ലീഗിനോട് പോരടിച്ച് തുടക്കം; ഖാദറിന് വീണ്ടും പാർട്ടി ടിക്കറ്റ്
text_fieldsമലപ്പുറം: കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ലീഗിനെതിരെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പിൽക്കാലത്ത് ലീഗ് ജനപ്രതിനിധിയാവുകയും ചെയ്തതാണ് കെ.എൻ.എ. ഖാദറിെൻറ രാഷ്ട്രീയ ജീവിതം. ലീഗിനെതിരെ പടവെട്ടി തുടങ്ങി ഒരു സുപ്രഭാതത്തിൽ പച്ചക്കൊടിയുടെ തണലിലേക്ക് മാറുകയും വാക്ചാതുരിയിലൂടെ പാർട്ടി സമ്മേളനങ്ങളിലും പൊതുപരിപാടികളിലും ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു ഖാദർ. സി.പി.ഐയുടെ വിദ്യാർഥി വിഭാഗമായ എ.ഐ.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. റഷ്യയിൽ പോയി കമ്യൂണിസത്തിലും മാർക്സിസത്തിലും ഉന്നത പഠനം നടത്തി. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറും സെക്രട്ടറിയുമായി. പിന്നീട് സി.പി.ഐ ജില്ല സെക്രട്ടറി സ്ഥാനവും വഹിച്ചു.
1982ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ ജനവിധി തേടുമ്പോൾ 32 വയസ്സായിരുന്നു . ലീഗിലെ അവുക്കാദർ കുട്ടി നഹയായിരുന്നു എതിരാളി. 14,059 വോട്ടുകൾക്ക് പരാജയം. 1987ൽ ലീഗിലെത്തി. ശരീഅത്ത് ചർച്ചകൾ ചൂടുപിടിച്ച 1980കളുടെ അവസാനം സി.പി.എമ്മിനെതിരെ ലീഗിെൻറ പ്രധാന ആയുധം ഖാദറിെൻറ പ്രസംഗങ്ങളായിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട ശേഷം ഇബ്രാഹിം സുലൈമാൻ സേട്ട് പാർട്ടി വിട്ടപ്പോഴും ഖാദറിെന തുറുപ്പുചീട്ടാക്കി. ലേഖനങ്ങൾക്ക് പുറമെ കഥാപ്രസംഗങ്ങളും ഗാനങ്ങളുമൊക്കെ എഴുതിയാണ് പാർട്ടിക്ക് പ്രതിരോധം തീർത്തത്.
പ്രഥമ ജില്ല കൗൺസിൽ വൈസ് പ്രസിഡൻറ് ഖാദറായിരുന്നു. പിന്നീട് സ്വതന്ത്ര തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡൻറായി. 2001ല്‍ കൊണ്ടോട്ടിയില്‍ നിന്നും 2011 വള്ളിക്കുന്നിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി, കേരള വഖഫ് ബോര്‍ഡ് അംഗം, ഹജ്ജ് കമ്മിറ്റി അംഗം, മോയിന്‍കുട്ടി വൈദ്യര് സ്മാരക കമ്മിറ്റി ചെയര്മാൻ, റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അംഗം, നാഷനല്‍ സേവിങ് സ്കീം അഡ്വൈസറി കമ്മിറ്റി അംഗം, സെറിഫെഡ് ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഏഴുത്തുകാരന് കൂടിയായ ഖാദര്‍ നിരവധി പുസ്തകങ്ങളും രചിച്ചു. മലപ്പുറം കോഡൂർ സ്വദേശിയാണ്. സാബിറയാണ് ഭാര്യ. ഇംതിയാസ്, നസീഫ്, അഹമ്മദ് സയാന്, മുഹമ്മദ് ജൗഹര്‍, അയിഷ ഫെമിന്‍ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.