ജോസ് കെ. മാണിയെ വൈസ് ചെയര്‍മാനാക്കി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി മാണി
text_fieldsകോട്ടയം: കോഴവിവാദത്തില്‍ കുടുങ്ങി കേരള കോണ്‍ഗ്രസും നേതൃത്വവും പ്രതിസന്ധിയില്‍ മുങ്ങിത്താഴുമ്പോഴും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈപ്പിടിയിലൊതുക്കി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നതുവരെ പി.സി. ജോര്‍ജ് വഹിച്ചിരുന്ന ഏക വൈസ് ചെയര്‍മാന്‍ സ്ഥാനം മകനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോസ് കെ. മാണി എം.പിക്ക് നല്‍കിയാണ് പാര്‍ട്ടിയെ മാണി കൈപ്പിടിയിലൊതുക്കിയത്.
തിരുവനന്തപുരത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോ ഇതര കീഴ്ഘടകങ്ങളോ ഇക്കാര്യം അറിഞ്ഞില്ല. താഴെതലത്തില്‍ വിഷയം ചര്‍ച്ചചെയ്യാനും മാണി തയാറായില്ല. നേരത്തേ സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നപ്പോള്‍ ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കാമെന്നായിരുന്നു മാണിയുടെ നിലപാട്. സംസ്ഥാന കമ്മിറ്റിയില്‍ ഈ തീരുമാനം ഏറെ വിവാദത്തിനു വഴിയൊരുക്കിയിരുന്നു. അന്ന് ജോസഫ് വിഭാഗത്തിന്‍െറ എതിര്‍പ്പും ശക്തമായിരുന്നു.
ജോസ് കെ. മാണിയെ വൈസ് ചെയര്‍മാനാക്കിയതില്‍ ജോസഫ് വിഭാഗം നേതാക്കള്‍ അമര്‍ഷത്തിലാണ്. പാര്‍ട്ടിയില്‍ കുടുംബവാഴ്ച അംഗീകരിക്കാനാവില്ളെന്ന നിലപാടിലാണ് ഏതാനും മുതിര്‍ന്ന നേതാക്കള്‍. സീനിയറായ പലരെയും തഴഞ്ഞാണ് ജോസ് കെ. മാണിയെ രണ്ടാം സ്ഥാനത്ത് നിയോഗിച്ചതെന്നും ഒരുവിഭാഗം ആരോപിക്കുന്നു. നിലവില്‍ സി.എഫ്. തോമസ് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനാണ്. പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനും. ഇരുനേതാക്കള്‍ക്കും ഇടയിലാണ് ജൂനിയറായ ജോസ് കെ. മാണിയെ വൈസ്ചെയര്‍മാനാക്കിയത്.
കേരള കോണ്‍ഗ്രസിന്‍െറ ഭാഗമായിരുന്നപ്പോള്‍ പി.സി. ജോര്‍ജ് വഹിച്ച ഈപദവി ജോര്‍ജിനെ പുറത്താക്കിയപ്പോള്‍ മുതല്‍ മകന് നല്‍കാന്‍ മാണി നീക്കം നടത്തിവരികയായിരുന്നു. ബാര്‍ കോഴയടക്കം നിരവധി കേസുകളില്‍ കുടുങ്ങിയതോടെ മാണി പാര്‍ട്ടിയില്‍ സജീവമല്ല. ഇനി മകനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയകളിക്കാണ് മാണിയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.