കർണാടക കോൺഗ്രസ് നേതാവ് എച്ച്. വിശ്വനാഥ് പാർട്ടി വിട്ടു
text_fieldsബംഗളൂരു: മുൻ എം.പിയും മൈസൂരുവിൽ നിന്നുള്ള മുതിർന്ന നേതാവുമായ എ.എച്ച്. വിശ്വനാഥ് കോൺഗ്രസിൽനിന്ന് രാജിവെച്ചു. കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വരക്ക് ഒരാഴ്ചക്കുള്ളിൽ രാജിക്കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിൽ പാർട്ടി അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പാർട്ടിവിടുന്ന കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. മറ്റു പാർട്ടികളിൽ ചേരുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തവർഷം സംസ്ഥാന നിയമസഭതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷവിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. 40 വർഷമായി കോൺഗ്രസുമായി ചേർന്നുപ്രവർത്തിച്ച തനിക്ക് മരിക്കുന്നതുവരെ പാർട്ടി തന്നെയാണ് മാതാവ്. സിദ്ധരാമയ്യയുടെ കോൺഗ്രസിൽനിന്നാണ് രാജിവെക്കുന്നത്. തന്നെ പോലെ കുറുബ സമുദായക്കാരനായ സിദ്ധരാമയ്യയെ പത്തുവർഷംമുമ്പ് പാർട്ടിയിലെടുത്തതിൽ പരസ്യമായി പശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാവിപരിപാടികളെക്കുറിച്ച് ഒന്നും വിശ്വനാഥ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വിശ്വനാഥ് ജനതാദൾ -എസിൽ ചേർന്ന് നിയമസഭതെരഞ്ഞെടുപ്പിൽ ഹുൻസുർ മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ജനതാദൾ -എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി നേരേത്തതന്നെ വിശ്വനാഥിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി വിശ്വനാഥ് കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.