ബദാമിയിൽ സിദ്ധരാമയ്യയെ നേരിടാൻ റെഡ്ഡി വിശ്വസ്തൻ ശ്രീരാമുലു
text_fieldsബംഗളൂരു: രണ്ടാം സീറ്റിൽ മത്സരിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിടാൻ രണ്ടും കൽപിച്ച് ബി.ജെ.പി. ബാഗൽകോട്ട് ജില്ലയിലെ ബദാമി മണ്ഡലത്തിൽ ബി. ശ്രീരാമുലു എം.പിയാണ് ബി.ജെ.പി സ്ഥാനാർഥി. റെഡ്ഡി സഹോദരന്മാരുടെ വലംകൈയും പാർട്ടി കേന്ദ്രനേതൃത്വത്തിെൻറ വിശ്വസ്തനുമായ ശ്രീരാമുലു ചിത്രദുർഗ ജില്ലയിലെ മുളകാൽമുരു മണ്ഡലത്തിൽ നേരത്തെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പത്രിക സമർപ്പണത്തിെൻറ അവസാനദിനമായ ചൊവ്വാഴ്ച സിദ്ധരാമയ്യയും ശ്രീരാമുലുവും ബദാമിയിൽ പത്രിക നൽകി. സിദ്ധരാമയ്യ കോൺഗ്രസിെൻറ പ്രാദേശിക നേതാക്കളോടൊപ്പവും ശ്രീരാമുലു കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകർ, ബി.ജെ.പി ദേശീയ സെക്രട്ടറി മുരളീധർ റാവു, ബി.എസ്. യെദിയൂരപ്പ എന്നിവരോടൊപ്പവും എത്തിയാണ് പത്രിക സമർപ്പിച്ചത്. നാമനിർദേശപത്രിക സമർപ്പിച്ചശേഷം കോൺഗ്രസിെൻറ ശക്തിപ്രകടനമായി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ആയിരങ്ങൾ പെങ്കടുത്ത റാലി ബദാമിയിൽ അരങ്ങേറി.
പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ സിദ്ധരാമയ്യക്കെതിരെ മത്സരിക്കുമെന്ന് യെദിയൂരപ്പയും ശ്രീരാമുലുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവെര കൂടാതെ 2004 മുതൽ ബാഗൽകോട്ടിനെ പ്രതിനിധാനംചെയ്യുന്ന ലോക്സഭാംഗം പി.സി. ഗഡ്ഡി ഗൗഡറായിരുന്നു ബദാമിയിൽ ബി.ജെ.പിയുടെ അന്തിമപരിഗണനയിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ പുറത്തുവിട്ട അഞ്ചാം പട്ടികയിൽ ശ്രീരാമുലുവിന് രണ്ടാംനിയോഗം നൽകുകയായിരുന്നു. സിദ്ധരാമയ്യയെ തോൽപിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത ശ്രീരാമുലു, സഹസ്രകോടികളുടെ ഖനന അഴിമതിയിൽപ്പെട്ട് ജാമ്യത്തിൽ കഴിയുന്ന ഗാലി ജനാർദന റെഡ്ഡിക്ക് ബി.ജെ.പിയിൽ സ്ഥാനമുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.
റെഡ്ഡി സഹോദരന്മാരിൽ രണ്ടുപേർക്ക് ഇത്തവണ ടിക്കറ്റ് വാങ്ങിനൽകിയ ശ്രീരാമുലുവിെൻറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പിന്നാക്ക വിഭാഗക്കാർക്കിടയിൽ സ്വാധീനമുള്ള ജനാർദന റെഡ്ഡിയും ബദാമിയിലെത്തും. ബദാമിയിലെ 2.1 ലക്ഷം വരുന്ന വോട്ടർമാരിൽ 60 ശതമാനവും പിന്നാക്ക ജനതയാണ്. സിദ്ധരാമയ്യയുടെ സമുദായമായ കുറുബരാണ് ഇതിൽ കൂടുതൽ. ലിംഗായത്തുകളാണ് തൊട്ടുപിന്നിൽ. കുറുബരുടെയും ലിംഗായത്തുകളിൽ ഒരുവിഭാഗത്തിെൻറയും വോട്ടും ചെറുതല്ലാത്ത മുസ്ലിം, പട്ടികവർഗ വോട്ടുമാണ് കോൺഗ്രസിെൻറ പ്രതീക്ഷ.
വാല്മീകി-നായക് സമുദായക്കാരനായ ശ്രീരാമുലു 30,000ത്തോളം വരുന്ന സമുദായ വോട്ടും പരമ്പരാഗത ലിംഗായത്ത് വോട്ടും പ്രതീക്ഷിക്കുന്നുണ്ട്. കാൽലക്ഷത്തിലേറെയാണ് മണ്ഡലത്തിലെ പട്ടികജാതി വോട്ട്. ലിംഗായത്ത് നേതാവായ ഹനുമന്തപ്പയാണ് ജെ.ഡി-എസ് സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.