കർണാടകയിൽ ആടിയുലഞ്ഞ് ചെങ്ങന്നൂർ
text_fieldsചെങ്ങന്നൂർ: കർണാടക തെരഞ്ഞടുപ്പുഫലം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഗതിയെയും മാറ്റിമറിക്കുന്നു. കർണാടകയിൽ വലിയ ഒറ്റകക്ഷിയായിട്ടും കേവലഭൂരിപക്ഷം കിട്ടാത്തതിെൻറ നിരാശ ബി.ജെ.പി കേന്ദ്രങ്ങളിൽ ഉണ്ട്. കർണാടക ഭരണം പിടിക്കുന്നതിെൻറ ആവേശം ചെങ്ങന്നൂരിൽ പി.എസ്. ശ്രീധരൻ പിള്ളയെ മുന്നിലേക്ക് കൊണ്ടുവരുമെന്ന കണക്കൂകൂട്ടലിലായിരുന്നു പാർട്ടി. പ്രചാരണത്തിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും അപേക്ഷിച്ച് ഒരടി പിന്നിലായ ഘട്ടത്തിലൊക്കെ ബി.ജെ.പി കേന്ദ്രങ്ങൾ പറഞ്ഞിരുന്നത് കർണാടകയൊന്ന് കഴിഞ്ഞോട്ടെ എന്നായിരുന്നു.
ചൊവ്വാഴ്ച ആദ്യഫലം വന്നുതുടങ്ങുമ്പോൾ എൻ.ഡി.എ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസിൽ ആവേശവും യു.ഡി.എഫ് ഓഫിസിൽ മൗനവുമായിരുന്നു. ഉച്ചക്കുശേഷം ചിത്രം മാറിയതോടെ കോൺഗ്രസ് ക്യാമ്പുകൾ തികഞ്ഞ പ്രതീക്ഷയിലാണ്. മതേതര ജനാധിപത്യ സർക്കാറിനെ അധികാരത്തിലേറ്റാൻ കൈക്കൊണ്ട ചരിത്രപരമായ തീരുമാനം ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവാണെന്ന നിലയിൽ ചെങ്ങന്നൂരിൽ തങ്ങൾക്ക് അനുകൂല വിധിയെഴുത്തുണ്ടാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
കർണാടകയിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ചെങ്ങന്നൂരിൽ അതിെൻറ പേരിൽ ലഭിക്കാനിടയുള്ള അധിക വോട്ട് തങ്ങൾക്ക് ഗുണം ചെയ്യുമെന്നായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ. യു.ഡി.എഫ് വോട്ടുകളിൽ വിള്ളലുണ്ടാകുേമ്പാൾ സ്ഥിരം വോട്ടുബാങ്കിൽ ചോർച്ചയില്ലാതെ കാത്തുസൂക്ഷിച്ചാൽ വിജയിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, നിലവിൽ ബി.ജെ.പി പ്രതീക്ഷക്ക് മങ്ങലേറ്റ സാഹചര്യത്തിൽ ഒരു പരിധിക്കപ്പുറം എൽ.ഡി.എഫിന് ഈ കണക്കുകൂട്ടൽ വലിയ പ്രയോജനം ചെയ്യില്ല. യഥാർഥ മതേതര സംരക്ഷകർ തങ്ങളാണെന്ന കോൺഗ്രസ് അവകാശത്തെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സി.പി.എമ്മിന് കഴിയുകയുമില്ല.
വരുംദിവസങ്ങളിൽ വാഗ്ദാനങ്ങളുടെയും അവകാശവാദങ്ങളുടെയും പരമ്പരയുമായി മൂന്ന് മുന്നണിയുടെയും കേന്ദ്രനേതാക്കൾ മണ്ഡലത്തിലെത്തും. കർണാടകയുമായി ഭൂമിശാസ്ത്രപരമായി അകലെയായതിനാൽ അവിടുത്തെ ഫലം നേരിട്ട് ഇവിടെ വോട്ടർമാരെ സ്വാധീനിച്ചെന്ന് വരില്ല. എന്നാൽ, രാഷ്ട്രീയ നിലപാടുകളും കർണാടകയിലെ സർക്കാർ രൂപവത്കരണ നീക്കങ്ങളും ചെങ്ങന്നൂരിൽ തലനാരിഴകീറി ആഴത്തിലുള്ള ചർച്ചക്ക് കളമൊരുക്കുമെന്നും ഉറപ്പാണ്. അതിെൻറ പ്രതിഫലനങ്ങൾ നിശ്ചയമായും വോട്ടിങ്ങിൽ പ്രതിഫലിക്കുമെന്നതിലും സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.