അഞ്ചിൽ ഇഞ്ചോടിഞ്ച്; സർവം സാമുദായികം
text_fieldsഅഞ്ചുമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഉയർന്നു നിൽക്കുന്ന വിഷയം സാമുദായികം. രാഷ്ട്രീയമായി പറയാൻ ഒന്നും ഇല്ലെന്നതാണ്, മുന്നണികളെ അലട്ടുന്ന വിഷയം. ജാതി മത സമവാക്യങ്ങൾ നോക്കിയും വിശ്വാസപ്രമാണങ്ങളെ ബഹുമാനിച്ചും ഇക്കുറി മുന്നണികൾ ഭവ്യതേയാടെ വോട്ടർമാരെ സമീപിക്കുമ്പോൾ രാഷ്ട്രീയ വിഷയങ്ങൾ മെല്ലെ വഴിമാറുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെേയാ 2016 നിയമസഭ തെരഞ്ഞെടുപ്പിലെയോ പ്രശ്നങ്ങൾ ഇക്കുറി ഉപതെരഞ്ഞെടുപ്പിൽ ഉയരുന്നില്ല. പ്രാദേശികവും സങ്കുചിതവുമായ കാര്യങ്ങൾക്കാണ് പ്രാധാന്യം കിട്ടുന്നത്. മഞ്ചേശ്വരം മുതൽ തിരുവനന്തപുരംവരെ അതാണവസ്ഥ. മൂന്നു മുന്നണികളും ഇത് പലവിധ മേമ്പൊടികൾ ചേർത്ത് പരീക്ഷിക്കുന്നു.
ശബരിമല പറയാനാവാതെ...
ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നിടത്തും ബി.ജെ.പി കൂടുതൽ വോട്ടുകൾ നേടിയിരുന്നു. എന്നാൽ, ശുഭപ്രതീക്ഷ െവച്ചുപുലർത്താതെയാണ് അവർ മത്സരരംഗത്തുള്ളതെന്നത് രസകരമായി തോന്നാം. വ്യക്തിപരമായെങ്കിലും വിജയപ്രതീക്ഷ പുലർത്തുന്ന ഒരു സ്ഥാനാർഥി മത്സരിക്കുന്ന കോന്നിയിലും വോട്ടുതേടാൻ വിഷയമില്ലെന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. ലോക്സഭയിൽ ശബരിമലയെയാണ് കൂട്ടുപിടിച്ചതെങ്കിൽ ഇക്കുറി അതും അവരോടൊപ്പമില്ല. ശബരിമലയെ ഇക്കുറി മുതലാക്കാൻ ശ്രമിക്കുന്നത് യു.ഡി.എഫാണ്.
ഹൈന്ദവേവാട്ടുകൾ േതടിനടന്ന ബി.ജെ.പി, ലോക്സഭ തെരഞ്ഞെടുപ്പിൽ കുറേ സി.പി.എം വോട്ടുകൾ നേടി. കോൺഗ്രസിെൻറയും കുറച്ച് വോട്ടുകൾ ചോർന്നെങ്കിലും സി.പി.എമ്മിന് നല്ല നഷ്ടമുണ്ടായി. അത് തടയാൻ നേരത്തേതന്നെ ‘നവോത്ഥാന പ്രസ്ഥാനം’ വഴി സി.പി.എം ശ്രമിച്ചെങ്കിലും ലോക്സഭയിൽ അത് ഗുണം ചെയ്തില്ല. ഉപതെരഞ്ഞെടുപ്പിലും വോട്ട് ഭിന്നിക്കാതിരിക്കാൻ സി.പി.എം ആഞ്ഞുശ്രമിക്കുന്നുണ്ട്. ആ വക ശ്രമങ്ങളില്ലെങ്കിലും യു.ഡി.എഫും സാമുദായികതയാണ് വോട്ടിനുള്ള വഴിയായി കണ്ടെത്തിയത്. എന്നാൽ, രണ്ടുകൂട്ടരും അതുവിട്ട് ചില പരീക്ഷണങ്ങൾ നടത്തുന്നുമുണ്ട്.
