കെ.പി.സി.സി അംഗങ്ങളുടെ പട്ടിക തയാറായി; ഉമ്മൻ ചാണ്ടി പക്ഷത്തിന് മുൻതൂക്കം
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടി പക്ഷത്തിന് നേരിയ മുൻതൂക്കം ഉള്ള 282 അംഗ കെ.പി.സി.സി പട്ടിക തയാറായി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടാൽ ഏതുനിമിഷവും കൈമാറാൻ കഴിയുംവിധം ആണ് പട്ടിക തയാറാക്കിയിരിക്കുന്നത്. സംസ്ഥാന കോൺഗ്രസിലെ രണ്ടു പ്രബല ഗ്രൂപ്പുകളും സമവായത്തിലൂടെയാണ് പട്ടികക്ക് രൂപം നൽകിയത്. തെരഞ്ഞെടുപ്പിന് കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കി എത്രയും വേഗം പട്ടിക നല്‍കാനാണ് നേതൃതലത്തിലെ തീരുമാനം.
ബ്ലോക്ക് കമ്മിറ്റികളിൽനിന്നുള്ള കെ.പി.സി.സി അംഗങ്ങളുടെ പട്ടികയാണ് തയാറായത്. ഗ്രൂപ്പുകളും നേതാക്കളും സമവായം ഉണ്ടാക്കി ഒരു ബ്ലോക്ക് കമിറ്റിയിൽനിന്ന് ഒരാൾ എന്ന രീതിയിൽ കെ.പി.സി.സി അംഗങ്ങളെ നിശ്ചയിച്ച. പട്ടികയിൽ 40 ശതമാനത്തിലേറെ പേർ പുതുമുഖങ്ങളാണ്. ഇപ്പോൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള 282 പേർക്ക് പുറമേ കോൺഗ്രസ് നിയമസഭാ കക്ഷിയിൽനിന്ന് 15 പേരെ കെ.പി.സി.സി അംഗങ്ങളായി തെരഞ്ഞെടുക്കേണ്ടതുണ്ട്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ അതുവഴിയാണ് കെ.പി.സി.സി അംഗങ്ങളാകുന്നത്. കൂടാതെ, മുൻ കെ.പി.സി.സി പ്രസിഡൻറുമാർക്കും 14 ഡി.സി.സി പ്രസിഡൻറുമാർക്കും നേരിട്ട് കെ.പി.സി.സി അംഗത്വം കിട്ടും. രണ്ടുപ്രബല ഗ്രൂപ്പുകൾക്കൊപ്പം ഏതെങ്കിലും ഗ്രൂപ്പിെൻറ ഭാഗമല്ലാത്ത പ്രമുഖ നേതാക്കളുടെ നോമിനികളെയും പട്ടികയിൽ പരിഗണിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് കോടതിയുടെ സ്റ്റേ ഉള്ളതിനാൽ പട്ടിക കേന്ദ്ര സമിതിക്ക് സമര്‍പ്പിച്ചിട്ടില്ല. സ്റ്റേയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഉടന്‍ തീരുമാനമെടുക്കും. അതിനുശേഷമായിരിക്കും പട്ടിക കൈമാറുക. ഈ പട്ടികയില്‍നിന്നാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എ.ഐ.സി.സി അംഗങ്ങളെ തീരുമാനിക്കുന്നത്. പുതിയ കോണ്‍ഗ്രസ് പ്രസിഡൻറിനെ തെരഞ്ഞെടുത്ത ശേഷമേ കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിൽ ഉൾപ്പെടെ തീരുമാനം ഉണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.