മുഖ്യമന്ത്രി സി.പി.എം അണികളെ കാണിച്ച് ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി സി.പി.എം അണികളെ കാണിച്ച് ഗവർണറെയും ഭരണഘടനയേയും വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എമ്മിന്റെ സെക്രട്ടറി പറയുന്നത് പോലെയാണ് പിണറായി വിജയൻ സംസാരിക്കുന്നത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാതെ സംസാരിക്കുന്നത് ഗവർണറല്ല മുഖ്യമന്ത്രിയാണെന്നും കെ.സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങളെ അണിനിരത്തി ഗവർണറെ നേരിടുമെന്നല്ല നിയമപരമായി ഗവർണർ ഉയർത്തുന്ന നിയമ പ്രശ്നം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഭരണഘടനയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി. ധാർമ്മികതയില്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രിക്ക് സി.പി.എമ്മുകാരെ അണിനിരത്തി യുദ്ധം പ്രഖ്യാപിക്കേണ്ടി വരുന്നത്. ജനങ്ങളെ തെരുവിലിറക്കി രാജ്ഭവൻ വളയാൻ പോയാൽ ഗവർണർ അനാഥനാണെന്ന് മുഖ്യമന്ത്രി കരുതരുത്.
അധാർമ്മികമായ കാര്യങ്ങൾ നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ശിൽബന്ധികളെയും അനധികൃതമായി നിയമിക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ്. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഗവർണർ ചെയ്യുന്നത്.
സാങ്കേതിക സർവ്വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ച എല്ലാ വിസിമാരെയും മാറ്റണം. ചാൻസിലർക്കാണ് വൈസ്ചാൻസിലർമാരെ നിയമിക്കാൻ അധികാരം. യോഗ്യതയില്ലാത്തവരെ മാറ്റേണ്ടതിന്റെ ഉത്തരവാദിത്വവും ചാൻസിലർക്കാണ്.
മുഖ്യമന്ത്രിയാണ് അമിതാധികാരം പ്രയോഗിക്കുന്നത്. ചാൻസിലറുടെ അധികാരത്തിൽ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുകയാണ്. സുപ്രീംകോടതി വിധിയോടെ എല്ലാ അനധികൃത നിയമനങ്ങളും അസാധുവാകും. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം തരംതാണരീതിയിലുള്ളതാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.
യോഗ്യതയുള്ള ആളുകളെ മാറ്റി നിർത്തുകയാണ് സർക്കാർ ചെയ്യുന്നത്. വൈസ് ചാൻസിലർ നിയമനം മുതൽ പ്യൂൺ നിയമനം വരെ നടത്തുന്നത് എ.കെ.ജി സെന്ററിലാണ്. മന്ത്രി പി.രാജീവ് ഉത്തർപ്രദേശുകാരനായ ഗവർണർക്ക് കേരളത്തെ പറ്റി അറിയില്ലെന്നാണ് പറയുന്നത്. വിഭാഗീയമായ വാക്കുകളാണിത്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മന്ത്രിമാർ ചെയ്യുന്നത്. എന്നാൽ കേരളത്തിലെ ജനങ്ങളുടെ അഭിമാനം സംരക്ഷിക്കുകയാണ് ഗവർണർ ചെയ്യുന്നത്. സംസ്ഥാന വൈസ്പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ ജനറൽസെക്രട്ടറി ഇ.പ്രശാന്ത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.