ഗൗരിയമ്മക്ക് മാത്രം സ്വന്തമായി രാഷ്ട്രീയ റെക്കോഡുകൾ
text_fieldsസംസ്ഥാനത്തെ ആദ്യ മന്ത്രിസഭാംഗം, ആദ്യ വനിത മന്ത്രി, കൂടുതൽ കാലം മന്ത്രിയായ വനിത, ഇടതു പക്ഷ ഭരണത്തിലും െഎക്യമുന്നണിയിലും ഒരേ പോലെ മന്ത്രിസ്ഥാനം അലങ്കരിച്ച വനിത, ഒരേ സമയം ഭാര്യയും ഭർത്താവും മന്ത്രിസഭയിൽ അംഗങ്ങൾ തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിലെ ഒട്ടനവധി റെക്കോഡുകൾ ഗൗരിയമ്മയുടേത് മാത്രമാണ്. ഐക്യകേരളം രൂപവത്കരിക്കു ന്നതിനുമുേമ്പ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുള്ള ഗൗരിയമ്മയുടെ തെര െഞ്ഞടുപ്പ് ജീവിതം 2011 വരെ നീണ്ടു. സ്വാതന്ത്ര്യം ലഭിച്ചശേഷം സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ തവണ മത്സരിച്ച ഏക വ്യക്തിയും അവർ മാത്രം.
സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള െതരഞ്ഞെടുപ്പുകളിൽ നാലുതവണ മാത്രമാണ് ഗൗരിയമ്മ പരാജയപ്പെട്ടത്. 1948, 1977, 2006, 2011 വർഷങ്ങളിൽ. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയും പ്രതിനിധാനം ചെയ്തു. 2016 തെരഞ്ഞെടുപ്പിന് മുമ്പ് ഇടതു മുന്നണിയിൽ എത്തിയെങ്കിലും സീറ്റുവിഭജനത്തിൽ ജെ.എസ്.എസിനെ ഒഴിവാക്കിയത് അവരെ ഏറെ ദുഃഖിപ്പിച്ചിരുന്നു.
ആദ്യ െതരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഗൗരിയമ്മയുടെ ഓർമയിൽ വരുന്നത് ഒരു പൊട്ടിക്കരച്ചിലാണ്. 1948ൽ ആദ്യ തെരഞ്ഞെടുപ്പ് അങ്കത്തിന് പോരുമുറുകിയ കാലം. ചേർത്തലയിൽ നാമനിർദേശ പത്രിക നൽകണമെന്ന് സാക്ഷാൽ പി. കൃഷ്ണപിള്ള ആവശ്യപ്പെട്ടപ്പോൾ ഗൗരിയമ്മ ആദ്യം ഞെട്ടി, പിന്നെ പൊട്ടിക്കരഞ്ഞു. ചേർത്തല കോടതിയിൽ വക്കീലായ ഗൗരിയമ്മയുടെ വരുമാനമാർഗം അഭിഭാഷകവൃത്തിയിൽനിന്ന് ലഭിക്കുന്നതു മാത്രമായിരുന്നു. മത്സരിച്ച് ജയിച്ചാൽ പണത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമെന്നായിരുന്നു സങ്കടം.
മാത്രമല്ല, മകൾ മികച്ച അഭിഭാഷകയാകണമെന്ന് അദമ്യമായി ആഗ്രഹിച്ചിരുന്ന അച്ഛൻ കളത്തിപ്പറമ്പിൽ രാമൻ വക്കീൽ ജോലി നിർത്തുന്നത് വിഷമമാകുമെന്നും ഗൗരി കരുതി. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന കുമാരപ്പണിക്കർ ഒളിവിലായതിനാൽ അദ്ദേഹത്തിെൻറ ഡമ്മിയായി നാമനിർദേശം സമർപ്പിച്ചാൽ മതിയെന്ന് പി. കൃഷ്ണപിള്ള ആശ്വസിപ്പിച്ചു.
പക്ഷേ, കുമാരപ്പണിക്കർക്ക് െതരഞ്ഞെടുപ്പു വേളയിലും കേസ് ഒഴിവാക്കി പുറത്തുവരാൻ കഴിയാത്തതിനാൽ ഒടുവിൽ ഗൗരിയമ്മക്ക് മത്സരിക്കേണ്ടി വന്നു. പിന്നീട് നടന്നതെല്ലാം കേരളത്തിെൻറ തിളങ്ങുന്ന രാഷ്ട്രീയ ചരിത്രം.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശത്തോടെ നടന്ന ആദ്യ തെരഞ്ഞെടുപ്പുമുതൽ ഗൗരിയമ്മ സ്ഥാനാർഥിയാണ്. 1948ൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി ചേർത്തല മണ്ഡലത്തിലാണ് ആദ്യമത്സരം. ഫലം പരാജയം.
കമ്യൂണിസ്റ്റ് സ്ഥാനാർഥികൾ മുഴുവൻ പരാജയപ്പെട്ട ആ തെരഞ്ഞെടുപ്പിൽ കെട്ടിെവച്ച കാശ് തിരിച്ചുകിട്ടിയ നാല് കമ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു ഗൗരിയമ്മ. സ്റ്റേറ്റ് കോൺഗ്രസിലെ കൃഷ്ണൻ അയ്യപ്പനാണ് വിജയിച്ചതെങ്കിലും വിജയിയെക്കാൾ മണ്ഡലത്തിൽ അറിയപ്പെടുന്നത് താനായിരുന്നെന്ന് ഗൗരിയമ്മയുടെ പക്ഷം. തിരു-കൊച്ചി നിയമസഭയിലേക്ക് 1952ൽ നടന്ന െതരഞ്ഞെടുപ്പിലാണ് കന്നിവിജയം കൈപ്പിടിയിലൊതുക്കിയത്.
1954ലും വിജയം ആവർത്തിച്ചു. കേരള സംസ്ഥാനത്തിെൻറ ആദ്യ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രധാന സ്ഥാനാർഥികളിലൊരാളായി കണക്കാക്കിയാണ് ചേർത്തലയിൽ നിർത്തിയത്. പാർട്ടിയും ഗൗരിയമ്മയും ഒരുപോലെ വിജയിച്ച ആ തെരഞ്ഞെടുപ്പ് ജയത്തോടെ അവർ ആദ്യമായി മന്ത്രിക്കസേരയിലിരുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.