവാവിനെ ഫാസിസ്റ്റ് നിയമത്തിന് മുന്നിലേക്ക് ഈ ഒറ്റുകാർ എറിഞ്ഞു കൊടുത്തത്.
വിഴിഞ്ഞത്ത് സമരം ചെയ്തവരുടെ പേരിൽ ഗൂഢാലോചനാ സിദ്ധാന്തം ചമച്ച് ഒന്നാം പേജിൽ വെണ്ടക്കാ നിരത്തിയിരിക്കുന്നു. പാലോറ മാതയുടെ ദാന ചരിത്രം വിളമ്പുന്ന പത്രം! ( പാലോറ മാത ജീവിച്ചിരുന്നെങ്കിൽ പശുവിന് വെച്ച കാടിവെള്ളം തലവഴി ഒഴിച്ചേനെ).
യൂഗോസ്ലാവ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത പദവി അലങ്കരിച്ചിരുന്ന മിലോവൻ ജിലാസ്, അധികാരത്തിന്റെ തണലിൽ തഴച്ചുവളരുന്ന Ruling oligharchyകളെക്കുറിച്ചും, പാർട്ടി ബ്യൂറോക്രസിയെക്കുറിച്ചും The New Class: An Analysis of Communist System എന്ന തന്റെ പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. വിപ്ലവ കാലഘട്ടത്തിൽ സ്വന്തം ജീവിതം സമർപ്പിക്കുന്ന ഹീറോകളായി അവതരിക്കുന്ന കമ്യൂണിസ്റ്റുകൾ, അധികാര ലബ്ധിക്ക് ശേഷം, ബോധപൂർവ്വം നുണപറയുന്നവരും, പാദസേവകരും, അപഖ്യാതി പടർത്തുന്നവരും, പ്രകോപനം സൃഷ്ടിക്കുന്നവരും പുത്തൻ വർഗ്ഗത്തിന്റെ അനിവാര്യ പരിചാരകരുമായിത്തീരുമെന്ന് ജിലാസ് നിരീക്ഷിക്കുന്നു.
ഈ പുത്തൻ വർഗത്തിന്റെ ഉത്പാദന മാർഗങ്ങളുമായുള്ള സവിശേഷ ബന്ധം കൂട്ടായ രാഷ്ട്രീയ നിയന്ത്രണത്തിലാണെന്നും ഈ വിഭാഗത്തിന്റെ സ്വത്ത് രൂപം രാഷ്ട്രീയ നിയന്ത്രണമാണെന്നും ജിലാസ് വ്യക്തമാക്കുന്നു. കരിയറിസം, അതിരുകടന്ന ആർഭാടം, പ്രത്യേകതരത്തിലുള്ള അഴിമതി, സാധാരണ പാർട്ടി അംഗങ്ങളോടുള്ള നിസ്സാര മനോഭാവം എന്നിവയൊക്കെ ഈ പുത്തൻ വർഗ്ഗത്തിന്റെ സ്വഭാവഗുണങ്ങളായിരിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ജിലാസിന്റെ നിരീക്ഷണങ്ങൾ പ്രവചനങ്ങളായി മാറുന്നത് നാം കാണുന്നു. പുത്തൻ വർഗം ഒറ്റുകാരായും വേട്ടക്കാരായും തകർത്താടുന്നതാണ് കാണുന്നതെന്ന് സഹദേവൻ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.