ജോസ് കെ. മാണി സത്യത്തെ നഗ്‌നമായി വളച്ചൊടിക്കുന്നു -പി.ജെ. ജോസഫ്
text_fieldsതൊടുപുഴ: സത്യത്തെ നഗ്‌നമായി വളച്ചൊടിച്ച് കോടതിവിധിയെ തനിക്ക് അനുകൂലമായി വ്യാഖ്യാനിക്കുകയാണ് ജോസ് കെ. മാണിയെന്ന് പി.ജെ. ജോസഫ്. വിധിയുടെ പ്രസക്തഭാഗങ്ങള്‍ മറച്ചുവെച്ചാണ് ഈ കളി. ഇത്രയും കാലം കോടതിവിധി വരട്ടെയെന്ന് പറഞ്ഞ ജോസ്, ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പറയട്ടെ എന്നാണ് പറയുന്നതെന്നും ജോസഫ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കട്ടപ്പന സബ്‌കോടതിയുടെ വിധി സംബന്ധിച്ച് ജോസ് കെ. മാണി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. എത്ര പറഞ്ഞാലും തലയില്‍ കയറാത്ത ജോസ് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കെ.എം. മാണി അംഗീകരിച്ച പാർട്ടി ഭരണഘടനയെയാണ് തള്ളിപ്പറയുന്നതെന്നും ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ കോടതിയില്‍ ജോസിനൊപ്പമുള്ള നിയോജക മണ്ഡലം പ്രസിഡൻറ് കേസ് കൊടുത്തിരിക്കുന്നതിനാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാനാകില്ല.
എവിടെയും ഉടക്കുണ്ടാക്കുന്ന കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. എത്ര പറയരുതെന്ന് വിചാരിച്ചാലും ‘പറയിപ്പിച്ചേ അടങ്ങൂ’ എന്ന വിധത്തിലാണ് ജോസിെൻറ പ്രവൃത്തികള്‍. ചെയര്‍മാന്‍ തര്‍ക്കത്തില്‍, വ്യാജസീലും കള്ളയൊപ്പുമിട്ട വ്യാജപ്രമാണമാണ് നേരത്തേ ജോസ് ഇടുക്കി കോടതിയില്‍ ഹാജരാക്കിയതെന്ന് തെളിഞ്ഞിരുന്നു.
ഇതുപോലെ കൃത്രിമം കാണിക്കുന്നയാള്‍ ഒരു പാര്‍ട്ടിക്കും ഗുണകരമല്ലെന്ന് ഇടുക്കി മജിസ്ട്രേറ്റിെൻറ വിധിന്യായത്തിലുണ്ട്. വ്യാജരേഖ ചമച്ചതിന് ജോസിെനതിരെ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസുണ്ട്. ചുരുങ്ങിയത് ഒരു കൊല്ലം കഠിനതടവ് കിട്ടാവുന്ന കുറ്റമാണിത്. സംസ്ഥാന സമിതി വിളിച്ചുചേര്‍ത്ത് ചെയര്‍മാനായതും ഇത്തരം പ്രവൃത്തികളിലൂടെയാണ്.
യു.ഡി.എഫിനെ ഞാന്‍ കബളിപ്പിച്ചെന്ന് ജോസ് പറയുന്നതും കള്ളമാണ്. ഞാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ പാലായില്‍ ജോസിെൻറ സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കില്ലെന്ന് യു.ഡി.എഫ് നേതൃത്വവുമായി നേരത്തേ ധാരണയുണ്ടായിരുന്നു. പാലായിലെ കണ്‍വെന്‍ഷനില്‍ എെന്ന കൂക്കിവിളിച്ച സമയത്തുപോലും ‘മാണിയാണ് ചിഹ്നം’ എന്ന് ജോസ് കെ. മാണി ഉറക്കെ പ്രഖ്യാപിച്ചതും എല്ലാവരും കേട്ടതാണ്.
കെ.എം. മാണിയും താനും പലകാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിലപാടുകളിൽ കൃത്രിമത്വം കാണിച്ചിട്ടില്ല. സ്വന്തം പക്ഷത്തുനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനാണ് ജോസ് കെ. മാണി കോടതിവിധിയെ വളച്ചൊടിച്ചുള്ള അഭ്യാസവുമായി വരുന്നതെന്ന് ജോസഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.