ചെങ്ങന്നൂർ: മാണി ഊരാക്കുടുക്കിൽ
text_fieldsകോഴിക്കോട്: ചെങ്ങന്നൂർ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വോട്ടിനെച്ചൊല്ലി വിവാദങ്ങൾ പുകയവേ കെ.എം. മാണി ഊരാക്കുടുക്കിൽ. അഴിക്കാൻ ശ്രമിക്കുന്തോറും കുരുക്ക് മുറുകുന്ന സാഹചര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ മാണി നട്ടംതിരിയുകയാണ്. ഒടുവിൽ മനഃസാക്ഷി വോട്ട് പ്രഖ്യാപിച്ച് തടിയൂരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നത്. ഫലത്തിൽ അത് ഇടതുപക്ഷത്തിന് അനുകൂലമായാണ് വ്യാഖ്യാനിക്കപ്പെടുക. സി.പി.എം ആഗ്രഹിക്കുന്നതും മനഃസാക്ഷി വോട്ടാണ്. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ലെന്ന് മാണിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.
കോൺഗ്രസിനെ പാഠംപഠിപ്പിക്കാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നാണ് മാണിയുടെ ആഗ്രഹം. കേരള കോൺഗ്രസ് വോട്ടിെൻറ പിൻബലത്തിൽ സി.പി.എം സ്ഥാനാർഥി ജയിച്ചാൽ ഇടതുപക്ഷത്ത് ചേക്കേറാൻ അവസരവുമാകും. എന്നാൽ, സി.പി.ഐ ഇടഞ്ഞുനിൽക്കുന്നതിനാൽ മാണിക്ക് ഒരുറപ്പും നൽകാൻ സി.പി. എമ്മിന് കഴിയില്ല. ഇടതുപക്ഷത്ത് മാണിയെ എടുക്കുന്നതിൽ കടുത്ത എതിർപ്പുള്ള സി.പി.ഐ, നിലപാടിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. മാത്രമല്ല, ചെങ്ങന്നൂരിൽ മാണിയുടെ വോട്ട് വേണ്ടെന്നു പറത്ത് സി.പി.എമ്മിനെ ഞെട്ടിക്കുകയും ചെയ്തു. മാണി അഴിമതിക്കാരൻ എന്നതിലുപരി കേരള കോൺഗ്രസ് എൽ.ഡി.എഫിൽ വന്നാൽ തങ്ങളുടെ പ്രസക്തി കുറയുമെന്ന ആശങ്കയാണ് സി.പി.ഐയുടെ എതിർപ്പിനു പിന്നിൽ. സി.പി.ഐ കേന്ദ്രനേതൃത്വത്തെ ഇടപെടുവിച്ച് മാണിയോടുള്ള എതിർപ്പ് കുറക്കാൻ സി.പി.എം നടത്തിയ ശ്രമവും ഫലം കണ്ടില്ല.
പലതവണ മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച കോൺഗ്രസ് ഇനി പരസ്യമായി ക്ഷണിക്കേണ്ടെന്ന നിലപാടിൽ എത്തിച്ചേർന്നിരിക്കുകയാണ്. അതേസമയം, അദ്ദേഹത്തെ അപമാനിക്കുകയോ പ്രകോപിപ്പിക്കുകയോ വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. യു.ഡി.എഫിലേക്ക് തിരിച്ചുവരാൻ കേരള കോൺഗ്രസിന് ലഭിക്കുന്ന സുവർണാവസരമാണിത്. ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം അവശേഷിക്കെ, ജോസ് കെ. മാണിയുടെ സീറ്റിെൻറ കാര്യത്തിൽ മാണിക്ക് ഉറപ്പുകിട്ടണം. കോൺഗ്രസ് സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുത്താൽ എല്ലാം മറന്ന് മടങ്ങിവരാൻ മാണി ഒരുക്കമാണ്.
എന്നാൽ അത്ര വലിയ വില കൊടുത്ത് തിരിച്ചുകൊണ്ടുവരേണ്ട എന്ന അഭിപ്രായത്തിനാണ് കോൺഗ്രസിൽ മുൻതൂക്കം. ഗതികെട്ട് മടങ്ങിവരുമ്പോൾ മാന്യമായ സ്വീകരണം നൽകുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. യു.ഡി.എഫിൽ മടങ്ങിയെത്തിയാലും കോട്ടയത്ത് ജോസ് കെ. മാണിയെ മത്സരിപ്പിച്ചാൽ കോൺഗ്രസുകാർ തോൽപിക്കുമെന്ന് മാണിക്ക് ഭയമുണ്ട്. കോട്ടയം ജില്ലയിൽ അത്രമേൽ അകന്നുകഴിഞ്ഞു ഇരു പാർട്ടികളും.
ബി.ജെ.പിയിലും മാണിയോടുള്ള സമീപനത്തിൽ ഭിന്നിപ്പുണ്ട്. കേരള കോൺഗ്രസിനെ ക്ഷണിച്ചുകൊണ്ടുവന്ന് എൻ.ഡി.എ വിപുലീകരിക്കണമെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, അഴിമതിക്കാരനായ മാണിയെ ഒരുനിലക്കും അടുപ്പിക്കരുതെന്ന നിലപാടിലാണ് വി. മുരളീധരൻ. ഇടതുപക്ഷത്തോ എൻ.ഡി.എയിലോ പോകാൻ മാണി ശ്രമിച്ചാൽ കേരള കോൺഗ്രസിന് വലിയ തോതിൽ പരിക്കേൽക്കുമെന്ന് ഉറപ്പാണ്. യു.ഡി.എഫിലേക്കാണെങ്കിൽ പിളർപ്പിന് സാധ്യതയില്ല. ഇനിയും ഒറ്റതിരിഞ്ഞു നിൽക്കാതെ മുന്നണി പ്രവേശത്തിൽ തീരുമാനമെടുക്കണമെന്ന് പഴയ ജോസഫ് ഗ്രൂപ്പുകാർ മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു.ഡി.എഫിലേക്കു മടങ്ങണമെന്ന വാദഗതിക്കാണ് പാർട്ടിയിൽ കൂടുതൽ സ്വീകാര്യത. ഒരിടത്തുമില്ലാത്ത ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ പാർട്ടി ഇല്ലാതാകുമെന്ന ഭീതി പൊതുവിലുണ്ട്. കേരള കോൺഗ്രസ് രാജ്യസഭാംഗം ജോയി അബ്രഹാമിെൻറ കാലാവധി ഉടൻ അവസാനിക്കും. ഇതോടെ രാജ്യസഭയിലെ പ്രാതിനിധ്യം ഇല്ലാതാകും. മുന്നണിയിലില്ലാതെ ഒരാളെ അയക്കാൻ കഴിയില്ല. ലോക്സഭയിലും പ്രാതിനിധ്യം ഇല്ലാതാകുന്ന അവസ്ഥ കേരള കോൺഗ്രസിന് സങ്കൽപിക്കാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.