കണക്കുകൂട്ടൽ തെറ്റിച്ച് പ്രതിനിധികൾ; വഴങ്ങി കാരാട്ട് പക്ഷം
text_fieldsഹൈദരാബാദ്: ‘‘സി.പി.എമ്മിെൻറ സുപ്രീംകോടതിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. നിങ്ങള്‍ എന്ത് തീരുമാനം എടുത്താലും അത് ഞങ്ങള്‍ അംഗീകരിക്കും... വര്‍ഗീയതക്കെതിരെ എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെയും വിശാല അണിനിരത്തല്‍ വേണമെന്ന വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിെൻറ ആഹ്വാനം നാം മുന്നോട്ട് കൊണ്ടുപോവും’’ -താന്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പോളിറ്റ് ബ്യൂറോയുടെ ഭേദഗതി നിർദേശം മുന്നോട്ടുവെച്ച് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് 763 സമ്മേളന പ്രതിനിധികളോടുമായി പറഞ്ഞു. പിന്നീട് എല്ലാം വെറും നടപടിക്രമം ആയിരുന്നു; ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും നടത്തിയ പോരാട്ടം ഫലസമാപ്തിയിലേക്ക് എത്തിയതിെൻറ.
കോണ്‍ഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ കേരളഘടക നേതൃത്വവും എതിരായി ബംഗാള്‍ ഘടകവും നിന്നതോടെ സി.പി.എം 1964ലേത് പോലെ പിളര്‍പ്പിലേക്ക് നീങ്ങുകയാണോയെന്ന സംശയം പുറംലോകത്തെങ്കിലും ഉണ്ടായി. എന്നാല്‍, കരട് പ്രമേയത്തിലെ തര്‍ക്കവിഷയമായ ‘കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ വേണ്ട’ എന്നതില്‍ മാറ്റം വേണമെന്ന് ഭൂരിഭാഗം സംസ്ഥാന ഘടകങ്ങള്‍ ആവശ്യപ്പെട്ടതോടെ കാരാട്ട് പക്ഷത്തിനും കേരള ഘടകത്തിനും കണക്കുകൂട്ടല്‍ തെറ്റി. ഇക്കാര്യത്തില്‍ നിർണായകമായത് ത്രിപുര ഘടകത്തിെൻറ അവസാന നിമിഷത്തിലെ നിലപാട് മാറ്റമായിരുന്നു.
തങ്ങള്‍ ഭൂരിപക്ഷത്തിനൊപ്പമാണെന്നും സമവായം വേണമെന്നും മണിക് സര്‍ക്കാര്‍ ഉൾപ്പെടെ നിലപാട് സ്വീകരിച്ചതോടെ മറുവിഭാഗത്തിന് വഴങ്ങുകയല്ലാതെ നിവൃത്തിയില്ലാതെ ആയി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സംസാരിച്ച രണ്ടും മൂന്നും പ്രതിനിധികളില്‍നിന്ന് ആദ്യ ദിവസ ചര്‍ച്ചയില്‍ മേധാവിത്വം കാരാട്ട്പക്ഷത്തിന് ലഭിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചയുടെ അവസാനദിനമായ വെള്ളിയാഴ്ച സ്ഥിതിഗതി മാറി. ധാരണയും തെരഞ്ഞെടുപ്പ് സഖ്യവും വേണ്ട എന്ന വാചകം മാറ്റാനായി പ്രതിനിധികളില്‍നിന്ന് നേതൃത്വം പ്രതീക്ഷിക്കാത്ത ഭേദഗതി നിർദേശമാണ് ലഭിച്ചത്. പ്രതിനിധികളുടെ വികാരം മനസ്സിലാക്കിയ 12 സംസ്ഥാന ഘടകവും ഇതോടെ ഭേദഗതിക്കായി രംഗത്തുവന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, ഹരിയാന, ത്രിപുര തുടങ്ങിയവയാണ് ഭേദഗതിക്കായി രംഗത്തെത്തിയത്. കേരളവും ആന്ധ്രപ്രദേശും അസമും ഡല്‍ഹിയും ഉൾപ്പെടെ ചില സംസ്ഥാന ഘടകങ്ങള്‍ മാത്രമായി കരട് പ്രമേയത്തെ പിന്തുണക്കുന്നവര്‍ ന്യൂനപക്ഷമായി. നേരത്തെ, കാരാട്ട് പക്ഷത്തിനെ പിന്തുണച്ച ഭൂരിപക്ഷം സംസ്ഥാനങ്ങളും കരട് പ്രമേയത്തില്‍ വൈരുധ്യമുണ്ടെന്നും പ്രായോഗിക സമീപനമാണ് വേണ്ടതെന്നും നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷത്തിെൻറ രാഷ്ട്രീയലൈനിന് ഒപ്പമാണ് തങ്ങെളന്ന് വ്യക്തമാക്കിയ ത്രിപുര പ്രശ്നം പരിഹരിച്ച് പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് ആഹ്വാനം ചെയ്തു.
പ്രതിനിധികളുടെ വികാരം തിരിച്ചറിഞ്ഞ സമ്മേളനം നിയന്ത്രിച്ച സ്റ്റിയറിങ് കമ്മിറ്റിയായി പ്രവര്‍ത്തിച്ച പി.ബി, യോഗം ചേര്‍ന്ന് ‘തിരുത്തലു’കള്‍ക്ക് ധാരണയിലെത്തി. തുടര്‍ന്ന് സംസാരിച്ച യെച്ചൂരി, സ്റ്റിയറിങ് കമ്മിറ്റി ചില തീരുമാനത്തില്‍ എത്തിയിട്ടുണ്ടെന്നും കാരാട്ട് അക്കാര്യം അറിയിക്കുമെന്നും പറഞ്ഞു. നല്ല ചര്‍ച്ചയാണ് നടന്നത്. ബി.ജെ.പി-ആര്.എസ്.എസ് സര്‍ക്കാറിനെ പരാജയപ്പെടുത്താന്‍ ജനങ്ങളെ അണിനിരത്താന്‍ മാര്‍ഗനിർദേശം നല്കുന്ന രാഷ്ട്രീയ പ്രമേയത്തിെൻറ വെളിച്ചത്തില്‍ ഐക്യത്തോടെ ആയിരിക്കും നാം മടങ്ങുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് പി.ബി ഭേദഗതി അവതരിപ്പിച്ച കാരാട്ട്, ചില പ്രതിനിധികള്‍ പറഞ്ഞതുപോലെ ‘ധാരണയോ, സഖ്യമോ’ എന്നീ ചില വാക്കുകളുടെ പ്രശ്നമല്ല ഇതെന്നും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നുവെന്നും പറഞ്ഞു. ‘‘ഈ പ്രശ്നം തീര്‍ക്കണമെന്നും ഐക്യത്തിെൻറ സന്ദേശം നല്‍കണമെന്നും ധാരാളം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അത് മനസ്സിലാക്കിയാണ് ഈ തീരുമാനം എടുത്തത്. കോണ്‍ഗ്രസുമായി ഒരു സഖ്യവും ഉണ്ടാവില്ല. ഭരണ വര്‍ഗവുമായുള്ള സഖ്യം ബദല്‍നയം കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും’’ -അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ ആകെ 47 പ്രതിനിധികള്‍ സംസാരിച്ചു. 373 ഭേദഗതികളില്‍ 37 എണ്ണം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.