സി.പി.എമ്മിെൻറ തുറുപ്പുശീട്ടുകളിലൊന്നാണ് നവോത്ഥാന പ്രസ്ഥാനം. തെരഞ്ഞെടുപ്പുമായി അതിനു ബന്ധമൊന്നുമില്ലെന്നു പറയുമെങ്കിലും അതിെൻറ പ്രതിബിംബങ്ങളാണ് ഏറെക്കാണാനുള്ളത്. പ്രചാരണ രംഗത്ത് അതുവഴി കൈകാര്യം ചെയ്യാവുന്ന പ്രദേശങ്ങളെ അവർ വേണ്ടവണ്ണം ഉപയോഗിക്കുന്നുണ്ട്. യു.ഡി.എഫിനാകെട്ട ആവക കാര്യങ്ങളിൽ ഒരു ദിശാബോധം കിട്ടുന്നുമില്ല. സാമ്പത്തിക പരാധീനതകൾ അവരുടെ പ്രചാരണരംഗത്ത് മുഴച്ചുനിൽക്കുന്നു. അതിനെക്കാൾ വലിയ പരാധീനത, അവരുടെ അനിഷേധ്യനേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ അഭാവമാണ്. വമ്പൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചുവിട്ട നേതാവ്, ഒരു പ്രധാന തെരെഞ്ഞടുപ്പുവന്നിട്ട് തിരിഞ്ഞു നോക്കുന്നില്ലെന്ന വിഷമം കോൺഗ്രസ് നേതാക്കൾക്കു മാത്രമല്ല, മുസ്ലിംലീഗ് നേതാക്കൾക്കുമുണ്ട്.
ദേശീയരാഷ്ട്രീയം ചർച്ചയേ അല്ല
ഉപതെരഞ്ഞെടുപ്പാണെങ്കിലും എൻ.ഡി.എ മത്സരിക്കുന്ന നിലക്ക് ദേശീയരാഷ്ട്രീയം ചർച്ചക്കു വരേണ്ടതാണ്. പ്രത്യേകിച്ചും അരക്ഷിതബോധം െവച്ചുപുലർത്തുന്ന മതന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള കേരളത്തിൽ. ഒരു സഹകരണസംഘം ബൈേലാ പോലും ഭേദഗതിചെയ്യാൻ ഏറെ നടപടിക്രമങ്ങൾ ഉണ്ടെന്നിരിക്കെ, ഭരണഘടനതന്നെ നിമിഷങ്ങൾകൊണ്ട് തിരുത്തിയെഴുതി ഉത്തരവ് പുറപ്പെടുവിക്കുന്ന അവസ്ഥയാണ് ദേശീയതലത്തിലുള്ളത്.
എന്നിട്ടും ആരും അതേക്കുറിച്ചൊന്നും ഒാർക്കുന്നില്ല. അതുപറയാൻ ദേശീയ േനതാക്കൾ എത്തുന്നില്ല. ഇതൊക്കെ അത്ഭുതകരമായി തോന്നാം. കൂടത്തായി കൊലപാതകം പോലും വിഷയമാക്കിയിട്ടും ദേശീയ സാമ്പത്തിക സ്ഥിതിയെപ്പറ്റി നമ്മുടെ നേതാക്കൾ മിണ്ടുന്നില്ല. ബി.ജെ.പി ദേശീയനേതാക്കൾ ഇൗ ഉപതെരെഞ്ഞടുപ്പിനെ ഉപേക്ഷിച്ച മട്ടാണ്. മറ്റു സംസ്ഥാനങ്ങളിലെ ഉപതെരെഞ്ഞടുപ്പുകളിൽ അവരുടെ സാന്നിധ്യം കാണാം.
