സിൽവർലൈൻ എം.വി ഗോവിന്ദന്റെ വ്യാമോഹം മാത്രമെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വ്യാമോഹം മാത്രമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്.
വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സി.പി.എമ്മും കോൺഗ്രസും ദുഖിക്കുകയുമാണ് ചെയ്തത്. കമീഷൻ അടിക്കാൻ സാധിക്കാത്തതാണ് ഇരുമുന്നണികളുടേയും നിരാശക്ക് കാരണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു.
രണ്ട് ലക്ഷം കോടി രൂപ മുതൽ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സിൽവർലൈനിനും വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നത് കൈയിട്ട് വാരാൻ മാത്രം ഉദേശിച്ചാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ മോദി സർക്കാർ ഒരിക്കലും അനുവദിക്കില്ല.
വന്ദേഭാരത് സംസ്ഥാനത്തിന് കേന്ദ്രം നൽകില്ലെന്നായിരുന്നു പിണറായി വിജയൻ ഇതുവരെ പറഞ്ഞത്. വന്ദേഭാരത് യാഥാർഥ്യമായപ്പോൾ അത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് ഡി.വൈ.എഫ്.ഐ പറയുന്നത്. ഇതുപോലത്തെ രാഷ്ട്രീയ അടിമകൾ ലോകത്ത് വേറെവിടെയും കാണില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വന്ദേഭാരത് ആത്മനിർഭർ ഭാരതിന്റെ ഭാഗമാണ്. ഇത് പൂർണമായും ഭാരതത്തിൽ നിർമ്മിച്ചതാണ്. അല്ലാതെ സിൽവർലൈൻ പോലെ ജപ്പാനിലെ രണ്ടാംകിട സാമഗ്രികളല്ല. ജപ്പാനിൽ നിന്നും സിൽവർലൈനു വേണ്ടി സാധനങ്ങൾ കേരളത്തിൽ എത്തിക്കുന്നതിലൂടെ വലിയ അഴിമതിയായിരുന്നു സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതാണ് കേന്ദ്രത്തിന്റെ എതിർപ്പുകാരണം മുടങ്ങിയത്. സിൽവർലൈനിനു വേണ്ടി ഇതുവരെ സർക്കാർ പൊടിച്ച 67 കോടി രൂപയുടെ നഷ്ടത്തിന് ജനങ്ങളോട് മാപ്പു പറയുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്യേണ്ടതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.