കായംകുളം നഗരസഭ: അഞ്ച് കൗൺസിലർമാർ രാജിക്ക്; സി.പി.എം നേതൃത്വം വെട്ടിൽ
text_fieldsകായംകുളം: നഗരസഭയിലെ അഴിമതിക്കെതിരെ പ്രതികരിച്ചതിന് അച്ചടക്കനടപടിക്ക് വിധേയരായ അഞ്ച് കൗൺസിലർമാർ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെ സി.പി.എം നേതൃത്വം വെട്ടിലായി. ലോക്കൽ കമ്മിറ്റി അംഗവും ഫ്രാക്ഷൻ ലീഡറുമായ എ. അബ്ദുൽ ജലീൽ, ബ്രാഞ്ച് സെക്രട്ടറി കൂടിയായ അബ്ദുൽ മനാഫ്, റജില നാസർ, അനിത ഷാജി, സുഷമ അജയൻ എന്നിവരാണ് കൗൺസിലർ സ്ഥാനം രാജിവെക്കാൻ അനുമതിതേടി ജില്ല സെക്രട്ടറി ആർ. നാസറിന് കത്ത് നൽകിയത്. അഴിമതി ഭരണത്തിന് അനുകൂലമായി ഇനിയും കൈപൊക്കാനാകില്ലെന്ന നിലപാടാണ് കത്തിലൂടെ ഇവർ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം അബ്ദുൽ ജലീലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കാനും മനാഫ്, റജില, അനിത, സുഷമ എന്നിവരെ താക്കീത് ചെയ്യാനും വ്യാഴാഴ്ച കൂടിയ ഏരിയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നേരത്തേ കൂടിയ ഏരിയ കമ്മിറ്റി പാർലമെൻററി പാർട്ടി ലീഡറായ എസ്. കേശുനാഥിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
ജലീൽ അടക്കമുള്ളവരുടെ നടപടി തീരുമാനിക്കാൻ കീഴ്ഘടകങ്ങളോട് നിർദേശിക്കാനാണ് അന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ, കീരിക്കാട് അടക്കമുള്ള ലോക്കൽ കമ്മിറ്റികളിൽ വിഷയം ചർച്ചക്ക് വന്നാൽ നടപടി നിർദേശം തള്ളിക്കളയാനുള്ള സാഹചര്യം പരിഗണിച്ചാണ് ഏരിയ കമ്മിറ്റി രണ്ടാമതും കൂടി അച്ചടക്ക നടപടി തീരുമാനിച്ചത്.
നഗരഭരണ മറവിൽ കോടികളുടെ അഴിമതി നടന്നതായ ആരോപണമാണ് രാജിക്കത്തിലൂടെ കൗൺസിലർമാർ ജില്ല നേതൃത്വത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പടിഞ്ഞാറ് വശത്തുള്ള ഗോകുലം മൈതാനി ടൂറിസം സോണിൽനിന്ന് ഒഴിവാക്കിയത്, സ്വകാര്യ സ്റ്റാൻഡിനായി ഏറ്റെടുക്കാൻ ലക്ഷ്യമിട്ട സ്ഥലം മാസ്റ്റർ പ്ലാനിൽനിന്നും ഒഴിവാക്കിയത്, െഎ.ടി.എക്കും സ്റ്റേഡിയത്തിനും ഏറ്റെടുക്കാൻ കലക്ടറുടെ ഫണ്ടിൽ പണം അടച്ച സ്ഥലത്ത് കെട്ടിടം നിർമിക്കാൻ സ്വകാര്യ വ്യക്തിക്ക് അനുമതി നൽകിയത് തുടങ്ങി ഭരണ നേതൃത്വത്തിന് എതിരെ അഴിമതിയുടെ നീണ്ട നിരയാണ് ഇവർ അക്കമിട്ട് നിരത്തുന്നത്.
അതേസമയം ഭൂരിപക്ഷമില്ലാത്ത കൗൺസിലിൽ അഞ്ച് കൗൺസിലർമാരുടെ രാജി സംഭവിച്ചാൽ ഭരണനേതൃത്വവും പ്രതിസന്ധിയിലാകും. വിപ്പ് നൽകേണ്ട പാർലമെൻററി പാർട്ടി ലീഡറും നടപടിക്ക് വിധേയനായതിെൻറ സാേങ്കതികത്വവും ഒൗദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയാകും. ഞാണിൻമേൽ കളിയിലൂടെയാണ് നിർണായകമായ പല തീരുമാനങ്ങളും ഇടത് ഭരണ നേതൃത്വം നടപ്പാക്കിയിരുന്നത്.
ബി.ജെ.പിയുടെ നിക്ഷ്പക്ഷ നിലപാടുകളാണ് ഇതിന് പലപ്പോഴും സഹായകമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കൗൺസിലർമാരുടെ രാജി പാർട്ടിെയ പ്രതികൂലമായി ബാധിക്കുമെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ജില്ല നേതൃത്വത്തിെൻറ നിലപാട് നിർണായകമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.