കെ.പി.സി.സി പുനഃസംഘടന: പുറമെ ശാന്തം; അകത്ത് തിരയിളക്കം
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനക്കുശേഷം പുറമെ സ്ഥിതിഗതികൾ ശാന്തമെങ്കിലും അകത്ത് തിരയിളക്കം വ്യക്തം. ചരിത്രത്തിലാദ്യമായി വർക്കിങ് പ്രസിഡൻറുമാരെയും പ്രചാരണ വിഭാഗം തലവനെയും നിയമിച്ച് പുതിയൊരു പരീക്ഷണത്തിനാണ് കോൺഗ്രസ് ഹൈകമാൻഡ് ശ്രമിക്കുന്നതെങ്കിലും ഇത് എത്രത്തോളം പാർട്ടി പ്രവർത്തനത്തിൽ പ്രതിഫലിക്കുമെന്ന കാര്യത്തിലാണ് തർക്കം. യു.ഡി.എഫ് ഘടകകക്ഷികളും ആകാംക്ഷയോടെയാണ് പുനഃസംഘടനയെ വീക്ഷിക്കുന്നത്. വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡൻറായി എത്തിയപ്പോഴുള്ള കലുഷിതമായ അന്തരീക്ഷമല്ല, കോൺഗ്രസിനകത്ത് എന്നത് നേതാക്കൾക്ക് പ്രതീക്ഷ പകരുന്നു. ഇതേസമയം കെ. മുരളീധരെൻറ തിരിച്ചുവരവായി പുനഃസംഘടന മാറി.
പ്രസിഡൻറായി നിയമിക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ് പ്രസിഡൻറുമാരായ എം.െഎ. ഷാനവാസ്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പ്രചാരണ വിഭാഗം തലവൻ കെ. മുരളീധരൻ എന്നിവരിൽ സുധാകരനും കൊടിക്കുന്നിലും കെ.പി.സി.സി പ്രസിഡൻറാകാനുള്ള മത്സരത്തിനൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്തെ കോൺഗ്രസിൽ ഗ്രൂപ് സജീവമാണെന്നിരിക്കെ, ഗ്രൂപ്പില്ലാത്ത കെ.പി.സി.സി പ്രസിഡൻറിന് എങ്ങനെ പാർട്ടിയെ ചലിപ്പിക്കാൻ കഴിയുമെന്ന ആശങ്ക ഉയരുന്നുണ്ട്. ബൂത്ത് പ്രസിഡൻറുമാർ ഉൾപ്പെടെയുള്ളവർ എ, െഎ ഗ്രൂപ്പുകളുടെ നോമിനികളാണ്. ഗ്രൂപ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിർദേശിക്കാതെ പാർട്ടി ചലിക്കില്ലെന്നർഥം.
കഴിഞ്ഞ കാലങ്ങളിൽ പിന്തുടർന്ന ഗ്രൂപ് സമവാക്യങ്ങൾ വി.എം. സുധീരെൻറ നിയമനത്തോടെ മാറിമറിഞ്ഞു. എ ഗ്രൂപ്പിന് യു.ഡി.എഫ് കൺവീനർ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളിക്ക് ഗ്രൂപ്പില്ലെങ്കിൽ, പ്രതിപക്ഷ നേതാവ് വിശാല െഎ ഗ്രൂപ്പിന് നേതൃത്വം നൽകുന്നു. രണ്ട് പ്രബല സമുദായങ്ങൾ അവഗണിക്കപ്പെെട്ടന്ന തോന്നൽ ഉയരുന്നുണ്ട്. എക്കാലത്തും കോൺഗ്രസിെൻറ വോട്ടുബാങ്കായ കത്തോലിക്ക വിഭാഗത്തിൽ നിന്നാരും നേതൃനിരയിൽ ഇത്തവണയും എത്തിയില്ല. തിരുവിതാംകൂറിലെ ഇൗഴവ സമുദായത്തിനും പ്രാതിനിധ്യമില്ല.
മുമ്പ് കെ.പി.സി.സി പ്രസിഡൻറായിരുന്ന കെ. മുരളീധരൻ പാർട്ടി വിട്ടുപോയി തിരിച്ചുവന്നതിനുശേഷം ലഭിക്കുന്ന അവസരമാണ് ഇപ്പോഴത്തെ പദവി. പ്രചാരണ വിഭാഗം അധ്യക്ഷൻ സംസ്ഥാനത്തെ കോൺഗ്രസിൽ ആദ്യമാണെങ്കിലും ഫലത്തിൽ കെ.പി.സി.സി പ്രസിഡൻറിന് സമാനമാണ്.
കെ. കരുണാകരെൻറ മകനെന്ന നിലയിൽ സംസ്ഥാനത്താകെ സ്വന്തം നിലയിൽ അണികളുള്ള മുരളീധരന് ആളെ കൂട്ടാനാകുമെന്ന വിശ്വാസമാകാം നിയമനത്തിനു പിന്നിൽ. പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും മുരളീധരന് ഇത്. വർഷങ്ങൾക്കുശേഷം ബെന്നി ബഹനാനും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുകയാണ്. ചലിക്കുന്ന കൺവീനർ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുെന്നന്ന് പറയാം. മുല്ലപ്പള്ളി, ഷാനവാസ്, കൊടിക്കുന്നിൽ എന്നിവർ ലോക്സഭാംഗങ്ങളായതിനാൽ അവരുടെ പരിമിതിയും മറികടക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.