കെ.പി: കുന്നംകുളം രാഷ്ട്രീയത്തിലെ കാരണവർ
text_fieldsകുന്നംകുളം: കെ.പി. വിശ്വനാഥന്റെ വേർപാടിലൂടെ കുന്നംകുളത്തിന് നഷ്ടമായത് രാഷ്ട്രീയ കാരണവരെ. 1970 ൽ നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങിയ കെ.പിക്ക് ആദ്യ തവണ സി.പി.എമ്മിനോട് കുന്നംകുളത്ത് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പിന്നിട് 1977ൽ പശുവും കിടാവും ചിഹ്നത്തിൽ മത്സരിച്ച് സിറ്റിങ് എം.എൽ.എ ടി.കെ കൃഷ്ണനെ പരാജയപ്പെടുത്തി. 1980ൽ ആന്റണി കോൺഗ്രസ് എൽ.ഡി.എഫിലേക്ക് മാറിയതോടെ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ചർക്ക അടയാളത്തിൽ മത്സരിച്ച് ജനവിധി നേടി.
വീണ്ടും ആന്റണി കോൺഗ്രസ് യു.ഡി.എഫിന്റെ ഭാഗമായതോടെ 82ൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ.പി. അരവിന്ദാക്ഷനോട് മത്സരിച്ച് കടുത്ത പരാജയം ഏറ്റുവാങ്ങി. അന്ന് പ്രചരണത്തിന് കുന്നംകുളത്ത് എത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു.
എന്നാൽ, ആ തോൽവിയോടെ കൊടകരയിലേക്ക് ചേക്കേറി. ഇതിനിടെ വീണ്ടും കുന്നംകുളത്ത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവങ്കിലും പാർട്ടി സമ്മതം മൂളാതിരുന്നതോടെ പിൻമാറി. ആ കാലയളവിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെംബറായിരിക്കെയാണ് കിഴൂരിൽ ശ്രീവിവേകാനന്ദ കോളജ് സ്ഥാപിക്കുന്നത്. മഴുവഞ്ചേരിയിൽ പ്രിയദർശിനി ആശുപത്രി എന്ന സ്ഥാപനത്തിന് സൊസൈറ്റിയുടെ കീഴിൽ തുടക്കമിട്ട് ചുക്കാൻ പിടിച്ചിരുന്നതും കെ.പി തന്നെയാണ്.
‘എ’ക്ക് കെ.പിയെന്ന ഒറ്റയാൻ
തൃശൂർ: കോൺഗ്രസ് ഗ്രൂപ്പ് പോര് കൊടികുത്തി വാഴുന്ന കാലം. ഐ ഗ്രൂപ്പിൽ ലീഡർ കെ. കരുണാകരന്റെ നേതൃത്വത്തിൽ സി.എൻ. ബാലകൃഷ്ണനും പി.പി. ജോർജുമടക്കമുള്ള അതികായർ. എ ഗ്രൂപ്പ് നേതൃപദവിയിൽ കെ.പി. വിശ്വനാഥൻ മാത്രം. ലീഡറുടെ തട്ടകമെന്ന് ഗ്രൂപ്പുകാരും വിരുദ്ധരുമെല്ലാം പറഞ്ഞുറപ്പിച്ചപ്പോഴും എ ഗ്രൂപ്പിന് വേണ്ടി ഒറ്റയാനായി കെ.പി കളത്തിൽ നിറഞ്ഞു.
ലീഡറെ നേരിടാൻ സാക്ഷാൽ എ.കെ. ആൻറണിയും ഉമ്മൻചാണ്ടിയുമടക്കമുള്ളവർ ഭയപ്പെട്ടിരുന്ന കാലത്താണ് ജില്ലയിൽ ഗ്രൂപ്പിനെ ഒറ്റക്ക് കെ.പി നയിച്ചത്. പദവികളെല്ലാം ഐ ഗ്രൂപ്പുകൾ വീതിച്ചെടുത്തപ്പോൾ അവകാശവുമായി കെ.പി രംഗത്തെത്തി. കൂടെ നിൽക്കുന്നവർക്ക് പദവികൾ വേണം. ഉറച്ച് നിന്ന കെ.പിയെ ആദ്യം അവഗണിക്കാനായിരുന്നു ലീഡറും സി.എന്നും ശ്രമിച്ചത്. എന്നാൽ, വാശി കൂടിയതല്ലാതെ തെല്ലും അയഞ്ഞില്ല.
ഇതോടെ, കെ.പിയുടെ വഴിയിലേക്ക് ലീഡറും സി.എന്നുമെത്തി. പദവികളുടെ വീതം വെപ്പിൽ എ ഗ്രൂപ്പിന് സ്ഥാനങ്ങളെത്തി. കെ.പി.സി.സി മുതൽ മണ്ഡലം കമ്മിറ്റികൾ വരെയുള്ളതിൽ ഇന്നുള്ളവയുടെ അടിത്തറയൊരുക്കിയത് കെ.പിയാണ്. പിന്നെയാണ് എ ഗ്രൂപ്പിൽ നേതാക്കളായത്.
ഇതോടെയാണ് ഗ്രൂപ്പിന് ജില്ലയിൽ അടിത്തറയായത്. മേൽക്കൈ ഐ ഗ്രൂപ്പിനാണെങ്കിലും ഒപ്പത്തിനൊപ്പമെന്ന നിലയിൽ എ ഗ്രൂപ്പ് പിടിച്ചു നിന്നു. അന്ന് നേടിയെടുത്ത പലതും പിന്നീട് ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയതോടെ മാറിമറിഞ്ഞു. കൂടെയുണ്ടായിരുന്നവർ പലരും കളം മാറിയെങ്കിലും ഇപ്പോഴും ചിലർ പല നേട്ടങ്ങളും ‘അത് കെ.പി’യുടേതാണെന്ന് ഓർമിപ്പിക്കും.
