വ്യാജ വീഡിയോ നിര്‍മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ല- കെ.സുധാകരന്‍
text_fieldsകൊച്ചി: തൃക്കാക്കര കോണ്‍ഗ്രസിന്‍റെ കോട്ടയാണെന്നും സ്ഥാനര്‍ത്ഥികൾക്കെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. വിഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിന്‍റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചെയ്തത് ആർക്കുവേണ്ടിയാണെന്നും സി.പി.എം നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.
വിഷയത്തിൽ പൊലീസിനെതിരെയും സുധാകരൻ ആരോപണം ഉന്നയിച്ചു. "വിഡിയോ പ്രചരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് രാഷ്ട്രീയം കളിക്കുകയാണ്. ഈ വിഷയത്തില്‍ പോലീസ് എ.കെ.ജി സെന്‍ററിലെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വ്യാജ വിഡിയോ നിര്‍മിച്ചവരെയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും പൊലീസും മടിക്കുന്നു," അദ്ദേഹം പറഞ്ഞു.
പരാജയ ഭീതിയാണ് സി.പി.എമ്മിനെ ഇത്തരം വിഡിയോ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും സുധാകരന്‍ വിമർശിച്ചു. എൽ.ഡി.എഫിന് വികസനമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ ചര്‍ച്ച ചെയ്യാനില്ലാത്തത് കൊണ്ടാണ് ഇത്തരം വിഡിയോ പ്രചരണം നടത്തുന്നത്. പി.ടി.തോമസിന്‍റെ മരണം പോലും സൗഭാഗ്യമായി കാണുന്ന മനോനിലയിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും, നെറികേടിന്‍റെ രാഷ്ട്രീയമാണ് ഇവരുടേത് - സുധാകരൻ ആഞ്ഞടിച്ചു.
"നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് സി.പി.എം ശൈലിയാണ്. ഈ വിഷയത്തില്‍ ബി.ജെ.പിയും ഒട്ടും പിന്നിലല്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനെതിരെയും ഹീനമായ സൈബര്‍ ആക്രമണം നടത്തിയവരാണ് സി.പി.എമ്മുകാര്‍. രമേശ് ചെന്നിത്തലക്കെതിരെയും സാംസ്കാരിക നായകര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സി.പി.എം സൈബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയിട്ടുണ്ട്. നുണപ്രചരണം നടത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് സി.പി.എമ്മുകാര്‍. കൊലയാളികളെ സംരക്ഷിക്കുന്നത് പോലെ സി.പി.എം സൈബര്‍ ഗുണ്ടകളെയും സംരക്ഷിക്കുകയാണ്" കെ.സുധാകരന്‍ പറഞ്ഞു.
വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാർത്ഥിത്വവുമായി ബന്ധപ്പെട്ടുയർന്ന തർക്കം വ്യാജ വിഡിയോക്ക് പിന്നിലുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.