അമിതാരവമില്ലാതെ യു.ഡി.എഫ് തട്ടകം
text_fieldsകെട്ടുറപ്പുള്ള കോട്ടയാണ് യു.ഡി.എഫിന് എറണാകുളം. പക്ഷേ, ഭേദിക്കാനാവാത്ത മറയല്ല അതെ ന്ന് എൽ.ഡി.എഫ് രണ്ടുതവണ തെളിയിച്ചിട്ടുണ്ട്. അതിനാൽ, വലതുപക്ഷത്ത് വലിയ ആശങ്കയോ ഇടതുപക്ഷത്ത് തികഞ്ഞ നിരാശയോ ഇല്ല. മണ്ഡലത്തെ ഇളക്കിമറിക്കുന്ന ആരവങ്ങളോ ആവേശപ്രകടനങ്ങളോ കാണാനില്ല. എന്നാൽ, അടിത്തട്ടുമുതൽ ചിട്ടയായ പ്രവർത്തനം സജീവം. ചുക്കാൻ പിടിക്കാൻ മന്ത്രിമാരടക്കം നേതാക്കൾ. ചൂടേറ്റാൻ കൈമെയ് മറന്ന് അണികൾ. മണ്ഡലത്തിെൻറ വലതുരാഷ്ട്രീയ പാരമ്പര്യത്തിൽ യു.ഡി.എഫ് ജയം ഉറപ്പിക്കുേമ്പാൾ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് എൽ.ഡി.എഫ് പ്രതീക്ഷ. വോട്ടൊന്ന് കൂടിക്കിട്ടിയാൽ മതിയെന്ന ചിന്തയാണ് ബി.ജെ.പിക്ക്.
എന്നും വലത്തോട്ട്; ഇരുവട്ടം ഇടതിന്
കൊച്ചി കോർപറേഷനിലെ 26 (കൊച്ചി താലൂക്ക്), 27 മുതൽ 30 വരെ, 52 മുതൽ 66 വരെ, 32, 35 വാർഡുകളും ചേരാനല്ലൂർ പഞ്ചായത്തും (കണയന്നൂർ താലൂക്ക്) ഉൾപ്പെട്ടതാണ് എറണാകുളം നിയമസഭ മണ്ഡലം. 79,119 സ്ത്രീകളും 76,184 പുരുഷന്മാരും മറ്റുള്ള മൂന്നുപേരും ഉൾപ്പെടെ ആകെ 1,55,306 വോട്ടർമാർ. ഇവിടുത്തെ 18ാമത് നിയമസഭ തെരഞ്ഞെടുപ്പാണിത്. ഇതുവരെ നടന്ന 17ൽ 15ലും വിജയം യു.ഡി.എഫിനായിരുന്നു. 1987ൽ സ്വതന്ത്ര സ്ഥാനാർഥി പ്രഫ. എം.കെ. സാനുവും ‘98ൽ മറ്റൊരു സ്വതന്ത്രൻ ഡോ. സെബാസ്റ്റ്യൻ പോളുമാണ് ഇടതിന് ആശ്വാസവിജയം സമ്മാനിച്ചത്. 2011 മുതൽ ഹൈബി ഈഡനാണ് എം.എൽ.എ.
ഗോദയിൽ ഒമ്പതുപേർ
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ സ്ഥാനാർഥികളുടെ എണ്ണത്തിൽ മുന്നിൽ എറണാകുളമാണ്. ആറ് സ്വതന്ത്രരടക്കം ഒമ്പതുപേർ. യു.ഡി.എഫിനുവേണ്ടി കോൺഗ്രസിലെ ടി.ജെ. വിനോദും എൽ.ഡി.എഫ് സ്വതന്ത്രനായി അഡ്വ. മനു റോയിയും ബി.ജെ.പിയിൽനിന്ന് സി.ജി. രാജഗോപാലുമാണ് ജനവിധി തേടുന്നത്.
