സുധാകരനെയും മണിയെയും തള്ളി കെ.പി.സി.സി
text_fieldsതിരുവനന്തപുരം: നിയമവിദ്യാർഥി നൽകിയ പരാതി പിൻവലിപ്പിക്കാൻ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപണവിധേയരായ നെഹ്റു കോളജ് ഭാരവാഹികളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് പോയ കെ. സുധാകരെൻറ നടപടിയോട് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് എതിർപ്പ്. വിഷയം സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് അദ്ദേഹവുമായി നേരിട്ട് സംസാരിക്കും.
ആവശ്യമെങ്കിൽ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ധാരണയായി. ദേവികുളം സബ് കലക്ടർ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണിയുടെ നടപടിയെയും കെ.പി.സി.സി തള്ളിക്കളഞ്ഞു.
നെഹ്റു ഗ്രൂപ്പിനോട് യു.ഡി.എഫിനും കോണ്‍ഗ്രസിനുമുള്ള നിലപാടില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് അറിയിച്ചു. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് അദ്ദേഹം ചർച്ചക്കുപോയത്. അത്തരത്തിലുള്ള ഒരു ചര്‍ച്ചയോട് പാർട്ടി യോജിക്കുന്നില്ല. സുധാകരൻ അവിടെ പോകാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിെൻറ നടപടി തെറ്റാണ്. ഇതേപ്പറ്റി അദ്ദേഹത്തോട് നേരിട്ട് താൻ സംസാരിക്കുമെന്നും ഹസന് അറിയിച്ചു.
മൂന്നാറിലെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിച്ച എ.കെ. മണിയുടെ വിശദീകരണം സമയക്കുറവ് കാരണം രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്തില്ല. സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് മണി കൂടി ഒപ്പിട്ടുനൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ്. അതിനാൽ സ്ഥലംമാറ്റത്തെ പാർട്ടി നിലപാടിന് വിരുദ്ധമായി മണി സ്വാഗതം ചെയ്തതില്‍ അദ്ഭുതമില്ല. എന്നാല്‍, അത് പാര്‍ട്ടിയുടെ നിലപാടല്ല. മണിയുടെ അഭിപ്രായം തെറ്റാണ്.
നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ ഇടതു സര്‍ക്കാര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നതിെൻറ ഉദാഹരണമാണ് ശ്രീറാമിെൻറ മാറ്റം. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ എ.കെ. മണിക്ക് പാര്‍ട്ടിയാണ് അനുമതി നല്‍കിയത്. എന്നാല്‍, അദ്ദേഹത്തിെൻറ മറ്റ് നിലപാടുകളോട് പാർട്ടിക്ക് യോജിപ്പില്ല. വിശദീകരണം ചര്‍ച്ചചെയ്യുമ്പോള്‍ ശ്രീറാമിെൻറ മാറ്റം സംബന്ധിച്ച് അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ച അഭിപ്രായവും പരിഗണിച്ച് തീരുമാനമെടുക്കുമെന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.