തിരുത്തൽ ശക്തി
text_fieldsതിരുവനന്തപുരം: ഇടത് സർക്കാറിന്റെ പ്രവർത്തനങ്ങളിലും മുന്നണി നിലപാടുകളിലും തിരുത്തൽ ശക്തിയായിരിക്കുമ്പോൾ തന്നെ പ്രതിസന്ധി ഘട്ടത്തിൽ മുന്നണിയെ പ്രതിരോധിക്കാൻ മുന്നിൽനിന്ന നേതാവ് കൂടിയായിരുന്നു കാനം രാജേന്ദ്രൻ. ഇടത് മുന്നണി ഭരിക്കുമ്പോൾ തന്നെ കേരളം ശ്രദ്ധിക്കുന്ന, പലപ്പോഴും പ്രതിപക്ഷ സ്വരമുള്ള നിലപാടുകളായിരുന്നു അദ്ദേഹത്തിന്. പിണറായി സർക്കാറിന്റെ പല നടപടികളെയും പരസ്യമായി എതിർക്കുന്നതിന് ഘടകകക്ഷി നേതാവായിട്ടും അദ്ദേഹം മടികാണിച്ചില്ല.
സംസ്ഥാനത്ത് യു.എ.പി.എ നടപ്പാക്കുന്നതിനെയും മാവോവാദികളെ വെടിവെച്ചുകൊല്ലുന്നതിനെയും അദ്ദേഹം തുറന്നെതിർത്തു. ഒന്നാം പിണറായി സർക്കാറിലെ എൻ.സി.പി മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ ഞെട്ടിച്ച് സി.പി.ഐ മന്ത്രിമാർ മന്ത്രിസഭ യോഗം തന്നെ ബഹിഷ്കരിച്ച നിലപാടെടുത്തതും കാനത്തിന്റെ നിർദേശപ്രകാരമായിരുന്നു. വിയോജിപ്പുകൾ തുറന്ന് പറയുമ്പോഴും മുന്നണിയുടെ കെട്ടുറപ്പും സർക്കാറിന്റെ കൂട്ടുത്തരവാദിത്തവും സംരക്ഷിക്കാൻ അദ്ദേഹം മുന്നിൽനിന്നു.
സർക്കാർ പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിൽ പ്രതിരോധവുമായി കാനം വരുന്നത് കാണാമായിരുന്നു. ഗവർണർ-സർക്കാർ പോര് അതിരൂക്ഷമായ ഘട്ടത്തിൽ ഗവർണർ പദവിയേ വേണ്ടായെന്ന നിലപാടാണ് കാനം സ്വീകരിച്ചത്. സി.പി.എമ്മിനേക്കാൾ കടുത്ത നിലപാട് ഗവർണറുടെ നടപടികൾക്കെതിരെ അദ്ദേഹം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണം നേരിട്ട ഘട്ടത്തിൽ അദ്ദേഹത്തെ പ്രതിരോധിക്കുന്ന നിലപാടാണ് കാനം സ്വീകരിച്ചത്.
സി.പി.എം-സി.പി.ഐ ഏറ്റുമുട്ടൽ പലപ്പോഴും രൂക്ഷമായിരുന്നു. സർക്കാറിന്റെ പല തീരുമാനങ്ങളും തിരുത്തിക്കാൻ അദ്ദേഹത്തിനായി. മുന്നണിയിൽ ഭിന്നത രൂപപ്പെടുമ്പോഴെല്ലാം കാനവും കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലെ കൂടിക്കാഴ്ചകളിലാണ് മഞ്ഞുരുക്കമുണ്ടായത്. ഇവരുടെ വ്യക്തിബന്ധം പൊട്ടിത്തെറിയുടെ ഘട്ടത്തിൽനിന്ന് യോജിച്ച നിലപാടിലേക്ക് മുന്നണിയെ പലപ്പോഴും എത്തിച്ചു. എതിരഭിപ്രായം തുറന്നുപറയാൻ അദ്ദേഹം മടികാണിച്ചിരുന്നില്ല. ചിലപ്പോൾ മുന്നണിയെ രക്ഷിക്കുന്ന നടപടി ആദ്യം വരുന്നത് കാനത്തിൽ നിന്നാകും. ഞാൻ എപ്പോഴും സർക്കാറിനെ വിമർശിക്കണോ എന്ന് പല വിവാദങ്ങളിലും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചിട്ടുണ്ട്.