ബി.ജെ.പി പ്രശ്നച്ചുഴിയിൽ
കേരളത്തിലെ ബി.ജെ.പിയിൽ ഇക്കുറിയും പ്രശ്നങ്ങളുണ്ട്. സാധാരണ ഗതിയിൽ ആർ.എസ്.എസും ആർ.എസ്.എസ് ഇതര ബി.ജെ.പിക്കാരും തമ്മിലാണ് അഭിപ്രായഭിന്നത ഉണ്ടാകാറുള്ളത്. ഇക്കുറി ആർ.എസ്.എസിൽ തന്നെ അഭിപ്രായഭിന്നത രൂക്ഷമാണ്. അതിെൻറ പരിണിതഫലമാണ്, കുമ്മനം തഴയപ്പെട്ടത്. ശബരിമല പ്രശ്നത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ച അവർക്ക് നിരാശപ്പെടേണ്ടി വന്നു. ആ വിഷയം പറയാൻപോലും കഴിയാത്ത ഒരു ഗതികേടിലാണ് ബി.ജെ.പി ചെന്നെത്തിയത്. പിന്തുണക്കുമെന്നു പ്രതീക്ഷിച്ച എൻ.എസ്.എസ് ഇക്കുറി ‘ശരിദൂരം’ വിട്ട് പരസ്യമായി യു.ഡി.എഫിന് പിന്തുണ അറിയിക്കുകയും ചെയ്തു.
എൻ.എസ്.എസിെൻറ പിന്തുണയിലാണ്, വട്ടിയൂർക്കാവിലും കോന്നിയിലും യു.ഡി.എഫിന് പ്രതീക്ഷ. സ്ഥാനാർഥി നിർണയത്തിൽ അടൂർ പ്രകാശിനുണ്ടായ മാനസികവിഷമം പരിഹരിക്കാനായിട്ടുെണ്ടന്നാണ് കോന്നിയിലെ കോൺഗ്രസ് പ്രവർത്തകർ കരുതുന്നത്. വട്ടിയൂർക്കാവിൽ പിരപ്പൻകോട് മുരളി സ്ഥാനാർഥിയായാൽ എൻ.എസ്.എസിെൻറ പൂർണപിന്തുണ അവിെട കിട്ടുമായിരുന്നില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ ഭയന്നിരുന്നു.
വോട്ടിൽ ജാതിനോട്ടം
ഇരുമുന്നണികൾക്കും ഉറച്ച പ്രതീക്ഷയുള്ള മണ്ഡലങ്ങൾ ഒാരോന്നാണ്. എറണാകുളം യു.ഡി.എഫും അരൂർ എൽ.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്. പ്രതീക്ഷക്കു വിപരീതമായത് സംഭവിക്കാമെന്ന് പറയുന്നുമുണ്ട്. അവിടെയും ജാതിമത സമവാക്യങ്ങളാണ് വിജയപ്രതീക്ഷക്ക് കാരണമായി ഇരുകൂട്ടരും കാണുന്നത്.
എന്നാൽ, സി.പി.എം വട്ടിയൂർകാവിലും യു.ഡി.എഫ് അരൂരിലും ജാതിമത സമവാക്യങ്ങളിൽനിന്ന് മാറി പരീക്ഷണത്തിനു മുതിർന്നതിനെ ചെറുതായി കാണാനാകില്ല.
വട്ടിയൂർകാവ് നായർ സമുദായം കൂടുതലുള്ള മണ്ഡലമാണെന്നാണ് കണക്ക്. അതിനാൽ എല്ലാവരും നായർ സ്ഥാനാർഥികെളയാണ് മത്സരിപ്പിക്കാറുള്ളത്. ഇക്കുറി അതിൽനിന്നു മാറിയാണ് സി.പി.എം ചിന്തിച്ചത്. നഗരസഭ മേയർ എന്ന നിലയിൽ സമ്മതനും യുവാവുമായ സ്ഥാനാർഥിയെ നിർത്തിയത് മികച്ച പരീക്ഷണമാണ്. പലപ്പോഴും രണ്ടാം സ്ഥാനത്ത് എത്താറുള്ള ബി.ജെ.പി ഇക്കുറി അവിടെ അത്ര പ്രശസ്തനല്ലാത്ത സ്ഥാനാർഥിയെ പരീക്ഷിക്കുന്നു.
