കിളിക്കൊല്ലൂർ സംഭവം: പൊലീസ് റിപ്പോർട്ട് വിചിത്രമെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കിളിക്കൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും പൊലീസ് സ്‌റ്റേഷനിൽ വെച്ച് പൊലീസുകാർ ക്രൂരമായി മർദിച്ച സംഭവത്തിൽ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് വിചിത്രമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് സ്റ്റേഷനിൽ സൈനികന് മർദനമേറ്റെന്നും മർദിച്ചത് ആരാണെന്ന് അറിയില്ലെന്നും പൊലീസ് കമ്മീഷണർ പറഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് നൽകിയ റിപ്പോർട്ട് കേരളത്തിൽ പൊലീസിന് എന്തുമാകാമെന്ന ധിക്കാരമാണ്. സൈനികനെ പൊലീസുകാർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം ലോകത്തെല്ലാവരും കണ്ടതാണ്. നിനക്ക് തോക്കെടുത്ത് വെടിവെക്കാൻ വിരൽ ഉണ്ടാവില്ലെന്ന് പറഞ്ഞാണ് വിഷ്ണുവിനെ പൊലീസുകാർ ഉപദ്രവിച്ചത്. കുറ്റക്കാരെ സംരക്ഷിക്കാനുള്ള പൊലീസ് റിപ്പോർട്ടിന് പിന്നിൽ സംസ്ഥാന സർക്കാർ തന്നെയാണെന്ന് വ്യക്തമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കിളിക്കൊല്ലൂരിലെ പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാർ തയാറാകണം. ആക്രമിക്കപ്പെട്ടത് രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികനാണ്. പിണറായി വിജയൻ ഭരണത്തിൽ പൊലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നത്. സി.പി.എം ഗുണ്ടകളും പൊലീസ് സഖാക്കളും അഴിഞ്ഞാടുകയാണ്. പൊലീസ് ജനങ്ങളുടെ മേൽ കുതിര കയറുന്നത് പതിവായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.