യു.ഡി.എഫ് വിട്ട് മാണി ഗ്രൂപ് ഇടത് മുന്നണിയിലേക്ക് വരുന്ന ഘട്ടത്തിലും സി.പി.ഐ എതിർനിലപാടാണ് ആദ്യം സ്വീകരിച്ചത്. സി.പി.ഐ മുന്നണി വിടുമെന്ന പ്രചാരണംപോലും വന്നിരുന്നു. വിദ്യാർഥിയായ ജിഷ്ണു പ്രണോയിയുടെ മാതാവിന്റെ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിയെ കടുത്തഭാഷയിൽ വിമർശിക്കുക മാത്രമല്ല ജിഷ്ണുവിന്റെ അമ്മയെ കാണാനും അദ്ദേഹം തയാറായി. ഇത് വിവാദമായപ്പോൾ സി.പി.ഐ പ്രതിപക്ഷത്തല്ല എന്ന് പ്രകാശ് കാരാട്ട് ഓർമിപ്പിച്ചു. ഒന്നാം പിണറായി സർക്കാറിൽ തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭ യോഗം ബഹിഷ്കരിക്കാൻ സി.പി.ഐയുടെ നാല് മന്ത്രിമാർ തയാറായതും കാനത്തിന്റെ നിർദേശ പ്രകാരമായിരുന്നു. കോടതി പരാമർശം വന്നിട്ടും രാജിവെക്കാത്തതായിരുന്നു സി.പി.ഐയെ പ്രകോപിപ്പിച്ചത്. തോമസ് ചാണ്ടിക്കൊപ്പം മന്ത്രിസഭ യോഗത്തിൽ ഇരിക്കാൻ തങ്ങളില്ലെന്ന് സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്റെ മുറിയിൽ സി.പി.ഐ മന്ത്രിമാർ സമാന്തരയോഗവും ചേർന്നു. കേരളം കണ്ട വലിയ പ്രതിഷേധങ്ങളിലൊന്നാണ് സി.പി.ഐ നടത്തിയത്.
യു.എ.പി.എ നിയമം നടപ്പാക്കുന്നതിൽ അതിശക്തമായ വിമർശനം സി.പി.ഐക്കുണ്ടായിരുന്നു. കാനം അത് പരസ്യമായി പ്രകടിപ്പിച്ചു. മാവോവാദികളെ കൊലപ്പെടുത്തിയ വിഷയത്തെക്കുറിച്ച് പഠിക്കാൻ പി. പ്രസാദിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി കമീഷനെ വെക്കുകയും കേരളത്തിൽ മാവോവാദികളെ വെടിവെച്ച് കൊല്ലേണ്ട ഒരു സാഹചര്യവുമില്ലെന്ന് ശക്തമായായ നിലപാടെടുക്കുകയും ചെയ്തു.
അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിലും കോവിഡ് കാലത്തെ സ്പിൻക്ലർ ഇടപാടിലും അദ്ദേഹം വിയോജിപ്പാണ് പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി കടക്കുപുറത്ത് എന്ന് മാധ്യമങ്ങളോട് പറഞ്ഞ ഘട്ടത്തിലും അദ്ദേഹത്തിന് എതിരഭിപ്രായമായിരുന്നു. കുറച്ച് പറയുകയും അത് മൂർച്ഛയോടെ പറയുകയും ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം.
ആർക്കും എളുപ്പത്തിൽ സമീപിക്കാവുന്ന നേതാവ്. മന്ത്രിസഭയിൽ സി.പി.ഐക്ക് പുതുമുഖങ്ങൾ മാത്രമെന്ന നിലപാട് അദ്ദേഹം രണ്ട് തവണയും കൈക്കൊണ്ടു. എം.എൽ.എമാർക്ക് സീറ്റ് നൽകുന്നതിലും സമാന നിലപാടായിരുന്നു അദ്ദേഹത്തിന്. അനുഭവങ്ങളിലൂടെ വളർന്ന് കേരള രാഷ്ട്രീയം ആശയ വ്യക്തതയോടെ കൈകാര്യംചെയ്ത കരുത്തനായിരുന്നു കാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.