സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും
text_fieldsതൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായ രണ്ടാം തവണയും പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. 87 അംഗ സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തു. മൂന്ന് ദശകത്തോളം പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയത ഇല്ലാതായെന്ന് പ്രഖ്യാപിച്ചാണ് 22ാം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുന്നത്. കഴിഞ്ഞ സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്ന ഒമ്പതുപേരെ ഒഴിവാക്കി.
വി.വി. ദക്ഷിണാമൂർത്തിയുടെ നിര്യാണത്തോടെ വന്ന ഒഴിവിലടക്കം 10 പേരെ പുതുതായി ഉള്‍പ്പെടുത്തി. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എ.എൻ. ഷംസീര്‍ എം.എൽ.എ എന്നിവരാണ് ഇവരില്‍ ശ്രദ്ധേയർ. ഗോപി കോട്ടമുറിക്കൽ തിരിച്ചുവന്നതും ശ്രദ്ധേയമാണ്. ഒളികാമറ വിവാദത്തില്‍പെട്ട് ജില്ല സെക്രട്ടറിയായ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കുകയും പിന്നീട് പാര്‍ട്ടിയില്‍നിന്ന് തന്നെ 2012ല്‍ പുറത്താക്കുകയും ചെയ്തു. എന്നാൽ, 2014ല്‍ ഏരിയ കമ്മിറ്റിയിലേക്ക് എടുത്തു. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനടക്കം അഞ്ചുപേരെ പ്രത്യേക ക്ഷണിതാക്കളായി നിലനിര്‍ത്തി. കഴിഞ്ഞ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരുന്ന മന്ത്രി സി. രവീന്ദ്രനാഥ് പട്ടികയിൽ സ്ഥാനം നേടിയിട്ടില്ല.
സി.പി.എം സംസ്ഥാന നേതൃത്വത്തിലെ സൗമ്യ മുഖമായ കോടിയേരി ബാലകൃഷ്ണന് മൂന്നുവര്‍ഷം പാര്‍ട്ടിയെ നയിച്ചതിെൻറ അനുഭവ സമ്പത്തുമായാണ് വീണ്ടും നേതൃസ്ഥാനത്തേക്ക് എത്തുന്നത്. സമ്മേളന കാലത്ത് മക്കളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തികതട്ടിപ്പ് ആരോപണം കോടിയേരിയെ രാഷ്ട്രീയമായും ധാർമികമായും ദുര്ബലനാക്കിയെങ്കിലും സംസ്ഥാനത്തെ ചോദ്യംചെയ്യപ്പെടാത്ത നേതാവായ പിണറായി വിജയനുമായി കാത്തുസൂക്ഷിക്കുന്ന ബന്ധം സംസ്ഥാന സമ്മേളനത്തില്‍ വിഷയം ഉയരാതിരിക്കാന്‍ സഹായകമായി. പിണറായിയുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സര്‍ക്കാറും പാര്‍ട്ടിയും തമ്മില്‍ ഒരുമയോടെ പോകാന്‍ കഴിഞ്ഞതിെൻറ നേട്ടവും കോടിയേരിക്ക് ഗുണമായി. കേരളത്തില്‍ സി.പി.എമ്മിനെ 50 ശതമാനം ജനപിന്തുണയുള്ള പാര്‍ട്ടിയായി ഉയര്‍ത്തുകയും എൽ.ഡി.എഫ് സര്‍ക്കാറിന് തുടര്‍ഭരണം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഗുരുദാസന് (കൊല്ലം), കെ. കുഞ്ഞിരാമന് (കാസര്‍കോട്), പി.എ. മുഹമ്മദ് (വയനാട്), എൻ.കെ. രാധ (കോഴിക്കോട്), ടി.കെ. ഹംസ (മലപ്പുറം), പി. ഉണ്ണി (പാലക്കാട്), കെ.എം. സുധാകരന് (എറണാകുളം), സി.കെ. സദാശിവന് (ആലപ്പുഴ), പിരപ്പന്‍കോട് മുരളി (തിരുവനന്തപുരം) എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ. പ്രായാധിക്യമാണ് ഒഴിവാക്കല്‍ കാരണമായി നേതൃത്വം വിശദീകരിച്ചത്. എങ്കിലും പഴയ വി.എസ് പക്ഷത്തിെൻറ അവശേഷിപ്പുകള്‍ തുടച്ചുനീക്കുക കൂടിയായിരുന്നുവെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്.
വയനാട് ജില്ല സെക്രട്ടറി പി. ഗഗാറിൻ, മലപ്പുറം സെക്രട്ടറി ഇ.എൻ. മോഹന്‍ദാസ്, കെ.വി. രാമകൃഷ്ണൻ, കെ. സോമപ്രസാദ് എം.പി, മുഹമ്മദ് റിയാസ്, എ.എൻ. ഷംസീര്‍, ആർ. നാസര്‍, ഗിരിജ സുരേന്ദ്രൻ, ഗോപി കോട്ടമുറിക്കല്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവരാണ് പുതിയ സംസ്ഥാന സമിതിയംഗങ്ങൾ.
വി.എസ്. അച്യുതാനന്ദന് പുറെമ, പാലോളി മുഹമ്മദ് കുട്ടി, പി.കെ. ഗുരുദാസൻ, എം.എം. ലോറന്‍സ്, കെ.എൻ. രവീന്ദ്രനാഥ് എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ. ടി. കൃഷ്ണന് ചെയര്‍മാനായ കണ്ട്രോള് കമീഷനില്‍ എം.എം. വര്‍ഗീസ്, ഇ. കാസിം, പ്രഫ. എം.ടി. ജോസഫ്, കെ.കെ. ലതിക എന്നിവര്‍ അംഗങ്ങളാണ്. പാർട്ടി കോൺഗ്രസിലേക്ക് 175 പ്രതിനിധികളെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.