പുതിയ കെ.പി.സി.സി പ്രസിഡന്റ് ഉടൻ, സുധാകരൻ മാറും; പരിഗണനയിൽ അടൂർ പ്രകാശ്, ബെന്നി ബഹനാൻ, സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: ഏറെനാളായി സംസ്ഥാന കോൺഗ്രസിൽ പറഞ്ഞുകേൾക്കുന്ന നേതൃമാറ്റ ചർച്ചകൾ അന്തിമഘട്ടത്തിൽ. കെ. സുധാകരൻ മാറി പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. സംസ്ഥാനത്തെ പ്രധാന നേതാക്കളെ ഹൈകമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ചയാണ് യോഗം. നേതൃത്വത്തെ വെല്ലുവിളിച്ച ശശി തരൂരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
മാറേണ്ടി വരുമെന്ന സന്ദേശം ഹൈകമാൻഡിൽനിന്ന് കെ. സുധാകരന് ലഭിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് കെ. സുധാകരൻ പ്രതികരിച്ചത്. പുതിയ അധ്യക്ഷൻ സംബന്ധിച്ച് പ്രഖ്യാപനം മാർച്ച് ആദ്യ പകുതിയിൽ പ്രതീക്ഷിക്കാം. ആരാകണമെന്നതിൽ ഏകാഭിപ്രായമില്ല. എം.പിമാരായ അടൂർ പ്രകാശ്, ബെന്നി ബഹനാൻ, സണ്ണി ജോസഫ് എം.എൽ.എ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞുകേൾക്കുന്നത്. അടൂർ പ്രകാശിന് മുൻതൂക്കമുണ്ടെന്നാണ് വിവരം. അടൂർ പ്രകാശിനെ ഈയിടെ രാഹുൽ ഗാന്ധി വ്യക്തിഗത കൂടിക്കാഴ്ചക്ക് ക്ഷണിച്ചത് സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, കോൺഗ്രസ് തലപ്പത്ത് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നൊരാൾ എന്ന ആവശ്യവും ശക്തമാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗശേഷം താക്കോൽ സ്ഥാനത്ത് ക്രിസ്ത്യൻ നേതാവില്ലെന്ന പരാതിയുണ്ട്. കോൺഗ്രസിന്റെ ക്രിസ്ത്യൻ അടിത്തറ പിടിച്ചുനിർത്താൻ ബെന്നി ബഹനാൻ, സണ്ണി ജോസഫ് എന്നിവരിലൊരാൾ പ്രസിഡന്റാകണമെന്നാണ് ആവശ്യം. അടൂർ പ്രകാശിനോട് താൽപര്യമില്ലാത്ത പ്രതിപക്ഷനേതാവിന്റെ ക്യാമ്പിൽനിന്നാണ് ഈ ആവശ്യം ശക്തമായി ഉയരുന്നത്. മേഖല തലത്തിൽ പുതിയ വർക്കിങ് പ്രസിഡന്റുമാരും വന്നേക്കാം. ആന്റോ ആന്റണി, റോജി എം. ജോണ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളും ഈ സ്ഥാനങ്ങളിലേക്ക് പ്രചരിക്കുന്നുണ്ട്.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവർ ചേർന്നാകും അന്തിമ തീരുമാനമെടുക്കുക. മുതിർന്നനേതാവ് എ.കെ. ആൻറണിയുടെ അഭിപ്രായവും നിർണായകമാണ്. പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോൾ സമാശ്വാസമായി പ്രവർത്തകസമിതിയിലൊരിടം കെ. സുധാകരന് ലഭിച്ചേക്കാം.
- മാറ്റുന്നെങ്കിൽ മാറ്റിക്കോട്ടേ. മാറ്റിയാലെന്താ കുഴപ്പം? എ.ഐ.സി.സിക്ക് എന്നെ മാറ്റണമെന്നാണെങ്കിൽ സ്വീകരിക്കാൻ തയാറാണ്. ഒരു പ്രശ്നവുമില്ല. എന്ത് തീരുമാനമായാലും അനുസരണയുള്ള, വിധേയത്വമുള്ള പ്രവർത്തകനെപോലെ ഏറ്റുവാങ്ങി എന്റെ വഴിക്ക് പോകും. ഞാൻ തൃപ്തനാണ്. -കെ. സുധാകരൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.