'ആപും ഉവൈസിയും ഗുജറാത്തിൽ ബി.ജെ.പിയുടെ ചട്ടുകങ്ങളായി, കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കി'
text_fieldsതിരുവനന്തപുരം: അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിച്ചുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കോണ്‍ഗ്രസിനെ പ്രതിരോധിക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമായാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിക്ക് അപ്രാപ്യമായ ന്യൂനപക്ഷ വോട്ടുകളില്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ട് അവര്‍ നേട്ടമുണ്ടാക്കി. മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്തു.
കോണ്‍ഗ്രസുമായി നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. അത്തരം നിലപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മിയെ പിന്തുണക്കുന്ന നിലപാടാണ് കേരളത്തില്‍ മാത്രം ചുരുങ്ങിയ സി.പി.എമ്മും സ്വീകരിക്കാറുള്ളത്. പ്രതിപക്ഷ കക്ഷികളിലെ ഐക്യമില്ലായ്മ ബി.ജെ.പിക്ക് ഗുജറാത്തില്‍ കൂടുതല്‍ ഗുണം ചെയ്തു.
വര്‍ഗീയ നിലപാടുകളില്‍ ബി.ജെ.പിയുടെ മിനിപതിപ്പ് പോലെയാണ് ആപ്പിന്റെ പ്രവര്‍ത്തനം. ബി.ജെ.പിയുടെ ആശിര്‍വാദത്തോടെ ആം ആദ്മി പാര്‍ട്ടിയും എ.ഐ.എം.ഐ.എമ്മും കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കിയതാണ് ഗുജറാത്തിലെ തിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നത്. ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദമായി വിലയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.