പ്രതീക്ഷ വാനോളം
ഇതുവരെനടന്ന 17 തെരെഞ്ഞടുപ്പുകളിൽ പതിനഞ്ചിലും ജയിച്ച എറണാകുളം മണ്ഡലത്തിൽ കോൺഗ്രസിന് ഇക്കുറിയും പൂർണ പ്രതീക്ഷയാണ്. പാലാ പോലുള്ള അട്ടിമറികൾ അവിടെയുണ്ടാകില്ലെന്ന് യു.ഡി.എഫ് പറയുേമ്പാൾ മാറിയ കാലാവസ്ഥയിൽ എന്തും സംഭവിക്കുമെന്നതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സഭാതർക്കം, പാലാരിവട്ടം അഴിമതി എന്നിവ അവിെട ചർച്ചവിഷയമാണ്. എന്നാൽ, തർക്കമുള്ള സഭക്കാരുടെ വോട്ടുകൾ എറണാകുളത്ത് കുറവാണ്. കോന്നിയിലാണ് അത് പ്രതിഫലിക്കുക.
അവിടെയുള്ള ഒാർത്തഡോക്സ് പള്ളിയെയും വോട്ടർമാരെയും അനുകൂലമാക്കാൻ വീണാ ജോർജിെൻറ സാന്നിധ്യം കൊണ്ടു കഴിയുമെന്ന് ഇടതുമുന്നണി കരുതുന്നുണ്ട്. എറണാകുളത്ത് പാലാരിവട്ടം പാലം ഒരു ചർച്ചവിഷയമാകാതിരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ്, വി.കെ ഇബ്രാഹിം കുഞ്ഞിനെ മറവിൽ നിർത്തിയെതന്ന് ആരോപണവും ഇടതുപക്ഷത്തിനുണ്ട്.
ന്യൂനപക്ഷം ഭൂരിപക്ഷം
മഞ്ചേശ്വരത്ത് ജാതിസമവാക്യം നോക്കിതന്നെയാണ് സി.പി.എം സ്ഥാനാർഥിയെ ഇറക്കിയതെന്ന് കരുതിയാൽ തെറ്റില്ല. വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾ ചേർന്ന് 52 ശതമാനം വരുമെങ്കിലും ഒറ്റ സമുദായമെന്ന നിലയിൽ വലുതായ ‘ബൺസി’ലെ പ്രമുഖനെ രംഗത്തിറക്കി പരീക്ഷിക്കുകയാണ്, സി.പി.എം. ബി.ജെ.പി വോട്ടുകൾ അടിപടലം മറിച്ച് അനുകൂലമാക്കാൻ ഇൗ പരീക്ഷണം കൊണ്ടു കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷ. വിശ്വാസത്തിൽ ഉറച്ചുനിന്നുള്ള പ്രചാരണ രീതിയാണ് അവലംബിച്ചതെന്നതും അതിനോട് കുട്ടി വായിക്കണം. എന്നാൽ മണ്ഡലം ചതിക്കിെല്ലന്ന പുർണ പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. പൊതുവേ നോക്കിയാൽ, ഇക്കുറി എൽ.ഡി.എഫ്-യു.ഡി.എഫ് മത്സരമാണ് നടക്കുന്നതെന്നും എൻ.ഡി.എക്ക് വലിയ പ്രസക്തിയില്ലെന്നുമുള്ള വാദത്തിൽ കഴമ്പുണ്ടെന്നുമാണ് തോന്നുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.