കെ.സി. വേണുഗോപാല്‍ ജനറല്‍ സെക്രട്ടറി; പി.സി. വിഷ്ണുനാഥ് സെക്രട്ടറി
text_fieldsന്യൂഡല്‍ഹി: കെ.സി. വേണുഗോപാലിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായും പി.സി. വിഷ്ണുനാഥിനെ സെക്രട്ടറിയായും നിയമിച്ചു. ഇരുവര്‍ക്കും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയുടെ ചുമതലയും നൽകി. ഗോവയിൽ വലിയ ഒറ്റകക്ഷിയായിട്ടും സർക്കാറുണ്ടാക്കുന്നതിൽ പരാജയപ്പെട്ട ദിഗ്വിജയ് സിങ്ങിനെ കര്ണാടകത്തിെൻറയും ഗോവയുടെയും ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.
സംഘടനകാര്യങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാർദന്‍ ദ്വിവേദിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിയോടെ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധി വിവിധ തലങ്ങളില്‍ നടത്തിവന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. രണ്ടു തവണയായി 50 വീതം നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരില്‍നിന്നാണ് സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്. കെ.സി. വേണുഗോപാല്‍ പാര്‍ട്ടിയുടെ ലോക്സഭയിലെ ഡെപ്യൂട്ടി വിപ്പാണ്. ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാനും കെ.സി. വേണുഗോപാലായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ പി.സി. വിഷ്ണുനാഥ് യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ്.
തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളില്‍ ഒരു ജനറല്‍ സെക്രട്ടറിയും നാല് സെക്രട്ടറിമാരും അടങ്ങുന്ന സംഘത്തിന് ചുമതല നല്‍കുകയെന്നതാണ് പാര്‍ട്ടി അവലംബിച്ചിരിക്കുന്ന പുതിയ ശൈലി. ഇവര്‍ ബന്ധപ്പെട്ട സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. കഴിഞ്ഞദിവസം ഗുജറാത്ത് ചുമതലയുള്ള എ.െഎ.സി.സി ജനറല്‍ സെക്രട്ടറിയായി രാജസ്ഥാന് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ നിയമിച്ചിരുന്നു. അദ്ദേഹത്തിന് കീഴില്‍ നാലു സെക്രട്ടറിമാരെയും പ്രഖ്യാപിച്ചു. സമാനരീതിയിലാണ് കര്‍ണാടകയിലും കോൺഗ്രസ് ചുമതല നൽകിയത്. വിഷ്ണുനാഥ്, മാണിക് ഠാക്കൂർ, മധുയാഷ്കി ഗൗഡ്, ഡോ. സാകെ സൈല്‍ ജനാഥ് എന്നിവരാണ് കെ.സി. വേണുഗോപാലിനൊപ്പമുള്ള നാല് സെക്രട്ടറിമാർ
ഗോവയുടെ ചുമതല തമിഴ്നാട്ടില്‍നിന്നുള്ള നേതാവും മലയാളി വേരുകളുള്ളയാളുമായ ഡോ. ചെല്ലകുമാറിന് നല്കി. പക്ഷേ, അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയാക്കിയിട്ടില്ല. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിെൻറ മകനും എം.എല്‍.എയുമായ ഡോ. അമിത് ദേശ് മുഖ് ആണ് ചെല്ലകുമാറിന് കീഴിലുള്ള എ.ഐ.സി.സി സെക്രട്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.