പി.ബി ഇടപെട്ടു: പൊലീസ് നടപടി തള്ളി സി.പി.എം സംസ്ഥാന നേതൃത്വം
text_fieldsന്യുഡല്‍ഹി/തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എയും രാജ്യദ്രോഹ വകുപ്പുകളും ചുമത്തുന്നതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി രംഗത്തത്തെിയത് പി.ബിയുടെ ഇടപെടലിനെ തുടര്‍ന്ന്.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ദേശദ്രോഹ വകുപ്പുകള്‍ ചുമത്തുന്നതിലും മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണപിന്തുണ നല്‍കുന്ന നിലപാടായിരുന്നു കോടിയേരിയും സി.പി.എം സംസ്ഥാന നേതൃത്വവും ഇതുവരെ സ്വീകരിച്ചത്. എന്നാല്‍, സി.പി.എം ദേശീയ തലത്തില്‍തന്നെ എതിര്‍ക്കുന്ന കരിനിയമങ്ങള്‍ പാര്‍ട്ടിക്ക് ഏറ്റവും ശക്തിയുള്ള സംസ്ഥാനത്ത് നടപ്പാക്കുന്നതിനെതിരെ കേന്ദ്ര നേതൃത്വത്തിന് നിരവധി പരാതികളാണ് ലഭിച്ചത്.
പി.ബി അംഗം എം.എ. ബേബിയുടെയും വി.എസ്. അച്യുതാനന്ദന്‍െറയും സി.പി.ഐ നേതൃത്വത്തിന്‍െറയും പ്രതികരണംകൂടി ആയതോടെ വിഷയത്തില്‍ പി.ബി ഇടപെടുകയായിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന അവൈലബിള്‍ പി.ബി കേരളത്തില്‍ സാഹചര്യം വിലയിരുത്തി. പാര്‍ട്ടിയുടെ നയനിലപാടല്ല സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപ്പാക്കുന്നതെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം എത്തിയത്. യു.എ.പി.എ മാത്രമല്ല, രാജ്യദ്രോഹ വകുപ്പ് ഉപയോഗിക്കുന്നതിനും സി.പി.എം അനുകൂലമല്ല. അതിനാല്‍ കേരളത്തില്‍ ഇത്തരം നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. ഇത് സി.പി.എം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും സംസ്ഥാന നേതൃത്വം ചര്‍ച്ചചെയ്ത് സര്‍ക്കാറിനുവേണ്ട നിര്‍ദേശം നല്‍കാനും തുടര്‍ന്ന് അറിയിക്കുകയായിരുന്നു.
യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യപ്പെടരുതെന്നും എഴുത്തുകാരന്‍ കമല്‍ സിക്കും നദീറിനുമെതിരായ പൊലീസ് നടപടിയില്‍ തിരുത്തല്‍ വേണമെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചതായാണ് വിവരം.
യു.എ.പി.എ നിയമത്തിന് എതിരാണെന്ന് വ്യക്തമാക്കി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍െറ ഫേസ്ബുക് പേജില്‍ പോസ്റ്റ് ഇട്ട പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള, ഇക്കാര്യത്തില്‍ പരിഹാര നടപടി സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകുമെന്നും വ്യക്തമാക്കി. അതിന് പിന്നാലെയാണ് പൊലീസ് നടപടി തള്ളിപ്പറഞ്ഞ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നത്.
സാമൂഹിക മാധ്യമങ്ങളിലും മറ്റും ജനവികാരം പിണറായി സര്‍ക്കാറിനെതിരെ തിരിയുന്ന സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം തിരുത്തല്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.