പിണറായി വിജയൻ പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറിയെന്ന് കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ മുടങ്ങുന്നത് കാരണം പാവപ്പെട്ട ജനങ്ങൾ ആത്മഹത്യ ചെയ്യുന്ന സംഭവം പതിവായിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അഞ്ച് മാസത്തിനിടെ മൂന്ന് പേരാണ് സർക്കാരിന്റെ അനാസ്ഥ കാരണം ആത്മഹത്യ ചെയ്തത്. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് ആത്മഹത്യചെയ്ത ഭിന്നശേഷിക്കാരൻ ജോസഫിന്റെ മൃതദ്ദേഹം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
പിണറായി വിജയൻ പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറി. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായില്ല. ക്ഷേമപെൻഷനുകൾ ലഭിക്കാതെയും തൊഴിലുറപ്പ് കൂലി ലഭിക്കാതെയും പതിനായിരങ്ങളാണ് കേരളത്തിൽ കഷ്ടപ്പെടുന്നത്. കേന്ദ്രസർക്കാർ കൊടുക്കുന്ന പണം അർഹർക്ക് എത്തിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെടുന്നതാണ് ഇവിടുത്തെ പ്രശ്നം. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസർക്കാർ കൃത്യമായി പണം കൊടുക്കുന്നുണ്ട്.
എന്നാൽ സംസ്ഥാനം വിഹിതം കൊടുക്കുന്നില്ല. പാവപ്പെട്ടവന് ക്ഷേമപെൻഷൻ കൊടുക്കാൻ പണമില്ലാത്ത സർക്കാർ ധൂർത്തും കൊള്ളയും അവസാനിപ്പിക്കുന്നില്ല. ആലപ്പുഴ നെൽകർഷകൻ ആത്മഹത്യ ചെയ്തത് നെല്ലിന്റെ സംസ്ഥാന വിഹിതം കിട്ടാത്തത് കൊണ്ടാണ്. 75 ശതമാനം വിഹിതം കേന്ദ്രം കൊടുത്തിട്ടും കേരളം വിഹിതം നീക്കിവെക്കാത്തത് കാരണം കർഷകർക്ക് കേന്ദ്രവിഹിതം പോലും നിഷേധിക്കപ്പെടുകയായിരുന്നു. കണ്ണൂരിലെ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തത് ക്ഷീരകർഷകർക്കുള്ള സംസ്ഥാന വിഹിതം കിട്ടാത്തതു കൊണ്ടാണ്. ജോസഫിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണം. ആത്മഹത്യകുറിപ്പിൽ അധികൃതരുടെ അനാസ്ഥ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.