പരസ്പരം തള്ളി കാരാട്ട്-യെച്ചൂരി പക്ഷം
text_fieldsഹൈദരാബാദ്: രാഷ്ട്രീയ പ്രമേയം അംഗീകരിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എം നേതൃത്വത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസം പുറത്ത്. സി.പി.എമ്മിെൻറ രാഷ്ട്രീയ ലൈനില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാവില്ലെന്നും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം, രാഷ്ട്രീയ ലൈനില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ബംഗാളില്‍നിന്നുള്ള പി.ബി അംഗം മുഹമ്മദ് സലീം തിരിച്ചടിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ നാലാം ദിവസം രാഷ്ട്രീയ-സംഘടന റിപ്പോര്ട്ടിന്മേല് നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കിനും ഇടനല്‍കാത്തതാണ് രാഷ്ട്രീയ പ്രമേയം എന്ന് വൃന്ദ കാരാട്ട് വിശദീകരിച്ചത്. പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച മുഹമ്മദ് സലീം വൃന്ദയുടെ വാദങ്ങളെ പരസ്യമായി തള്ളി. ഇതോടെ, കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള വിവാദം സി.പി.എമ്മില്‍ അടഞ്ഞ അധ്യായമാവില്ലെന്ന് ഉറപ്പായി.
കരട് രാഷ്ട്രീയ പ്രമേയത്തിെനതിരായ ന്യൂനപക്ഷ രേഖ അംഗീകരിച്ചിട്ടില്ലെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന ഭാഗങ്ങൾ യോജിപ്പിെൻറ അടിസ്ഥാനത്തില്‍ പുതുക്കുക മാത്രമാണ് ചെയ്തത്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ലെന്ന കേന്ദ്രകമ്മിറ്റിയുടെ വാചകം ഒഴിവാക്കിയില്ല. അതിലെ വാക്കുകള്‍ മാറ്റി എഴുതിയതാണ്. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയത്തിലുണ്ടായിരുന്ന ഒരു ഖണ്ഡിക കൂടി പുതിയ പ്രമേയത്തിനൊപ്പം ചേര്‍ത്താണ് രാഷ്ട്രീയ ലൈന്‍ വ്യക്തമാക്കിയത്. ന്യൂനപക്ഷ അഭിപ്രായത്തില്‍ പല വിഷയങ്ങളും ഉണ്ടായിരുന്നു. പി.ബി ഒരു പുതിയ കരടാണ് അവതരിപ്പിച്ചത്. അതാണ് അംഗീകരിച്ചത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഉദിക്കുന്നില്ല. ഇടതിെൻറ ബദല്‍നയങ്ങളാണ് ഒരു രാഷ്ട്രീയ സഖ്യത്തില്‍ ഉയര്‍ത്തുന്നത്. ഇത് കോണ്‍ഗ്രസിെൻറ നയങ്ങള്‍ക്ക് കടകവിരുദ്ധമാണ്. കോണ്‍ഗ്രസുമായി ധാരണ പാര്ലമെൻറിനുള്ളിലാണ്. കോണ്‍ഗ്രസ് ധാരണയില്‍ മൂന്ന് വ്യവസ്ഥകളാണുള്ളത്. ഒന്ന്, പാര്‍ലമെൻറില്‍ യോജിപ്പുള്ള വിഷയം. രണ്ട്, വര്‍ഗീയതെക്കതിരെ മതനിരപേക്ഷ ശക്തികളെ അണിനിരത്തുക. മൂന്ന്, വര്‍ഗ-ബഹുജന സംഘടനകളെ അണിനിരത്തുക. അതിന് പുറത്ത് ഒരു രൂപരേഖ ഉണ്ടാവില്ല. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടായത് രാഷ്ട്രീയ ലൈൻ അനുസരിച്ചായിരുന്നില്ല. അത് വീണ്ടും ആവര്‍ത്തിക്കുന്നത് എന്തിനാണെന്നും വൃന്ദ ചോദിച്ചു.
എന്നാല്‍, ബി.ജെ.പി എന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ലെന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ വാചകം മാറ്റിയത് രാഷ്ട്രീയ ലൈന്‍ മാറ്റിയതിെൻറ ഭാഗമായാണ് എന്ന് മുഹമ്മദ് സലീം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.