വിഷയങ്ങൾ പലത്
42 കോടി മുടക്കി നിർമിച്ച പാലാരിവട്ടം മേൽപാലത്തിലെ അഴിമതിയാണ് എൽ.ഡി.എഫിെൻറ മുഖ്യ പ്രചാരണായുധം. ആരോപണ വിധേയനായ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ മുൻനിർത്തിയാണ് ഇവർ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നത്. സംസ്ഥാന സർക്കാറിെൻറ ഭരണനേട്ടങ്ങൾ മണ്ഡലത്തിന് അതിവേഗം ലഭിക്കാൻ ഭരണത്തിനൊപ്പമുള്ള എം.എൽ.എ വേണമെന്ന് എൽ.ഡി.എഫ് വാദിക്കുന്നു. റോഡും മാലിന്യവും ഉൾപ്പെടെ നഗരത്തിെൻറ വികസന പ്രശ്നങ്ങൾ, യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി നഗരസഭയുടെ വീഴ്ചകൾ എന്നിവയും പ്രചാരണ വിഷയങ്ങളാണ്.
എന്നാൽ, ഇടതുഭരണത്തിലെ രാഷ്ട്രീയ അക്രമം, അഴിമതി, സംസ്ഥാനത്തിെൻറ സാമ്പത്തിക പ്രതിസന്ധി, പി.എസ്.സി പരീക്ഷാതട്ടിപ്പ്, പ്രളയാനന്തര പുനർനിർമാണത്തിലെ വീഴ്ചകൾ എന്നിവ ഉയർത്തിയാണ് യു.ഡി.എഫ് ഇതിനെ നേരിടുന്നത്. ഇരു മുന്നണികളുടെയും അഴിമതിക്ക് തെളിവായി പാലാരിവട്ടം പാലത്തെ ഉയർത്തിക്കാട്ടുന്ന ബി.ജെ.പി, നഗരത്തിലെ റോഡുകളുടെ ദുരവസ്ഥയും നഗരസഭ ഭരണത്തിലെ അഴിമതിയും മോദി സർക്കാറിെൻറ ഭരണനേട്ടങ്ങളും ചർച്ചയാക്കുന്നു.
കണക്കിനൊപ്പിച്ച്, കളമുറപ്പിച്ച്
2016ൽ ഹൈബിക്ക് ഭൂരിപക്ഷം 21,949 വോട്ടായിരുന്നു. യു.ഡി.എഫിന് 52.8ഉം എൽ.ഡി.എഫിന് 32.7ഉം ബി.ജെ.പിക്ക് 13.6ഉം ശതമാനമായിരുന്നു വോട്ട് വിഹിതം. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ട് 2.98 ശതമാനം കൂടിയപ്പോൾ എൽ.ഡി.എഫിന് 5.02 ശതമാനം കുറഞ്ഞു. ബി.ജെ.പിക്ക് 2.41 ശതമാനം വർധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷം നേടിയ ഹൈബിക്ക് തൃക്കാക്കര കഴിഞ്ഞാൽ കൂടുതൽ ലീഡ് ലഭിച്ച നിയമസഭ മണ്ഡലമാണ് എറണാകുളം.
അതേ രാഷ്ട്രീയ സാഹചര്യമാണ് നിലവിലെന്നും അതിനാൽ മികച്ച ഭൂരിപക്ഷം ഉറപ്പെന്നുമാണ് യു.ഡി.എഫ് അവകാശവാദം. വോട്ടർമാരിൽ 40 ശതമാനം ലത്തീൻ സമുദായക്കാരാണ്. ഇരു മുന്നണികളും ലത്തീൻ സമുദായത്തിൽനിന്ന് സ്ഥാനാർഥികളെ കണ്ടെത്തിയത് ഇവരുടെ പിന്തുണ ലക്ഷ്യമിട്ടാണ്. കഴിഞ്ഞതവണ സ്ഥാനാർഥി നിർണയത്തിൽ സമുദായത്തെ തഴഞ്ഞത് ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.