കരുത്തനായ നേതാവ് -രമേശ് ചെന്നിത്തല
തൃശൂർ: കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.പി. വിശ്വനാഥന്റെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. ഒരു കാലത്ത് തൃശൂർ ജില്ലയിൽ കോൺഗ്രസ്സിന്റെ ഏറ്റവും കരുത്തരായ നേതാക്കളിൽ ഒരാളായിരുന്ന കെ.പി. വിശ്വനാഥനെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവിഷയങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ഇടപെട്ട നേതാവ് -എം.വി ഗോവിന്ദൻ
തൃശൂർ: പൊതുവിഷയങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച് ഇടപെടാൻ തയ്യാറായ നേതാവായിരുന്നു വിശ്വനാഥനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
മറ്റത്തൂരിലെ വനാതിർത്തിഗ്രാമങ്ങളിലേക്ക് വികസനത്തിന്റെ വഴിതുറന്ന ജനപ്രതിനിധി
കൊടകര: മറ്റത്തൂരിലെ മലയോരഗ്രാമങ്ങളിലുള്ളവര് എന്നും നന്ദിയോടെ ഓര്‍മിക്കുന്ന പേരാണ് മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്റേത്. 1987 മുതല്‍ 2006 വരെ തുടര്‍ച്ചയായി നാലുതവണ നിയമസഭയില്‍ കൊടകര മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.പി. വിശ്വനാഥന് മലയോര മേഖലയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കി.
വനാതിര്‍ത്തിയില്‍ ഒറ്റപ്പെട്ടുകിടന്ന മലയോര കര്‍ഷക ഗ്രാമങ്ങളിലേക്ക് ഗതാഗതയോഗ്യമായ ഫോറസ്റ്റ് റോഡുകള്‍ നിര്‍മിച്ചത് അദ്ദേഹം വനം മന്ത്രിയായിരിക്കെയാണ്.
മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലി ഗ്രാമത്തിലേക്ക് കാല്‍നട പോലും സാധ്യമല്ലാതെ വനനിയമങ്ങളില്‍ കുരുങ്ങി വികസനമില്ലാതെ കിടന്നിരുന്ന കാട്ടുപാത ടാർ ചെയ്ത് നവീകരിച്ചത് കെ.പി. വിശ്വനാഥന്റെ ഇടപെടലിലൂടെയാണ്. പാലപ്പിള്ളി-ചൊക്കന റോഡിനെയും കോടാലി-താളൂപ്പാടം റോഡിനെയും ബന്ധിപ്പിച്ച് മുപ്ലി തേക്കുതോട്ടത്തിലൂടെയുള്ള റോഡ് ടാറിങ് നടത്തി നവീകരിച്ചതോടെ മുപ്ലി ഗ്രാമത്തിലുള്ളവര്‍ തലമുറകളായി അനുഭവിച്ചിരുന്ന യാത്രാദുരിതം പരിഹരിക്കപ്പെട്ടു.
വരന്തരപ്പിള്ളി പഞ്ചായത്തിലെ കാരികുളം പ്രദേശത്തെയും മറ്റത്തൂര്‍ പഞ്ചായത്തിലെ ഇഞ്ചക്കുണ്ട് പ്രദേശത്തെയും ബന്ധിപ്പിച്ച് വനംവകുപ്പിന്റെ തേക്കുതോട്ടത്തിലൂടെ റോഡ് നിര്‍മിച്ചു.
തോട്ടം തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന നായാട്ടുകുണ്ട് പ്രദേശത്തേക്ക് വെള്ളിക്കുളങ്ങരയില്‍നിന്ന് ഫോറസ്റ്റ് റോഡ് നിര്‍മിച്ചതും വിശ്വനാഥന്റെ പരിശ്രമഫലമായിരുന്നു. മറ്റത്തൂരിന്റെ വ്യാപാര സിരാകേന്ദ്രമായ കോടാലിയുടെ പട്ടണപ്രൗഢിയിലേക്കുള്ള വളർച്ചയില്‍ ഈ ഫോറസ്റ്റ് റോഡുകളാണ് നിര്‍ണായക പങ്കുവഹിച്ചത്. മുപ്ലി ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിലും കെ.പി. വിശ്വനാഥന് മുഖ്യ പങ്കുവഹിച്ചു. കുണ്ടായി എസ്റ്റേറ്റില്‍നിന്ന് പുതിയ 11 കെ.വി ലൈന്‍ വലിച്ചാണ് മുപ്ലിയിലേക്ക് വെളിച്ചമെത്തിച്ചത്.
സർവകക്ഷി അനുശോചനം ഇന്ന്; മൂന്ന് ദിവസം കോൺഗ്രസ് ദുഖാചരണം
തൃശൂർ: മുൻമന്ത്രി അഡ്വ. കെ.പി. വിശ്വനാഥന്റെ വേർപാടിൽ ജില്ല കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. വൈകീട്ട് അഞ്ചിന് തൃശൂർ നടുവിലാൽ പരിസരത്ത് സർവകക്ഷി അനുശോചനയോഗം ചേരും. മൂന്ന് ദിവസം ജില്ല കോൺഗ്രസ് കമ്മിറ്റി ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം ജില്ലയിൽ നടത്താനിരുന്ന പാർട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായി ഡി.സി.സി അധ്യക്ഷൻ ജോസ് വള്ളൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.