വിഷ്ണുനാഥിനെ ഒഴിവാക്കുന്നതിന് എതിരെ ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക സംബന്ധിച്ച് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയാണ് രംഗത്തെത്തിയത്. എഴുകോൺ ബ്ലോക്കിൽ നിന്ന് പി.സി വിഷ്ണുനാഥിന്‍റെ പേര് ഒഴിവാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടതാണ് ഉമ്മൻചാണ്ടിയെ പ്രകോപിപ്പിക്കാൻ ഇടയാക്കിയത്.
വിഷ്ണുനാഥിന് പകരം എഴുകോണിൽ നിന്നും വെളിയം ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്നാണ് കൊടിക്കുന്നലിന്‍റെ ആവശ്യം. നിലവിൽ പന്മനയിൽ നിന്നും കെ.പി.സി.സി പട്ടികയിൽ ഉൾപ്പെട്ട അംഗമാണ് ശ്രീകുമാർ. എ ഗ്രൂപ്പ് നിർദേശിച്ചതിന് വിരുദ്ധമായി തലവൂർ ബ്ലോക്കിൽ നിന്ന് തന്‍റെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, വിഷ്ണുനാഥിനെ ഒഴിവാക്കിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ച് അനാവശ്യ പ്രശ്നങ്ങൾ ചില നേതാക്കൾ ഉണ്ടാക്കുകയാണെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു.
ഇതിനിടെ വിഷയത്തിൽ ഇടപെട്ട് കെ. മുരളീധരൻ കോൺഗ്രസ് ഹൈക്കമാൻഡിന് കത്ത് നൽകി. പട്ടിക അംഗീകരിക്കുന്നതിന് മുമ്പ് കൂടുതൽ ചർച്ച വേണമെന്ന് മുരളീധരൻ കത്തിലൂടെ ആവശ്യപ്പെട്ടു. പട്ടികയിൽ മാറ്റം വരുത്തണമെന്നും അല്ലാതെയുള്ള പട്ടിക പാർട്ടിക്ക് ദോഷം ചെയ്യുമെന്നും മുരളീധരൻ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ പട്ടികക്കെതിരെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നിലവിലെ പട്ടിക അംഗീകരിക്കാനാവില്ലെന്നും വെറും ഗ്രൂപ്പ് താൽപര്യം മാത്രമാണ് സംസ്ഥാന നേതൃത്വം പരിഗണിച്ചതെന്നും സുധീരൻ ഹൈകകമാൻഡിനെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.